Kerala Pranamam

വിവാഹ സമ്മാനമായി കാര്‍, ഡ്രൈവിങ് അറിയാത്ത വരന്റെ ടെസ്റ്റ് ഡ്രൈവ്; അമ്മായിക്ക് ദാരുണാന്ത്യം

ലക്നൗ: ഉത്തര്‍പ്രദേശില്‍ വധുവിന്റെ വീട്ടുകാര്‍ സമ്മാനമായി നല്‍കിയ കാര്‍ ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനിടെ, വാഹനാപകടത്തില്‍ വരന്റെ അമ്മായിക്ക് ദാരുണാന്ത്യം.വിവാഹ ചടങ്ങിനിടെ, വരന്‍ കാര്‍ ഓടിച്ചാണ് അപകടം ഉണ്ടായത്. ഡ്രൈവിങ് അറിയാത്ത വരന്‍, കാര്‍ കിട്ടിയ സന്തോഷത്തില്‍ ടെസ്റ്റ് ഡ്രൈവ് എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് അത്യാഹിതം സംഭവിച്ചത്.ഇറ്റാവ ജില്ലയിലെ അക്ബര്‍ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വിവാഹ ചടങ്ങിനിടെ, 24കാരനായ വരന്‍ അരുണാണ് കാര്‍ ഓടിച്ചത്. കാര്‍ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റാണ് വരന്റെ ബന്ധു മരിച്ചത്. ഉത്തര്‍പ്രദേശ് സായുധ സേനയിലെ ജവാനാണ് അരുണ്‍.ഔറയ്യ സ്വദേശിനിയായ യുവതിയുമായുള്ള വിവാഹമാണ് അരുണുമായി നിശ്ചയിച്ചിരുന്നത്. കല്യാണ സമ്മാനമായി വധുവിന്റെ വീട്ടുകാര്‍ നല്‍കിയ കാര്‍ ഓടിച്ചാണ് അപകടം ഉണ്ടായത്. തിലക് ചടങ്ങിനിടെയാണ് കാര്‍ സമ്മാനമായി നല്‍കിയത്.ഡ്രൈവിങ് അറിയാത്ത അരുണ്‍ കാര്‍ കിട്ടിയ സന്തോഷത്തില്‍ ടെസ്റ്റ് ഡ്രൈവിന് ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്. കാറിന്റെ ആക്സിലേറ്ററില്‍ ചവിട്ടിയ ഉടനെ നിയന്ത്രണം വിട്ട് കാര്‍ മുന്നോട്ടുകുതിച്ചു. കാറിന് മുന്നിലായാണ് വരന്റെ അമ്മായി സരളാദേവി നിന്നിരുന്നത്.കാര്‍ ഇടിച്ചു ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. അമ്മായിക്ക് പുറമേ പത്തുവയസുള്ള പെണ്‍കുട്ടി അടക്കം നാലുപേര്‍ക്കും കാര്‍ ഇടിച്ച് പരിക്കേറ്റു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അശ്രദ്ധമായി വണ്ടി ഓടിച്ചത് അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് അരുണിനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.