മ്യാന്‍മറില്‍ ഇന്നലെ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മരണം ആയിരം കടന്നതായി റിപ്പോര്‍ട്ട്. ഇതുവരെ 1,002 പേര്‍ക്ക് ജീവന്‍ നഷ്ടമായതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് മ്യാന്‍മറിലെ രണ്ടാമത്തെ നഗരമായ മണ്ടാലെയിലാണ്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് ഏറ്റവും അടുത്തുള്ള പ്രദേശത്തും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മ്യാന്‍മറിലും തായ്ലന്‍ഡിലും രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഭൂചലനത്തില്‍ മ്യാന്‍മറിലെ വിവിധ പ്രദേശങ്ങളിലായി കെട്ടിടങ്ങള്‍, പാലങ്ങള്‍, റോഡുകള്‍ എന്നിവ തകര്‍ന്നു. തായ് തലസ്ഥാനമായ ബാങ്കോക്കില്‍ നിര്‍മ്മാണത്തിലിരുന്ന 30 നിലകളുള്ള ഒരു കെട്ടിടം അപകടത്തില്‍ തകര്‍ന്നു. അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടക്കുന്ന തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ രക്ഷാപ്രവര്‍ത്തകര്‍ തുടരുകയാണ്. അയല്‍രാജ്യമായ തായ്ലന്‍ഡില്‍ ഭൂചലനത്തില്‍ 10 പേര്‍ മരിച്ചു. ബാങ്കോക്കിലെ ചാറ്റുചക് മാര്‍ക്കറ്റിന് സമീപം നിര്‍മ്മാണത്തിലിരുന്ന ഒരു ബഹുനില കെട്ടിടം തകര്‍ന്ന് 100 ഓളം തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
അതേസമയം, ദുരന്തത്തില്‍ സഹായവുമായി ഇന്ത്യ എത്തി. രക്ഷാ സംഘത്തെയും ഒരു മെഡിക്കല്‍ സംഘത്തെയും കൂടാതെ ടെന്റ്, സ്ലീപ്പിങ് ബാങ്ക്, ബ്ലാങ്കറ്റ്, ഭക്ഷണം, വാട്ടര്‍ പ്യൂരിഫയര്‍, സോളാര്‍ ലാമ്പ്, ജനറേറ്റര്‍ അടക്കം 15 ടണ്‍ അടങ്ങുന്ന അടിയന്തരാവശ്യ സാധനങ്ങള്‍ ഇന്ത്യ മ്യാന്‍മറിലേക്ക് അയച്ചു. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍ തിരിച്ചറിയുന്നതിനും സഹായം നല്‍കുന്നതിനും ഞായറാഴ്ച 50 പേരെ അയയ്ക്കുമെന്ന് മലേഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ഐക്യരാഷ്ട്രസഭ 5 മില്യണ്‍ ഡോളര്‍ അനുവദിച്ചു. സഹായവുമായി അമേരിക്കയും എത്തിയിട്ടുണ്ട്. റഷ്യയുടെ അടിയന്തര മന്ത്രാലയം 120 രക്ഷാപ്രവര്‍ത്തകരെയും സാധനങ്ങളെയും വഹിച്ചുകൊണ്ട് രണ്ട് വിമാനങ്ങള്‍ അയച്ചതായി റഷ്യന്‍ സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു.
പ്രാദേശിക സമയം വെള്ളിയാഴ്ച 12.50 ഓടെയാണ് മ്യാന്‍മറിനെ നടുക്കി ഭൂകമ്പമുണ്ടായത്. ഇതിന് പിന്നാലെ 6.4 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവുമുണ്ടായി. മ്യാന്‍മറിലെ സാഗെയിങ് നഗരത്തിന് സമീപമാണ് പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കിയിരുന്നു. ഇതിനിടെ തന്നെയാണ് തായ്ലന്‍ഡിനെയും പിടിച്ചുകുലുക്കി ഭൂകമ്പമുണ്ടാകുന്നത്. ഭൂചലനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിലവില്‍ മ്യാന്‍മറിലും തായ്ലാന്‍ഡിലും സൈന്യം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

പിഎം ശ്രീ : പിണറായി വിജയന്‍ – ബിനോയ് വിശ്വം ചര്‍ച്ച വൈകിട്ട് 3.30ന്;പദ്ധതിയില്‍ പിന്നോട്ടില്ലെന്ന് സിപിഐഎം

പിഎം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവു…