Kerala Pranamam

ലോകനിലവാരമുള്ള വാട്ടര്‍ ടൂറിസം കേന്ദ്രമാകാന്‍ ആലപ്പുഴ; 74.95 കോടിയുടെ പദ്ധതി, പ്രവൃത്തികള്‍ ഉടന്‍ തുടങ്ങും

ആലപ്പുഴ: ആലപ്പുഴയെ ലോകനിലവാരത്തിലുള്ള ജല വിനോദസഞ്ചാരകേന്ദ്രമാക്കി പരിവര്‍ത്തനം ചെയ്യുന്നതിനുള്ള ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ് പദ്ധതിയുടെ നിര്‍മാണപ്രവൃത്തികള്‍ ഉടന്‍ തുടങ്ങും. പദ്ധതിക്ക് 74.95 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ധനസഹായം ഉള്‍പ്പെടെ വിനിയോഗിച്ച് പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് നടപ്പാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനെയാണ് പദ്ധതി നടത്തിപ്പിനുള്ള നോഡല്‍ ഏജന്‍സിയായി നിശ്ചയിച്ചിട്ടുള്ളത്.സ്വദേശ് ദര്‍ശന്‍ -രണ്ട് പദ്ധതിയുടെ ഭാഗമായാണ് ആലപ്പുഴ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. പദ്ധതി ആരംഭിക്കുന്നതിനു മുന്നോടിയായുള്ള യോഗം കളക്ടര്‍ അലക്‌സ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ എംഎല്‍എമാരായ പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം എന്നിവരുടെ സാന്നിധ്യത്തില്‍ നടന്നു. ആലപ്പുഴ ബീച്ചിന്റെ വികസനം, കനാല്‍ പുനരുദ്ധാരണം, കായല്‍ത്തീരത്തുള്ള ക്രൂയിസ് ടെര്‍മിനല്‍ എന്നിവ കോര്‍ത്തിണക്കിയുള്ള ബീച്ച്-കായല്‍ ടൂറിസത്തിന്റെ സമഗ്രവികസനമാണ് ലക്ഷ്യംവെക്കുന്നത്. കനാല്‍ പുനരുദ്ധാരണത്തിന്റെ ഭാഗമായി പ്ലാസ, ബോട്ട് ഡെക്ക്, ബോട്ടുജെട്ടിയുടെ പുനരുദ്ധാരണം തുടങ്ങിയവ ഒരുക്കും.
കായലിനോടു ചേര്‍ന്നു നിര്‍മിക്കുന്ന ഇന്റര്‍നാഷണല്‍ ക്രൂയിസ് ടെര്‍മിനലില്‍ ബോട്ട് ടെര്‍മിനല്‍ കഫ്റ്റീരിയ, ബോട്ട് ഡക്കുകള്‍ എന്നിവ ഉണ്ടാകും. നിര്‍മാണപ്രവൃത്തികള്‍ അടുത്തവര്‍ഷം ഫെബ്രുവരിയില്‍ത്തന്നെ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു.ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മാണപ്രവൃത്തികളുടെ ചുമതല. കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. മനോജ് കുമാര്‍ കിനി രൂപരേഖ അവതരിപ്പിച്ചു.