Kerala Pranamam

യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു; രാഷ്ട്രപതി സ്ഥാനാര്‍ഥിയാകും, യോഗം ഉടന്‍

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിന് പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരാനിരിക്കെ, യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു.പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി സിന്‍ഹ എത്തുമെന്നാണ് വിവരം. രാഷ്ട്രീയ രംഗത്ത് തനിക്ക് അവസരം തന്ന മമത ബാനര്‍ജിയോടുള്ള കടപ്പാട് അദ്ദേഹം രാജിവയ്ക്കുന്ന വേളയില്‍ എടുത്തു പറഞ്ഞു.അടുത്തിടെയാണ് യശ്വന്ത് സിന്‍ഹ തൃണമൂലില്‍ ചേര്‍ന്നത്. എന്നാല്‍ രാഷ്ട്രപതി സ്ഥാനാര്‍ഥികളായി പ്രതിപക്ഷം കണ്ടുവച്ചിരുന്ന മൂന്നു പേരും പിന്‍മാറിയതോടെ യശ്വന്ത് സിന്‍ഹയെ മല്‍സരിപ്പിക്കാമെന്ന് ചര്‍ച്ച വരികയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് അംഗമായിരിക്കുന്ന വേളയില്‍ യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കില്ലെന്നും മല്‍സരിക്കണമെങ്കില്‍ അദ്ദേഹം രാജിവയ്ക്കട്ടെ എന്നും കോണ്‍ഗ്രസും ഇടതുപക്ഷവും നിലപാട് സ്വീകരിച്ചു. ഈ പശ്ചാത്തലത്തിലാണ് യശ്വന്ത് സിന്‍ഹ തൃണമൂലില്‍ നിന്ന് രാജിവച്ചിരിക്കുന്നത്.