Kerala Pranamam

റഷ്യ അമേരിക്ക യുദ്ധത്തിന് കളമൊരുങ്ങുന്നു; റഷ്യയെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് ബൈഡന്‍

റഷ്യയെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്ത് വന്നതോടെ റഷ്യ അമേരിക്ക യുദ്ധത്തിന് കളമൊരുങ്ങുന്നു എന്ന സൂചനകളാണ് പുറത്ത് വരുന്നത്.യുക്രെയ്നില്‍ നടത്തുന്ന അധിനിവേശത്തിന് റഷ്യ മറുപടി നല്‍കേണ്ടി വരുമെന്ന് ബൈഡന്‍ പുടിന് മുന്നറിയിപ്പ് നല്‍കി.യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്രെയ്ന്‍ ജനതയ്ക്കൊപ്പമാണ് അമേരിക്കയെന്ന് അദ്ദേഹം പറഞ്ഞു.യുക്രെയ്നുള്ള പിന്തുണയും സഹായവും തുടരുമെന്ന് അദ്ദേഹം അറിയിച്ചു.യുക്രെയ്ന്‍ പ്രതിനിധിയെ സഭയിലിരുത്തി കരഘോഷങ്ങളോടെയാണ് അമേരിക്ക യുക്രെയ്നൊപ്പമാണെന്ന് ബൈഡന്‍ പ്രഖ്യാപിച്ചത്. യുക്രെയെന്‍ ജനതയ്ക്കൊപ്പം ലോക മനസാക്ഷിയും യൂറോപ്പും, പടിഞ്ഞാറന്‍ രാജ്യങ്ങളുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.പുടിന്‍ സ്വേച്ഛാധിപതിയാണെന്ന് ആരോപിച്ചു.പുടിന്റെ കണക്കുകൂട്ടലുകള്‍ എല്ലാം പിഴച്ചുവെന്നും റഷ്യ ഒറ്റപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക സ്വാതന്ത്ര്യത്തിന്റെ അടിത്തറയിളക്കാനാണ് ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. പ്രകോപനമില്ലാതെയാണ് റഷ്യ സൈനിക നടപടി ആരംഭിച്ചത്. അതേസമയം അമേരിക്ക റഷ്യയില്‍ നേരിട്ട് സൈനിക ഇടപെടല്‍ നടത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.വെടിനിര്‍ത്തല്‍ പ്രഖ്യാപനമുണ്ടാകാത്ത സാഹചര്യത്തില്‍ ഏഴാം ദിവസവും ഉക്രൈനില്‍ ആക്രമണം ശക്തമാക്കി റഷ്യ. റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.വിവിധ ഇടങ്ങളിലായി ഉണ്ടാകുന്ന സ്ഫോടനങ്ങളില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. ഉക്രൈന്റെ സൈനിക കേന്ദ്രങ്ങളാണ് റഷ്യയുടെ പ്രധാന ലക്ഷ്യം. ഉക്രൈന്‍ തലസ്ഥാനമായ കിയവ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും റഷ്യ ശക്തമാക്കിയതോടെ നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ആക്രമണമുണ്ടായി. അതിനിടെ കിയവിലെ ടെലിവിഷന്‍ ടവര്‍ റഷ്യ തകര്‍ത്തു. ഇതേത്തുടര്‍ന്ന് കിയവിലെ ടെലിവിഷന്‍ ചാനലുകളുടെ സംപ്രേഷണവും നിലച്ചു. ഒറ്റക്കാണെങ്കിലും റഷ്യക്കെതിരെ പോരാട്ടം തുടരുമെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്ളാദിമര്‍ സെലന്‍സ്‌കി പറഞ്ഞു. റഷ്യ ഒരു തീവ്രവാദ രാഷ്ട്രമായി മാറി, അവരോട് ആരും ക്ഷമിക്കില്ല.ഓരോ ഉക്രൈന്‍ പൗരന്മാരും നിലവിലുള്ള പ്രതിസന്ധിയെ അതിജീവിക്കാനുള്ള ശ്രമത്തിലാണെന്നും സെലന്‍സ്‌കി പറഞ്ഞു.ലോകത്തിന്റെ പല ഭാഗങ്ങളില്‍ റഷ്യന്‍ ആക്രമണത്തിനെതിരെയും സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും പ്രതിഷേധ പ്രകടനങ്ങള്‍ തുടരുകയാണ്.യുദ്ധത്തെ അഭിമുഖീകരിക്കുന്ന രാജ്യത്തിന് അടിയന്തര അംഗത്വം നല്‍കാനുള്ള നടപടികളുടെ ഭാഗമായി ഉക്രൈന് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നല്‍കാന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് ശുപാര്‍ശ ചെയ്തു. ഉക്രൈന് കൂടുതല്‍ പ്രതിരോധ സഹായം ആവശ്യപ്പെട്ട് സെലന്‍സ്‌കി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ചു.എത്രയും പെട്ടന്ന് റഷ്യയെ തടയണമെന്ന് സെലന്‍സ്‌കി ജോ ബൈഡനോട് ആവശ്യപ്പെട്ടു.റഷ്യക്കെതിരായ ഉപരോധങ്ങളും സംഭാഷണത്തില്‍ ചര്‍ച്ചയായി.