പഴയങ്ങാടി: മാട്ടൂല്‍ സെന്‍ട്രലില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് കുത്തേറ്റു. മാട്ടൂല്‍ നോര്‍ത്ത് മൊയ്തീന്‍ പള്ളിക്കു സമീപത്തെ യു.എ.അഷ്‌റഫ് (46), ഭാര്യ എ.സി. സാജിദ (38), മകന്‍ ആദില്‍ (17) എന്നിവര്‍ക്കാണു കുത്തേറ്റത്. മാട്ടൂലിലെ പി.പി. മുബഷീറാണ് കത്തികൊണ്ട് കുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം.വീട്ടില്‍ കയറി മകന്‍ ആദിലിനെ കുത്തുന്നത് തടയുന്നതിനിടയിലാണ് അഷ്‌റഫിന്റെ കൈപ്പത്തിയില്‍ കുത്തേറ്റത്. ആദിലിന് കൈക്കും ഷോള്‍ഡറിനും കുത്തേറ്റിട്ടുണ്ട്. സാജിദയ്ക്കും കഴുത്തിനും ഷോള്‍ഡറിനും പരിക്കേറ്റു. കുടുംബവഴക്കാണ് കത്തിക്കുത്തില്‍ കലാശിച്ചത്. മൂന്നുപേരും പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം മര്‍ദനമേറ്റെന്ന് ആരോപിച്ച് പി.പി. മുബഷീര്‍ ആശുപത്രിയില്‍ ചികിത്സ തേടി.കഴിഞ്ഞദിവസം മാട്ടൂല്‍ സൗത്ത് ബദര്‍പള്ളിക്ക് സമീപത്തെ കടപ്പുറത്ത് വീട്ടില്‍ കെ. ഹിഷാം അഹമ്മദ് (30) കുത്തേറ്റ് മരിച്ചിരുന്നു. തടയാന്‍ ശ്രമിച്ച സുഹൃത്ത് മാട്ടൂല്‍ സൗത്തിലെ ഷക്കീബിനും കുത്തേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മാട്ടൂല്‍ സ്വദേശികളായ റംഷിദ് (32), താജിദ് (30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.പ്രണയബന്ധം ചോദ്യംചെയ്യുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. മേഖലയില്‍ തുടര്‍ച്ചയായി നടക്കുന്ന അക്രമങ്ങളിലും കൊലപാതകത്തിലും നാട്ടുകാര്‍ ഭീതിയിലാണ്. പഴയങ്ങാടി പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.