Kerala Pranamam

‘സന്താര ‘അനുഷ്ഠിച്ച്’ മരണത്തെപ്പുല്‍കി 3 വയസ്സുകാരി

ഭോപാല്‍: ബ്രെയിന്‍ ട്യൂമര്‍ ബാധിതയായ മൂന്നുവയസ്സുകാരിയെ മരണം വരെ ഉപവസിക്കാന്‍ അനുവദിച്ച് മരണത്തിലേക്ക് നയിച്ച് മാതാപിതാക്കള്‍. ജൈനമതപ്രകാരമുള്ള സന്താര എന്ന അനുഷ്ഠാനത്തിന് കുട്ടിയെ വിധേയയാക്കാന്‍ ഒരു മതാചാര്യന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ഇതിന് മുതിര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശിലെ ഇന്ദോറിലാണ് സംഭവം. ഏകമകള്‍ വിയന ജൈന്‍ മാര്‍ച്ച് 21ന് അന്തരിച്ചതായി മാതാപിതാക്കള്‍ അറിയിച്ചു.
കഴിഞ്ഞ ഡിസംബറിലാണ് വിയനയ്ക്ക് രോഗം സ്ഥിരീകരിച്ചത്. ശസ്ത്രക്രിയയും തുടര്‍ചികിത്സയും പരാജയപ്പെട്ടതോടെയാണ് കുടുംബം ആത്മീയോപദേശത്തിനായെത്തിയത്. ഐടി ഉദ്യോഗസ്ഥരായ പീയുഷും വര്‍ഷ ജൈനുമാണ് വിനയയുടെ മാതാപിതാക്കള്‍. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും കുഞ്ഞിന് പ്രയാസം നേരിട്ടതോടെ മാര്‍ച്ച് 21ന് ജൈന സന്ന്യാസിയായ മുനി മഹാരാജിനെ ഇവര്‍ സന്ദര്‍ശിച്ചു. കുട്ടിയുടെ മരണം ആസന്നമായെന്നും കുട്ടിയ്ക്ക് സന്താരയ്ക്കുള്ള അവസരം നല്‍കാമെന്നും സന്ന്യാസി പറയുകയും മാതാപിതാക്കളുടെ സമ്മതത്തോടെ വിയനയ്ക്ക് സന്താര അനുവദിക്കുകയും ചെയ്തു. അല്‍പസമയത്തിനുള്ളില്‍ കുട്ടി മരിക്കുകയും ചെയ്തു.
ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്സ് വിയനയുടെ പേര് രേഖപ്പെടുത്തുകയും സന്താര അനുഷ്ഠിച്ച് മരണത്തെ പുല്‍കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയും ചെയ്തതായി മാതാപിതാക്കള്‍ പറഞ്ഞു. മകള്‍ രോഗം മൂലം കഷ്ടപ്പെടുന്നത് കണ്ടുനില്‍ക്കാനായില്ലെന്നും തീരുമാനമെടുക്കാന്‍ പ്രയാസമുണ്ടായെങ്കിലും സന്താരയാണ് നല്ലതെന്ന് തോന്നിയതായും വര്‍ഷ ജൈന്‍ പ്രതികരിച്ചു. അടുത്ത ജന്മത്തില്‍ മകള്‍ ഏറ്റവും സന്തോഷത്തോടെ ജീവിക്കാനാഗ്രഹിക്കുന്നതായും വര്‍ഷ കൂട്ടിച്ചേര്‍ത്തു.
എന്താണ് സന്താര ?
സല്ലേഖന എന്നും സമാധി മരണമെന്നും അറിയപ്പെടുന്ന സന്താര തന്റെ മരണം ആസന്നമായി എന്നുതോന്നുന്ന ഒരു വ്യക്തി ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് സ്വയം മരണത്തെ വരിക്കുന്ന രീതിയാണ്. അല്‍പാല്‍പമായി ഭക്ഷണവും കുടിനീരും ഒഴിവാക്കി മരണം വരിക്കുകയാണ് ചെയ്യുന്നത്. സന്താര ആത്മാവിനെ ശുദ്ധീകരിക്കുമെന്നും നിര്‍വാണപ്രാപ്തിയിലേക്ക് നയിക്കുമെന്നും ജൈനര്‍ വിശ്വസിക്കുന്നു. മരണം ആസന്നമായിരിക്കുന്നവര്‍ക്ക് മാത്രമേ സന്താര അനുഷ്ഠിക്കാന്‍ അനുമതിയുള്ളൂ.

പ്രായാധിക്യം കൊണ്ട് മതപരമായ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാനാകാത്തവര്‍, ചികിത്സിച്ച് ഭേദമാക്കാനാകാത്ത രോഗമുള്ളവര്‍, ക്ഷാമം പോലുള്ള സന്ദര്‍ഭങ്ങളില്‍ ജീവിക്കേണ്ടിവരുന്നവര്‍-തുടങ്ങിയവര്‍ക്ക് സന്താര അനുഷ്ഠിക്കമെന്ന് ജൈനമതം അനുശാസിക്കുന്നു. കാഴ്ച നഷ്ടപ്പെട്ട ഒരു വ്യക്തി താനറിയാതെയെങ്കിലും അഹിംസ തത്വത്തെ ഭഞ്ജിക്കുമെന്ന് തോന്നിയാല്‍ സന്താര തിരഞ്ഞെടുക്കാം. ആത്മാവിനെ ശരീരത്തില്‍നിന്ന് മുക്തമാക്കുന്ന ഈ അനുഷ്ഠാനം പക്ഷേ മുകളില്‍പ്പറഞ്ഞ സന്ദര്‍ഭങ്ങളില്‍ മാത്രമേ പാലിക്കാന്‍ ജൈനമതം അനുവദിക്കുന്നുള്ളൂ.
സന്താര തിരഞ്ഞെടുക്കുന്നവര്‍ തങ്ങളുടെ എല്ലാ കര്‍ത്തവ്യങ്ങളും ഉപേക്ഷിച്ച് പ്രിയപ്പെട്ടവരില്‍നിന്ന് മാനസികമായി അകലണം. മറ്റുള്ളവരോട് പൊറുക്കുകയും തന്റെ തെറ്റുകള്‍ക്ക് മാപ്പപേക്ഷിക്കുകയും വേണം. താന്‍ ചെയ്ത കുറ്റങ്ങളില്‍ പശ്ചാത്തപിക്കണം. പ്രശാന്തമായ മനസ്സോടെ പ്രാര്‍ഥനകളില്‍ മുഴുകി പതിയെ ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് മരണം വരെ നിരാഹാരം തുടരണം.
സന്താരയ്ക്ക് നിയമസാധുതയുണ്ടോ
ഇന്ത്യയില്‍ സന്താര അനുഷ്ഠിക്കുന്നത് പലപ്പോഴും നിയമപ്രശ്നമായിട്ടുണ്ട്. ആത്മഹത്യയ്ക്ക് സമാനമായ സന്താരയെ നിയമവിരുദ്ധമായി കണക്കാക്കണമെന്ന് 2015 ല്‍ രാജസ്ഥാന്‍ വിധിച്ചിരുന്നു. ഒരു വ്യക്തി സ്വയം ജീവിതം അവസാനിപ്പിക്കാന്‍ തുനിയുന്നത് മതപരമായ അനുഷ്ഠാനമായി കണക്കാക്കേണ്ടതില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. എന്നാല്‍ ജൈനമതസ്ഥരില്‍ നിന്ന് പ്രതിഷേധം ശക്തമായതോടെ സുപ്രീം കോടതി വിധി സ്റ്റേ ചെയ്തു.