ഇംഫാല്‍: മണിപ്പൂര്‍ വെടിവെപ്പില്‍ ഒരു മരണം. ബിഷ്ണുപൂര്‍ ജില്ലയിലാണ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടത്. ബിഷ്ണുപൂര്‍ ജില്ലയില്‍ 36 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം ഇതോടെ 3 ആയി.
ബിഷ്ണുപൂര്‍ ജില്ലയിലെ നരന്‍സീന ഗ്രാമത്തില്‍ കുക്കി മെയ്‌തെയ് വിഭാഗങ്ങള്‍ തമ്മില്‍ വെടിവെപ്പ് തുടരുന്നതിനിടെയാണ് ഒരാള്‍ കൊല്ലപ്പെട്ട വിവരം പുറത്ത് വരുന്നത്. 36 മണിക്കൂറിലധികമായി ഇവിടെ വെടിവെപ്പ് തുടരുകയാണ്. നേരത്തെ നരന്‍സീന ഗ്രാമത്തിലെ സലാം ജോതിന്‍ സിംഗ് എന്ന കര്‍ഷകന് നേരെ വെടിവെച്ചതോടെയാണ് വെടിവെപ്പ് ആരംഭിച്ചത്. വെടിവെപ്പില്‍ സലാം ജോതിന്‍ സിംഗ് പരിക്കുകളോടെ രക്ഷപ്പെട്ടു. സൈന്യവും അസം റൈഫിള്‍സും പ്രദേശത്ത് നിലനില്‍ക്കുന്നുണ്ട്. സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിനിടെ മണിപ്പൂരിലെ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു. പടിഞ്ഞാറന്‍ ഇംഫാല്‍, തൗബാല്‍ ജില്ലകളിലെ വനമേഖലയിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് 13 ഗ്രനേഡുകള്‍, 10 ഗ്രനേഡ് ലോഞ്ചറുകള്‍, എം -16 റൈഫിള്‍, മറ്റ് ആയുധങ്ങള്‍ എന്നിവ കൂടാതെ 19 സ്ഫോടക വസ്തുക്കളുമാണ് പൊലീസുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍ സുരക്ഷാ സേന കണ്ടെടുത്തത്.