Kerala Pranamam

മാദ്ധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ട് താലിബാന്‍; കനത്ത നിരീക്ഷണത്തില്‍ മാദ്ധ്യമപ്രവര്‍ത്തകരും സ്ഥാപനങ്ങളും

കാബൂള്‍: അഫ്ഗാനിലെ വാര്‍ത്തകളൊന്നും പുറംലോകം അറിയാതിരിക്കാനായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി താലിബാന്‍.തങ്ങള്‍ക്ക് എതിരായി നിന്ന മാദ്ധ്യമപ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ചു വധിക്കുന്നത് തുടരുന്ന താലിബാന്‍ പ്രമുഖ മാദ്ധ്യമങ്ങള്‍ക്കും മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും കൂച്ചുവിലങ്ങിടുകയാണ്. സൈന്യ ത്തിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് എല്ലാ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും പിന്നാലെയുള്ളത്. അഫ്ഗാനിലെ മാദ്ധ്യമ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്(സിപിജെ) എന്ന സംഘടനയാണ് വാര്‍ത്ത പുറത്തു വിട്ടത്. ആഗോള മനുഷ്യാവകാശ സംഘടനകള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.താലിബാന്‍ ആഭ്യന്തരമായി നടത്തുന്ന ആക്രമണങ്ങളും ഭീകരതയും കൂട്ടക്കൊലയും ഭരണരംഗത്തെ അഴിമതിയും പുറത്തുവരുന്നില്ല. ഏതെങ്കിലും വാര്‍ത്തകള്‍ പുറത്തുവന്നാല്‍ അത്തരം മാദ്ധ്യമസ്ഥാപനങ്ങള്‍ ഒന്നാകെ തകര്‍ക്കുകയും മാദ്ധ്യമപ്രവര്‍ത്തകരെ കുടുംബത്തോടെ ഇല്ലാതാക്കലുമാണ് രീതി. ജനുവരി19ന് താലിബാന്റെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സാണ് മുന്നറിയിപ്പ് നല്‍കിയത്.ഭരണകൂടത്തിനെതിരായ ഒരു വാര്‍ത്തപോലും നല്‍കരുതെ ന്നായിരുന്നു അന്ത്യശാസനം. 2021 സെപ്തംബര്‍ 19ന് 11 പുതിയ മാദ്ധ്യമ നിയമങ്ങളാണ് താലിബാന്‍ പുറത്തിറക്കിയത്.ഹഖ്വാനി വിഭാഗം താലിബാന്റെ നിയന്ത്രണം ഏറ്റെടുക്കുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നത് താലിബാന് വലിയ ക്ഷീണമായിരുന്നു. താലിബാന്റെ ആഭ്യന്തര നേതൃത്വപ്രശ്നവും ഐഎസ് നിയന്ത്രണം പിടിക്കാന്‍ നോക്കുന്നതും പാകിസ്താന്‍ നിരന്തരം നടത്തുന്ന ഇടപെടലുകളും അഫ്ഗാനിലെ ഭരണത്തെ താറുമാറാക്കിയി രിക്കുകയാണ്. ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളാണ് ഗ്രാമങ്ങളിലുള്ള സ്ത്രീകളുടേയും കുട്ടികളുടേയും ഭക്ഷണം, ആരോഗ്യം എന്നിവ കൈകാര്യം ചെയ്യുന്നത്. മുപ്പത് ലക്ഷത്തിലധികം കുട്ടികള്‍ പോഷകാഹാര കുറവ് ബാധിച്ചവരാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.സിപിജെയുടെ കണക്കുപ്രകാരം താലിബാന്‍ അഫ്ഗാന്‍ പിടിക്കും മുന്നേ മാദ്ധ്യമ രംഗത്ത് 4090 പുരുഷന്മാരും 979 സ്ത്രീകളും സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ആറു മാസം കൊണ്ട് 2091 പുരുഷന്മാരായും 243 സ്ത്രീകളായും മാദ്ധ്യമ പ്രവര്‍ത്തകരുടെ എണ്ണം നേര്‍പകുതിയായിരിക്കുകയാണ്.