Kerala Pranamam

യുക്രൈന്‍ പ്രതിസന്ധി; രാഷ്ട്രപതിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം മാറ്റിവച്ചു

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ത്രിരാഷ്ട്ര സന്ദര്‍ശനം മാറ്റിവച്ചു. യുക്രൈനിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. യുക്രൈനിലെ ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിന് പ്രഥമപരിഗണനയെന്ന് രാഷ്ട്രപതി ഭവന്‍ വ്യക്തമാക്കി. ഇതിനിടെ കീവില്‍ നിന്ന് ആയിരത്തോളം വിദ്യാര്‍ത്ഥികളെ അതിര്‍ത്തിയില്‍ എത്തിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. കീവില്‍ കര്‍ഫ്യുവിന് ഇളവ് വന്നാല്‍ കൂടുതല്‍ ആളുകളെ ഒഴിപ്പിക്കും.ഇതിനിടെ യുക്രൈനില്‍ നിന്ന് ഏഴാമത്തെ രക്ഷാദൗത്യ വിമാനം മുംബൈയിലെത്തി. റൊമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്നുള്ള വിമാനത്തില്‍ 182 ഇന്ത്യക്കാരുണ്ട്. ഇതോടെ യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാരുടെ എണ്ണം 1567 ആയി. യുക്രൈന്‍ അതിര്‍ത്തി രാജ്യങ്ങളായ ഹങ്കറി, റൊമാനിയ, സ്ലോവാക്യ, പോളണ്ട്, മള്‍ഡോവ എന്നീ രാജ്യങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഏകോപന ചുമതല കേന്ദ്രമന്ത്രിമാര്‍ക്കാണ്. ഹര്‍ദീപ് സിങ്ങ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു, വി.കെ സിംഗ് എന്നിവരാണ് ഈ രാജ്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.പോളണ്ട്, മള്‍ഡോവ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുന്നതിനായി മന്ത്രിമാര്‍ നീക്കം തുടങ്ങിയിട്ടുണ്ട്. പോളണ്ടിലെ ശഷു വിമാനത്താവളത്തിനടുത്താണ് അതിര്‍ത്തി കടന്നെത്തിയവരെ താമസിപ്പിക്കുന്നത്. നിലവില്‍ കിയവില്‍ നിന്നും 800 ഇന്ത്യക്കാര്‍ അതിര്‍ത്തി പ്രദേശത്തേക്കെത്തി. അതേസമയം, ട്രെയിനില്‍ ഇന്ത്യക്കാരെ കയറ്റാന്‍ എംബസി ഇടപെട്ടു. ഇന്ത്യക്കാരെ ട്രെയിനില്‍ കയറാന്‍ നേരത്തേ അനുവദിച്ചിരുന്നില്ല. അംബാസഡര്‍ പാര്‍ത്ഥസത്പതി യുക്രൈന്‍ മന്ത്രിയുമായി സംസാരിച്ചതിനെ തുടര്‍ന്നാണ് പ്രവേശനം ലഭിച്ചത്.