Kerala Pranamam

വേനലില്‍ ചുട്ടുപൊള്ളി ഒമാന്‍; ഉച്ചവിശ്രമം ലംഘിക്കരുതെന്ന് നിദേശം, മത്സ്യം പോലും കിട്ടാനില്ല

മസ്‌കത്ത്: വേനല്‍ക്കാലത്തിന്റെ തുടക്കത്തില്‍ തന്നെ കനത്ത ചൂടിലേക്ക് കടന്ന് ഒമാന്‍. വിവിധ ഗവര്‍ണറേറ്റുകളില്‍ 40 ഡിഗ്രിക്കു മുകളിലാണ് ചൂട് അനുഭവപ്പെടുന്നത്.പകല്‍ സമയങ്ങളില്‍ ഒട്ടും പുറത്തിറങ്ങാന്‍ സാധിക്കാത്ത നിലയിലാണ് ചൂട് അനുഭവപ്പെടുന്നത്. ഇതുമൂലം മാളുകളില്‍ ഉള്‍പ്പെടെ ആളുകള്‍ കുറവാണ്. ചൂട് കൂടുന്നതിനാല്‍ പുറത്തിറങ്ങുന്നവരും ജോലി ചെയ്യുന്നവരും മറ്റും നിര്‍ജലീകരണം ഉണ്ടാകുന്നത് സൂക്ഷിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.ചൂടിനെ തുടര്‍ന്ന്, തുറസ്സായ സ്ഥലങ്ങളില്‍ ജോലിയെടുക്കുന്നവര്‍ക്ക് ഒമാനില്‍ ഉച്ചവിശ്രമം അനുവദിച്ചിട്ടുണ്ട്. ഒമാന്‍ തൊഴില്‍ നിയമത്തിലെ വകുപ്പ് 16 പ്രകാരമാണ് വിശ്രമം അനുവദിച്ചത്. വേനല്‍ക്കാലമായ ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവിലാണ് തൊഴില്‍ മന്ത്രാലയം വിശ്രമം അനുവദിച്ചത്. ഉച്ചക്ക് 12.30 മുതല്‍ 3.30 വരെയുള്ള സമയത്താണ് വിശ്രമം അനുവദിക്കേണ്ടത്. ഇത് നടപ്പിലാക്കേണ്ടത് അതാത് തൊഴിലുടമകളുടെ ഉത്തരവാദിത്വമാണ്.തൊഴിലാളികള്‍ക്ക് നിയമപ്രകാരം അനുവദിച്ച ഉച്ചവിശ്രമം ലംഘിക്കുന്നവര്‍ക്ക് ശിക്ഷ ലഭിക്കും. 100 മുതല്‍ 500 റിയാല്‍ വരെ പിഴയും ഒരു മാസത്തെ തടവുമാണ് ശിക്ഷ. അല്ലെങ്കില്‍ ഈ രണ്ട് ശിക്ഷകളില്‍ ഒന്ന് അനുഭവിക്കേണ്ടിവരും. വിശ്രമം അനുവദിക്കുന്നുണ്ടോ എന്ന് ഉറപ്പിക്കാനായി അധികൃതര്‍ വിവിധ തൊഴില്‍ സൈറ്റുകളില്‍ പരിശോധന നടത്തിവരികയാണ്. വിശ്രമം അനുവദിക്കുന്നെങ്കില്‍ തൊഴിലാളികള്‍ക്ക് പരാതിപ്പെടാനും അവസരമുണ്ട്.അതേസമയം, വേനല്‍ ചൂട് കനത്തതോടെ ഒമാനില്‍ മത്സ്യക്ഷാമം രൂക്ഷമായിരിക്കുകയാണ്. കടലില്‍ ചൂട് കൂടിയതിനാല്‍ മത്സ്യബന്ധനത്തിന് പോകുന്നവരുടെ എണ്ണത്തില്‍ ഉണ്ടായ കുറവാണ് മത്സ്യക്ഷാമം രൂക്ഷമാക്കിയത്. ഒമാന്‍ തീരത്ത് കടലില്‍ ചൂട് കൂടിയതിനാല്‍ മത്സ്യങ്ങള്‍ ആഴക്കടലിലേക്ക് വലിഞ്ഞതും ക്ഷാമം രൂക്ഷമാക്കി. മാര്‍ക്കറ്റുകളില്‍ മത്സ്യം കുറഞ്ഞതോടെ ഉള്ള മത്സ്യങ്ങള്‍ക്ക് വിലയും കൂടുതലാണ്. അതിനാല്‍ മാര്‍ക്കറ്റില്‍ എത്തുന്നവര്‍ മടങ്ങിപോവുകയാണ്.ചൂട് വര്‍ധിച്ച് വരുന്നതിനാല്‍ ശരീരത്തിലെ വെള്ളത്തിന്റെ അളവും വര്‍ധിപ്പിക്കേണ്ടതുണ്ട്. കൂടുതല്‍ ചൂട് ഏല്‍ക്കുന്നതോടെ ശരീരത്തില്‍ നിന്ന് വിയര്‍പ്പ് വഴിയും മൂത്രം വഴിയും കൂടുതല്‍ ജലാംശം നഷ്ടമാകും. അതിനാല്‍ തന്നെ അതിനനുസരിച്ച് ശരീരത്തിലേക്ക് വെള്ളം നല്‍കേണ്ടതുണ്ട്. എന്നാല്‍ മിക്ക ആളുകളും വെള്ളം കുടിക്കാന്‍ മടികാണിക്കുന്നതാണ് നിര്‍ജലീകരണത്തിലേക്ക് നയിക്കുന്നത്.നിര്‍ജലീകരണം ഉണ്ടായാല്‍ കടുത്ത ദാഹം അനുഭവപ്പെടും. പക്ഷേ അപ്പോഴേക്കും ശരീരത്തിലെ സോഡിയം വളരെയേറെ നഷ്ടപ്പെട്ടിരിക്കും. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നം ഉണ്ടാക്കും. തലചുറ്റല്‍, കണ്ണുമൂടല്‍, ബോധം നഷ്ടപ്പെടല്‍, ശരീരം കുഴഞ്ഞ അവസ്ഥ എല്ലാം ഉണ്ടാകും. ഉടന്‍ ഡോക്ടറുടെ സഹായം തേടുന്നതാണ് ഏറ്റവും നല്ലത്. പേശികളില്‍ വേദന അനുഭവപ്പെടുന്നതാണ് നിര്‍ജലീകരണത്തിന്റെ ആദ്യ ലക്ഷണം.നിര്‍ജലീകരണം സംഭവിക്കാതിരിക്കാന്‍ ഒരു മണിക്കൂറില്‍ കുറഞ്ഞത് ഒരു ലിറ്റര്‍ വെള്ളം കുടിക്കണം. 15 മിനിറ്റ് ഇടവിട്ട് രണ്ടു കപ്പ് വീതം വെള്ളം കുടിച്ചാല്‍ മണിക്കൂറില്‍ ലിറ്റര്‍ എന്ന നിലയിലേക്ക് എളുപ്പത്തില്‍ എത്താം. വെള്ളം കുടിക്കുന്നത് ഓര്‍മ്മിപ്പിക്കാന്‍ മൊബൈലില്‍ റിമൈന്‍ഡറുകള്‍ വെക്കാവുന്നതാണ്. ഇതിനായുള്ള നിരവധി ആപ്പുകള്‍ ലഭ്യമാണ്. രക്തസമ്മര്‍ദ്ദം ഉള്ളവരൊഴികെ ഉപ്പുചേര്‍ത്ത വെള്ളം കുടിക്കുന്നതാണ് നല്ലത്.