Kerala Pranamam

രക്ഷാദൗത്യത്തിന് വ്യോമസേനയും; സി-17 വിമാനങ്ങള്‍ ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമാകും

യുക്രൈനിലെ ഒഴിപ്പിക്കല്‍ ദൗത്യത്തിന് വ്യോമസേനയും പങ്കാളികളാകും. ഇന്നുമുതല്‍ സി-17 വിമാനങ്ങള്‍ ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമാകും. രക്ഷാദൗത്യം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചു. മാത്രമല്ല ഇന്ത്യക്കാര്‍ ഉടന്‍ കീവ് വിടണമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ട്രെയിനുകളോ മറ്റു മാര്‍ഗങ്ങളോ ഉപയോഗിക്കാന്‍ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു. കേഴ്സണ്‍ നഗരം റഷ്യ പിടിച്ചെടുത്തു. നഗരത്തിലെ റോഡുകള്‍ പൂര്‍ണമായും റഷ്യന്‍ സേന അടച്ചു. ചെക്പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. 40 മൈല്‍ ദൂരത്തിലുള്ള റഷ്യന്‍ സൈനിക വാഹന വ്യൂഹം ഉടന്‍ കീവില്‍ പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.അതേസമയം ആളുകള്‍ നേരിട്ട് അതിര്‍ത്തിയിലേക്ക് എത്തരുതെന്നും അതിര്‍ത്തിയില്‍ തിരക്കുണ്ടെന്നും ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു. സമീപമുള്ള നഗരങ്ങളില്‍ തങ്ങണം. എംബസി സംഘവുമായി ആശയവിനിമയം നടത്തിയതിന് ശേഷം മാത്രം നീങ്ങണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് നിര്‍ദേശിച്ചിരുന്നു. പോളണ്ട് അതിര്‍ത്തി വഴി ബസ് സര്‍വീസ് തുടങ്ങി. പോളണ്ടില്‍ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹംഗറി വഴി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കും. മോള്‍ഡോവയില്‍ നിന്ന് ആളുകളെ റൊമാനിയയില്‍ എത്തിച്ചാകും ഇന്ത്യയിലേക്ക് കൊണ്ടുവരികയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.പാസ്പോര്‍ട്ട് നഷ്ടപ്പെട്ട പലര്‍ക്കും തിരിച്ചെത്താനുള്ള മാര്‍ഗമില്ലെന്ന് ആശങ്കയറിയിച്ചതിനെ തുടര്‍ന്ന് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തീരുമാനമായിരുന്നു. വിദേശകാര്യ സെക്രട്ടറി ഇക്കാര്യം പാര്‍ലമെന്റിന്റെ വിദേശകാര്യ സ്ഥിരം സമിതിയെ അറിയിച്ചിരുന്നു. യുക്രൈനില്‍ നിന്നെത്തുന്ന ഇന്ത്യക്കാര്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും വിമാനത്താവളത്തിലെത്തുന്നതിന് മുന്‍പുള്ള കൊവിഡ് പരിശോധനയും വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിയിരുന്നു. തീരുമാനങ്ങള്‍ സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു.കീവിലെ മുസോവയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ആക്രമണമുണ്ടായി. കഴിഞ്ഞ 48 മണിക്കൂറിനിടെ ഖാര്‍ക്കീവിലാണ് ഏറ്റവും കൂടുതല്‍ ആക്രമണമുണ്ടായത്. ഖാര്‍ക്കീവില്‍ മാത്രം 12ലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് ലക്ഷത്തിലധികം പേര്‍ ഇവിടെ നിന്നും പലായനം ചെയ്തെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്.