കൊളംബോ: ശ്രീലങ്കയില്‍ മഹീന്ദ രജപക്സെ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ പാര്‍ട്ടി വിട്ടു. സിരിസേനയുടെ ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയില്‍ (എസ്.എല്‍.എഫ്.പി) നിന്ന് രാജിവച്ച രജപക്സെ തന്റെ അനുയായികള്‍ ചേര്‍ന്ന് രൂപീകരിച്ച ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ഇടക്കാല തിരഞ്ഞെടുപ്പില്‍ രജപക്‌സെ ഒറ്റയ്ക്ക് മത്സരിക്കാനുള്ള നീക്കമായിട്ടാണ് രാഷ്ട്രീയനിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്.

പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതോടെ ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയുമായി ഉണ്ടായിരുന്ന അഞ്ച് പതിറ്റാണ്ട് നീണ്ട ബന്ധമാണ് രജപക്സെ അവസാനിപ്പിച്ചത്. 1951ല്‍ രൂപീകരിച്ച ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയുടെ സ്ഥാപക നേതാവാണ് രജപക്സെയുടെ പിതാവ് ഡോണ്‍ ആല്‍വിന്‍ രജപക്സെ. കഴിഞ്ഞ വര്‍ഷമാണ് രജപക്സെ അനുയായികള്‍ ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടി രൂപീകരിച്ചത്. രജപക്സെയുടെ രാഷ്ട്രീയ പുനഃപ്രവേശനം ലക്ഷ്യമിട്ടായിരുന്നു പാര്‍ട്ടി രൂപീകരിച്ചത്. ഫെബ്രുവരിയില്‍ നടന്ന ലോക്കല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ പുതിയ പാര്‍ട്ടി 340 സീറ്റില്‍ മൂന്നിലൊന്ന് സീറ്റുകള്‍ നേടുകയും ചെയ്തിരുന്നു.

രജപക്സയെ അട്ടിമറിച്ച് 2015ലാണ് മൈത്രിപാല സിരിസേന ശ്രീലങ്കന്‍ പ്രസിഡന്റായത്. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗയുടെ പിന്തുണയോടെയാണ് സിരിസേന ലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. വിക്രമസിംഗയുമായുള്ള ബന്ധം വഷളായതോടെ ഇക്കഴിഞ്ഞ 26ന് അദ്ദേഹത്തെ പുറത്താക്കി രജപക്സയെ പ്രധാനമന്ത്രി സ്ഥാനത്ത് നിയമിച്ചു.

അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിന് പിന്നാലെ ലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിടാനും സിരിസേന തീരുമാനിച്ചു. എന്നാല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നവംബര്‍ 14ന് പാര്‍ലമെന്റ് വിളിച്ചു ചേര്‍ത്തു. എന്നാല്‍ പിന്നെയും തീരുമാനം മാറ്റിയ സിരിസേന വെള്ളിയാഴ്ച വീണ്ടും പാര്‍ലമെന്റ് പിരിച്ചുവിട്ട് ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത വര്‍ഷം അഞ്ചിനാണ് തിരഞ്ഞെടുപ്പ്. ഇതിന് പിന്നാലെയാണ് രജപക്‌സെ പാര്‍ട്ടി വിട്ട് തന്റെ അനുയായികള്‍ രൂപീകരിച്ച പാര്‍ട്ടിയില്‍ ചേര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…