മണ്ണഞ്ചേരി : വിശപ്പുരഹിത മാരാരിക്കുളം പദ്ധതിയുടെ അടുത്ത ഘട്ടമായി മാരാരിക്കുളത്ത് ‘കറി പോയിന്റുകള്‍’ ആരംഭിക്കുന്നു. ജോലിത്തിരക്കില്‍ വീട്ടില്‍ ഭക്ഷണം പാചകം ചെയ്യാന്‍ സമയം ലഭിക്കാത്തവര്‍ക്ക് കറികള്‍ തയ്യാറാക്കി വീടുകളില്‍ എത്തിച്ചു കൊടുക്കുന്നതാണ് പദ്ധതി. സ്ത്രീകള്‍ അടുക്കളയില്‍ ചെലവഴിച്ചിരുന്ന സമയം ലാഭിക്കാനുമാകും. വിശപ്പുരഹിത മാരാരിക്കുളം പദ്ധതിയുടെ നാലാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യവേ മുന്‍മന്ത്രി ടി എം തോമസ് ഐസക്കാണ് ഇത് പറഞ്ഞത്. രാവിലെ ജനകീയ അടുക്കളയിലെത്തി അരി കഴുകി അടുപ്പത്ത് ചെമ്പിലിട്ടാണ് ഉദ്ഘാടനം ചെയ്തത്. ഡോര്‍ ഡെലിവറി ചാര്‍ജ് കൂടി ഉള്‍പ്പെടുത്തിയാകും വില നിശ്ചയിക്കുക. ജനകീയ ഹോട്ടലുകളുടെ മാതൃകയില്‍ കൂടുതല്‍ ഫുഡ് ഔട്ട്ലറ്റുകള്‍ സ്ഥാപിക്കുമെന്നും ഐസക് പറഞ്ഞു. കഴിഞ്ഞ സാമ്പത്തികവര്‍ഷം വരെയുള്ള കണക്കുകളും പ്രസിദ്ധീകരിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രന്‍, ജില്ലാപഞ്ചായത്തംഗം ആര്‍ റിയാസ്, ബ്ലോക്ക് പഞ്ചായത്തംഗം ടി എ സുയമോള്‍, പഞ്ചായത്തംഗം ധനലക്ഷ്മി, പി കൃഷ്ണപിള്ളസ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ കെ വി രതീഷ്, പി വിനീതന്‍, വി കെ ഉല്ലാസ് തുടങ്ങിയവര്‍ പങ്കെടുത്തു.