Kerala Pranamam

ലോഡ്ജില്‍ അവശനിലയില്‍ കണ്ടെത്തിയ കോഴിക്കോട് സ്വദേശിനി ഉപയോഗിച്ചത് എം ഡി എം എ; അറസ്റ്റ് ഉടന്‍

കൊച്ചി: ലോഡ്ജില്‍ അവശനിലയില്‍ കണ്ടെത്തിയ യുവതി ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ്. സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ലോഡ്ജില്‍ കണ്ടെത്തിയ കോഴിക്കോട് സ്വദേശിനിയായ യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.മയക്കുമരുന്ന് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമാണ് കേസ്.യുവതി ഉപയോഗിച്ചത് എം ഡി എം എ ആണെന്ന് കണ്ടെത്തിയിരുന്നു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് യുവതി. ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അറസ്റ്റ് പിന്നീട് ഉണ്ടാവും.ബുധനാഴ്ച രാത്രിയാണ് ലോഡ്ജില്‍ രണ്ട് യുവതികളെ അവശനിലയില്‍ കണ്ടെത്തിയത്. ജോലിക്കായുള്ള അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി 27ന് എറണാകുളത്ത് എത്തിയതായിരുന്നു ഇവര്‍. യുവതിയുടെ ഒപ്പമുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടിയെ വ്യാഴാഴ്ച മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചിരുന്നു. ഇവരുടെ ഒപ്പമുണ്ടായിരുന്ന കാസര്‍കോട് സ്വദേശികളായ രണ്ട് യുവാക്കളെ ചോദ്യം ചെയ്തതിന് ശേഷം പൊലീസ് വിട്ടയച്ചു. ചികിത്സയില്‍ കഴിയുന്ന യുവതിയും യുവാക്കളും കുടുംബസുഹൃത്തുക്കളാണെന്നാണ് വിവരം