Kerala Pranamam

സമത്വ സന്ദേശമായി കുഞ്ഞുവരകള്‍

കല്‍പ്പറ്റ : സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളോട് പ്രതികരിച്ച് സ്‌കൂള്‍ കുട്ടികളുടെ ചുമര്‍ ചിത്രങ്ങള്‍ ശ്രദ്ധേയമാവുന്നു. മുണ്ടേരി അങ്കണവാടി ചുമരാണ് കുട്ടിവരകളാല്‍ സ്ത്രീവിരുദ്ധതക്കെതിരെയുള്ള പ്രതിരോധമായി മാറിയത്. വിവേചനവും ഗാര്‍ഹിക പിഡനവുമെല്ലാം നേരിടുന്ന സ്ത്രീകളുടെ വിഹ്വലതകള്‍ പകര്‍ത്തുന്നതിനൊപ്പം ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന സന്ദേശവും ചിത്രങ്ങള്‍ നല്‍കുന്നു.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിനായുള്ള ‘ഓറഞ്ച് ദ് വേള്‍ഡ്’ ക്യാമ്പയിന്റെ ഭാഗമായി വനിതാ ശിശുവികസനവകുപ്പ് കുട്ടികള്‍ക്കായി ജില്ലതല മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. മത്സരത്തില്‍നിന്ന് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടിയ ചിത്രങ്ങളാണ് വിജയികള്‍ ചുമരില്‍ പുനരാവിഷ്‌കരിച്ചത്.ജിഎച്ച്എസ് മീനങ്ങാടിയിലെ ആര്‍ദ്ര ജീവന്‍, പുല്‍പ്പള്ളി വിജയ ഹൈസ്‌കൂളിലെ ഷോണ്‍ ക്രിസ്റ്റോ, ജിഎച്ച്എസ് കാപ്പിസെറ്റിലെ ഏഞ്ചല്‍ മറിയ റെജി എന്നിവരാണ് ചിത്രങ്ങള്‍ വരച്ചത്.