ന്യൂഡല്‍ഹി: റഫാല്‍ വിമാന ഇടപാടിനെക്കുറിച്ചുള്ള സുപ്രിം കോടതിയിലെ വാദപ്രതിവാദങ്ങള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് കേസ് വിധിപറയാന്‍ മാറ്റി. വാദത്തിനിടയില്‍ റഫാല്‍ വിമാനങ്ങളുടെ സാങ്കേതിക വശം വിശദീകരിക്കുന്നതിന് വ്യോമസേനാ ഉന്നതോദ്യോഗസ്ഥനെ കോടതി വിളിച്ചുവരുത്തി. എയര്‍ വൈസ് മാര്‍ഷല്‍ ടി ചലപതിയാണ് കോടതിയുടെ നിര്‍ദേശപ്രകാരം ഹാജരായത്. വിമാനത്തിന്റെ സാങ്കേതിക വശങ്ങള് വിശദീകരിക്കാന്‍ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥന് മതിയാകില്ലെന്നും വ്യോമസേനാ ഉദ്യോഗസ്ഥന് എത്തണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
അതേസമയം റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പഴയ കരാര്‍ പരിഗണനയിലിരിക്കെ എന്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി 2015ല്‍ പുതിയ കരാറുണ്ടാക്കിയതെന്ന് കേന്ദ്രസര്‍ക്കാരിനോട് ജസ്റ്റിസ് കെ എം ജോസഫ് ചോദിച്ചു. 2015 ഏപ്രിലില്‍ പ്രധാനമന്ത്രി എങ്ങനെയാണ് ഈ കരാറിന്റെ വിശദാംശങ്ങള്‍ എല്ലാം തന്നെ പരസ്യമാക്കിയത് എന്നുള്ളതായിരുന്നു വാദത്തിനിടെ കെ എം ജോസഫ് ചോദിച്ചത്. ഇതിനുശേഷമാണ് കരാറിലെത്തിയതെന്നാണ് രേഖകളില്‍ പറയുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. യുപിഎ കാലത്തുണ്ടാക്കിയ 126 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ നിലനില്‍ക്കെ പുതിയ കരാര്‍ എങ്ങനെ പ്രഖ്യാപിച്ചുവെന്നതായിരുന്നു കെ എം ജോസഫിന്റെ ചോദ്യം.
റഫാല്‍ വിലയില്‍ ഇപ്പോള്‍ ചര്‍ച്ച വേണ്ടെന്നു സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. വില വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് കോടതി തീരുമാനിച്ചാല്‍ മാത്രം ഇക്കാര്യം ചര്‍ച്ച ചെയ്താല്‍ മതിയെന്നും ഗൊഗോയ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ റഫാല്‍ ഇടപാടു കോടതി വിലയിരുത്തുന്നതിനെ കേന്ദ്രം എതിര്‍ത്തു. ഇടപാടു വിലയിരുത്തേണ്ടതു വിദഗ്ധരാണെന്നും കോടതി അല്ലെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്യുടെ ഒന്നാം നമ്പര്‍ കോടതിമുറിയില്‍ നാലു മണിക്കൂറിലേറെ നീണ്ട വാദത്തില്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലാണ് കേന്ദ്രത്തിനുവേണ്ടി വാദിച്ചത്.
36 റഫാല്‍ വിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വന്‍ക്രമക്കേട് നടന്നുവെന്ന ആരോപണം ഉയരുന്നത്. ഇതിന് പിന്നാലെ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നെന്ന് ഹര്‍ജിക്കാരനായ എംഎല് ശര്‍മ കോടതിയെ അറിയിച്ചു. റഫാല്‍ ഇടപാട് റിലയന്‍സിന് നല്‍കാനാണ് പ്രധാനമന്ത്രി പദ്ധതിയില്‍ മാറ്റം വരുത്തിയതെന്ന് മറ്റൊരു ഹര്‍ജിക്കാരനായ പ്രശാന്ത് ഭൂഷണ് വ്യക്തമാക്കി. മോഡി പദ്ധതി പ്രഖ്യാപിച്ച് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും ഒരു റഫാല്‍ വിമാനം പോലും വന്നില്ലെന്നുമാത്രമല്ല ഫ്രഞ്ച് സര്‍ക്കാര്‍ ഒരുതരത്തിലുള്ള ഉറപ്പും നല്‍കിയിട്ടില്ല. അധികാരത്തിലിരിക്കുന്നവര്‍ പദവി ദുരുപയോഗം ചെയ്തെന്നും ദസോയുടെ ഓഫ്സെറ്റ് പങ്കാളി ആരാണെന്ന് കേന്ദ്രസര്‍ക്കാരിന് അറിയില്ലെന്നാണ് പറയുന്നതെന്നും പ്രശാന്ത് ഭൂഷണ് കോടതിയെ അറിയിച്ചു. റഫാലില്‍ അന്വേഷണം ആവശ്യപ്പെട്ട് മനോഹര്‍ ലാല്‍ ദണ്ഡ, പ്രശാന്ത് ഭൂഷണ്, കേന്ദ്രമന്ത്രിമാരായിരുന്ന അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ തുടങ്ങിയവരാണ് പൊതുതാല്പര്യ ഹര്‍ജികള്‍ നല്‍കിയത്.
അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു
അയ്യനെ തൊഴുത് രാഷ്ട്രപതി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദര്‍ശനം പൂ…












