മരട് (കൊച്ചി): കുണ്ടന്നൂരിലെ ബാര്‍ ഹോട്ടലില്‍ അക്രമികള്‍ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് ഒരു പ്രകോപനവും കൂടാതെ.ഹോട്ടല്‍ ഓജീസ് കാന്താരി ബാറില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. ഹോട്ടലിലെത്തിയ രണ്ടുപേര്‍ മദ്യപിച്ചതിന്റെ പണം നല്‍കിയശേഷം തോക്ക് ഉപയോഗിച്ച് ഭിത്തിയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ കൊല്ലം സ്വദേശി റോജന്‍, സുഹൃത്തും അഭിഭാഷകനുമായ ഹറോള്‍ഡ് എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതികളെ ഇന്ന് ബാറിലെത്തിച്ച് തെളിവെടുക്കും.ഇരുവരും മദ്യപിച്ച ശേഷം കൗണ്ടറിലെത്തി പണം നല്‍കി. തുടര്‍ന്ന് കൈയിലുണ്ടായിരുന്ന തോക്ക് പുറത്തെടുത്ത് കൗണ്ടറിലുള്ളവരെ തിരിച്ചും മറിച്ചും കാട്ടി. എന്താണ് സംഭവിക്കുന്നത് എന്ന് ബാര്‍ ജീവനക്കാര്‍ അറിയും മുമ്ബ് ഭിത്തിയിലേക്ക് ചൂണ്ടി രണ്ട് റൗണ്ട് വെടിയുതിര്‍ത്തു. തുടര്‍ന്ന് ഒന്നും സംഭവിക്കാത്തത് പോലെ ഓട്ടോറിക്ഷയില്‍ കയറി പുറത്തേക്ക് പോകുകയും ചെയ്തു.പിന്നീട് ഇരുവരെയും ആലപ്പുഴയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. അര്‍ധരാത്രിയോടെ മരട് പൊലീസ് സ്റ്റേഷനിലെത്തിച്ച ഇരുവരും മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു.സംഭവം ആദ്യം മറച്ചുവെക്കാനാണ് ബാര്‍ ജീവനക്കാര്‍ ശ്രമിച്ചതെന്ന് ആരോപണമുണ്ട്. പകല്‍ നടന്ന സംഭവം രാത്രി ഏഴ് മണിയോടെയാണ് ബാര്‍ അധികൃതര്‍ അറിയിച്ചതെന്ന് പറഞ്ഞ പൊലീസ്, ബാര്‍ താല്‍ക്കാലികമായി അടക്കാന്‍ നിര്‍ദേശിച്ചിരുന്നു. പരിശോധനയില്‍ വെടിയുണ്ട കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് വെടിയുതിര്‍ത്തവരുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇന്ന് ഫോറന്‍സിക് സംഘം പരിശോധന നടത്തും.