മെസ്സിയുടെ ഇരട്ടഗോളും രണ്ടുടീമിന്റെയും സെല്‍ഫ്ഗോളും കണ്ട മത്സരത്തില്‍ ലിയോണേല്‍ മെസ്സിയിലൂടെ മുഖം മിനുക്കിയ ഇന്റര്‍മിയാമിയ്ക്ക് ലീഗ് കപ്പില്‍ വീണ്ടും വിജയം.പ്രീക്വാര്‍ട്ടറില്‍ അവര്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ എഫ്.സി. ഡള്ളാസിനെ മറികടന്നു. സാധാരണ സമയത്ത് ഇരുടീമും നാലു ഗോളുകള്‍ വീതമടിച്ച് സമനില പാലിക്കേണ്ടി വന്നപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-5 എന്ന നിലയലായിരുന്നു മിയാമിയുടെ വിജയം.കളിയുടെ ഭൂരിഭാഗം സമയവും പന്ത് മിയാമിയുടെ കളിക്കാരുടെ പക്കലായിരുന്നു. കളി ഏഴു മിനിറ്റ് പിന്നിട്ടപ്പോള്‍ തന്നെ മെസ്സിയിലൂടെ മിയാമി ലീഡ് എടുത്തു. ജോര്‍ഡി ആല്‍ബയില്‍ നിന്നുള്ള പാസ് വലയില്‍ എത്തിച്ചാണ് മെസ്സി ഗോള്‍ നേടിയത്. ബാഴ്സിലോണയിലെ മുന്‍ കൂട്ടുകാരന്‍ ജോര്‍ഡി ആല്‍ബ ബോക്സിന്റെ ഇടതുമൂലയില്‍ നിന്നും പിന്നിലേക്ക് കൊടുത്ത പാസ് ഓടിയെത്തിയ മെസ്സി വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. എന്നാല്‍ ഫക്കുണ്ടോ ക്വിഗ്നോനിലൂടെ 37 ാം മിനിറ്റില്‍ ഡള്ളാസ് ഒപ്പമെത്തി.45 ാം മിനിറ്റില്‍ വീണ്ടും ഡള്ളാസ് മുന്നിലെത്തി. ബര്‍ണാഡ് കമുംഗോ ആയിരുന്നു സ്‌കോറര്‍. ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡുമായി പോയ ഡള്ളാസിനെ രണ്ടാം പകുതിയില്‍ വീണ്ടുഗോളടിച്ചു. അലവലസ്‌കോയായിരുന്നു സ്‌കോറര്‍. തൊട്ടടുത്ത മിനിറ്റില്‍ ഗോളടിച്ച് ബഞ്ചാ മിയാമിയുടെ ഭാരം കുറച്ചു. മെസ്സിയായിരുന്നു ഈ ഗോളിലേക്കുള്ള നീക്കത്തിന് പിന്നില്‍ ബോക്സിലേക്ക് നല്‍കിയ ത്രൂബോള്‍ ഓടിയെടുത്ത ആല്‍ബ പിന്നിലൂടെ ഓടിവരികയയാരുന്ന ബഞ്ചായ്ക്ക് നല്‍കി. പോസ്റ്റിന്റെ മോന്തായത്തിലേക്ക് പന്തടിച്ചുകയറ്റി ബഞ്ചാഗോള്‍ നേടി.എന്നാല്‍ റോബര്‍ട്ട് ടെയ്ലര്‍ വരുത്തിയ പിഴവില്‍ വീണ്ടും മിയാമി പിന്നില്‍ പോയി. ടെയ്ലറുടെ സെല്‍ഫ് ഗോളില്‍ അവര്‍ എതിരാളികള്‍ക്ക് ലീഡ് വഴങ്ങി. എന്നാല്‍ 80 ാം മിനിറ്റില്‍ ഡള്ളാസിന്റെ പ്രതിരോധതാരം മാര്‍ക്കോ ഫര്‍ഫാനും പിഴവ് വരുത്തി. അവര്‍ക്ക് ഒരു സെല്‍ഫ് ഗോള്‍ വഴങ്ങേണ്ടി വന്നു. തൊട്ടുപിന്നാലെ മെസ്സി തന്റെ രണ്ടാം ഗോളും നേടി. ഫ്രീകിക്കില്‍ നിന്നുമായിരുന്നു ഗോള്‍. മെസ്സിയുടെ ഇടങ്കാലനടി ഡള്ളാസ് കീപ്പറെയും കബളിപ്പിച്ച് വലയുടെ വലതുമൂലയില്‍ ഇറങ്ങി. ഇതോടെ മെസ്സിയുടെ ഗോള്‍ നേട്ടം ഏഴായി. കഴിഞ്ഞ മത്സരത്തിലും മെസ്സി ഇരട്ടഗോള്‍ നേടിയിരുന്നു.