കീവ്: റഷ്യ- യുക്രെയിന്‍ പ്രതിസന്ധി ശക്തമാകുന്നതിനിടെ പ്രകോപന നടപടിയുമായി റഷ്യ. കിഴക്കന്‍ യുക്രെയിനിലെ ഡോണ്‍ബാസ് മേഖലയിലെ രണ്ട് വിമത പ്രദേശങ്ങളുടെ സ്വാതന്ത്യ്രപ്രഖ്യാപനം നടത്തിയാണ് റഷ്യയുടെ പ്രകോപനം.റഷ്യയുടെ അധിനിവേശം തടയാനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ക്ക് ഇതോടെ വലിയ തിരിച്ചടിയായിരിക്കുകയാണ്.ഡോണ്‍ബാസ് മേഖലയിലെ സ്വയം പ്രഖ്യാപിത പീപ്പിള്‍ റിപ്പബ്‌ളിക്കുകളായ ഡൊണെട്സ്‌ക്, ലൂഹാന്‍സ്‌ക് പ്രവിശ്യകള്‍ ഇനിമുതല്‍ സ്വതന്ത്ര രാജ്യമായിരിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിക്കുകയായിരുന്നു. 2014 മുതല്‍ യുക്രെയിന്‍ സേനയ്‌ക്കെതിരെ പോരാടുന്ന റഷ്യന്‍ പിന്തുണയുള്ള വിമത പ്രദേശങ്ങളാണിവ. യുക്രെയിനിലെ ക്രെംലിനിലെ വിമത നേതാക്കളുമായി പുടിന്‍ ഇന്ന് സൗഹൃദ ഉടമ്ബടികളില്‍ ഒപ്പുവച്ചു. യുക്രെയിന്‍ വിമതരെ സ്വതന്ത്രരായി പ്രഖ്യാപിക്കുന്നതിനെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്ക് ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കിയിരുന്നു.എന്നാല്‍ ഇവയെല്ലാം കാറ്റില്‍പ്പറത്തിയാണ് റഷ്യയുടെ പുതിയ നീക്കം. ഇതിന് പിന്നാലെ അധിനിവേശം ചെറുക്കുന്നതിനായി ശ്രമങ്ങള്‍ നടത്തിയിരുന്ന അമേരിക്ക ഡൊണെട്സ്‌ക്, ലൂഹാന്‍സ്‌ക് മേഖലയില്‍ സാമ്ബത്തിക ഉപരോധം ഏര്‍പ്പെടുത്തി. റഷ്യയില്‍ നാളെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനും അമേരിക്ക ഒരുങ്ങുകയാണ്.റഷ്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് പിന്നാലെ യുക്രെയിനിന്റെ അഭ്യര്‍ത്ഥന പ്രകാരം യു എന്‍ സുരക്ഷാ സമിതി ഇന്ന് അടിയന്തിര യോഗം ചേരും. യോഗത്തില്‍ അമേരിക്ക, അഞ്ച് യൂറോപ്യന്‍ രാജ്യങ്ങള്‍, മെക്‌സിക്കോ എന്നിവര്‍ പങ്കെടുക്കും. എല്ലാ ഭാഗത്തുനിന്നും സംയമനം പാലിക്കണമെന്നും നയതന്ത്ര ചര്‍ച്ചയിലൂടെ മാത്രമേ പ്രശ്‌നത്തിന് പരിഹാരം കാണാനാകൂവെന്നും കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന യോഗത്തില്‍ ഇന്ത്യ അറിയിച്ചിരുന്നു.