തിരുവനന്തപുരം ന്മ കോടതിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യം നേടാന്‍ ശ്രമിച്ചതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍, സിപിഎമ്മിനെയും സംസ്ഥാന സര്‍ക്കാരിനെയും വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രാഹുല്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിയിക്കാനാണ് വെല്ലുവിളി. ഈ സര്‍ക്കാര്‍ അധികാരം ദുരുപയോഗം ചെയ്യുന്നതില്‍ ആഹ്ലാദിക്കുകയാണെന്ന് സതീശന്‍ വിമര്‍ശിച്ചു. സര്‍ക്കാരിന് ഉപദേശം കൊടുക്കുന്നവര്‍ അവരുടെ ശത്രുക്കളാണെന്നു തെളിയിക്കുന്ന രീതിയിലാണു കാര്യങ്ങള്‍ നടക്കുന്നതെന്ന് സതീശന്‍ പരിഹസിച്ചു. പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനത്തെ അടിച്ചമര്‍ത്തുക എന്ന സ്റ്റാലിനിസ്റ്റ് നയമാണ് പിണറായി വിജയന്‍ കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.’നിയമവിരുദ്ധമായിട്ടാണ് ഈ സര്‍ക്കാര്‍ കാര്യങ്ങളെല്ലാം ചെയ്യുന്നത്. എന്നിട്ടാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി, വ്യാജ സര്‍ട്ടിഫിക്കറ്റാണ് രാഹുല്‍ ഹാജരാക്കിയതെന്ന ആക്ഷേപം ഉന്നയിക്കുന്നത്. സിപിഎമ്മിനെയും സംസ്ഥാന സര്‍ക്കാരിനെയും ഞങ്ങള്‍ വെല്ലുവിളിക്കുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിയില്‍ ഹാജരാക്കിയത് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്നു തെളിയിക്കാന്‍ സിപിഎമ്മിനെയും സര്‍ക്കാരിനെയും ഞങ്ങള്‍ വെല്ലുവിളിക്കുകയാണ്. രോഗം ബാധിച്ച ഒരാള്‍ ചികിത്സ തേടുന്നതിനെ വ്യാജ സര്‍ട്ടിഫിക്കറ്റാണെന്നു പറയുന്ന വിവരക്കേട്… ഇത് എന്തൊരു വില കുറഞ്ഞ രാഷ്ട്രീയമാണ്? ആര്‍ക്കും അസുഖം വരാന്‍ പാടില്ലേ? പൊലീസ് മര്‍ദ്ദനത്തിലാണ് അദ്ദേഹത്തിന്റെ ശിരസില്‍ പരുക്കേറ്റത് എന്നാണ് ഞങ്ങള്‍ വിചാരിച്ചത്. അതിനു ശേഷമാണ് ഈ സംഭവമുണ്ടായത്.’ഇവിടെയുണ്ടായിരുന്ന പ്രധാനപ്പെട്ട നേതാക്കളെല്ലാം രാഹുലിനെ ആശുപത്രിയില്‍ പോയി കണ്ടതാണ്. ഞാന്‍ സ്ഥലത്തില്ലായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ബെംഗളൂരുവിലേക്കു കൊണ്ടുപോകാന്‍ എല്ലാം ബുക് ചെയ്ത് വച്ചിരുന്നതാണ്. അതുകൊണ്ട് ജയിലില്‍ പോകുമ്പോള്‍ ഞങ്ങള്‍ക്കു ഭയമുണ്ടായിരുന്നു. അതു ജയിലില്‍ പോകാനുള്ള ഭയമല്ല. ഈ ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റില്‍ സ്റ്റേബിള്‍ എന്നല്ലാതെ എന്താണ് എഴുതുക? ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നത് എപ്പോഴാണ്? സ്റ്റേബിള്‍ ആകുമ്പോഴല്ലേ? എന്നിട്ട് ആള്‍ക്ക് വിശ്രമം നിര്‍ദ്ദേശിക്കുകയല്ലേ ചെയ്യുന്നത്? ഒരാള്‍ക്കു പ്രശ്‌നമുണ്ടെന്നു പറഞ്ഞ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമോ? ഇവര്‍ എന്തൊക്കെയാണ് പറയുന്നത്. ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ സ്റ്റേബിള്‍ ആണെന്നു പറഞ്ഞത്രേ. ‘ന്യൂറോ പരിശോധന നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റല്ലേ രാഹുല്‍ ഹാജരാക്കിയത്? കോടതി നടത്തിയ പരിശോധനയോ? ബിപി നോക്കുന്നതിനുള്ള പരിശോധനയും. ന്യൂറോ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ആള്‍ക്ക് രോഗമുണ്ടോ എന്നറിയാന്‍ ബിപി നോക്കിയാല്‍ മതിയോ? ബിപി നോക്കിയപ്പോള്‍ അത് 160 ആയിരുന്നു. ഇക്കാര്യം എഴുതാനായി ഡോക്ടര്‍ പോയപ്പോള്‍ ജനറല്‍ ആശുപത്രിയിലെ ആര്‍എംഒയെ സ്വാധീനിച്ച് കുറേക്കൂടി കഴിഞ്ഞിട്ട് എടുത്താല്‍ മതിയെന്ന് പറഞ്ഞു. അതോടെ ബിപി 150 ആയി. അങ്ങനെ നോര്‍മല്‍ ആണ് എന്ന് ആര്‍എംഒ എഴുതി. ഇവരെല്ലാം ഇതിനു കൂട്ടുനില്‍ക്കുകയാണ്. ”യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ ജയിലിലടയ്ക്കാനുള്ള ശ്രമങ്ങളായിരുന്നു ഇതെല്ലാം. ഇതിനിടെ കന്റോണ്‍മെന്റ് എസ്എച്ച്ഒയെ ഉപയോഗിച്ചുള്ള അഭ്യാസങ്ങള്‍ വേറെ. ആര്‍എംഒയെ വരെ സ്വാധീനിച്ച് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കി. അതാണ് വ്യാജ സര്‍ട്ടിഫിക്കറ്റ്. അല്ലാതെ രാഹുല്‍ ഹാജരാക്കിയതല്ല.” – സതീശന്‍ പറഞ്ഞു.സമരവും പ്രക്ഷോഭവും നടത്തിയാല്‍ അറസ്റ്റിലായി ജയിലില്‍ കിടക്കേണ്ടി വരുമെന്നും അതിനെ നേരിടാന്‍ നല്ല ആര്‍ജവമാണു വേണ്ടതെന്ന് എം.വി. ഗോവിന്ദന്‍ ഇന്നലെ പറഞ്ഞിരുന്നു. അറസ്റ്റ് ചെയ്തപ്പോള്‍ രക്തം കട്ടപിടിക്കുന്ന അസുഖമുണ്ടെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണു രാഹുല്‍ ജാമ്യത്തിനു ശ്രമിച്ചത്. കോടതി പരിശോധനയ്ക്ക് അയച്ചപ്പോള്‍ ഒരു രോഗവും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇയാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായതു തന്നെ കൃത്രിമ മാര്‍ഗത്തിലൂടെയാണ്. ഈ ഭരണകാലത്ത് എസ്എഫ്‌ഐ നേതാക്കളെയും പൊലീസ് വീട്ടില്‍നിന്നു പിടിച്ചുകൊണ്ടുപോയിട്ടുണ്ട്. സമരവും പ്രക്ഷോഭവും എന്നൊക്കെ പറയുമ്പോള്‍ ഇതൊക്കെ സ്വാഭാവികമാണെന്നും ഗോവിന്ദന്‍ പറഞ്ഞിരുന്നു.