ഹരാരെ: സിംബാബെ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഹീത്ത് സ്ട്രീക്കിന്റെ (49) നിര്യാണത്തോടെ വിടപറഞ്ഞത് അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാള്‍.സിംബാബ്വെ ക്രിക്കറ്റിന്റെ സുവര്‍ണകാലമായ 1990 മുതല്‍ 2000ത്തിന്റെ തുടക്കം വരെയുള്ള കാലയളവില്‍ ടീമിന്റെ നെടുംതൂണായിരുന്നു ഹീത്ത് സ്ട്രീക്ക്.1974 മാര്‍ച്ച് 16നാണ് ബുലാവോയിലാണ് സ്ട്രീക്ക് ജനിച്ചത്. 1993ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി. 2005 വരെ സിംബാബ് വേക്ക് വേണ്ടി ടെസ്റ്റിലും ഏകദിനത്തിലുമായി 250ല്‍ അധികം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇടക്ക് ക്യാപ്റ്റനുമായി. ആകെ 4933 റണ്‍സും 455 വിക്കറ്റുകളും സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സിംബാബ്വെക്കായി കൂടുതല്‍ വിക്കറ്റ് നേടിയ താരം കൂടിയാണ്. 2004ല്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത്. ഒരു വര്‍ഷത്തിനു ശേഷം 31ാം വയസ്സില്‍ വിരമിക്കുകയും ചെയ്തു.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, വിസ്മൃതിയിലായ ഗുജറാത്ത് ലയണ്‍സ്, ബംഗ്ലാദേശ്, സോമര്‍സെറ്റ് ടീമുകളുടെ ബൗളിങ് പരിശീലകനായിരുന്നു. ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അക്കാദമിയുടെ കണ്‍സള്‍ട്ടന്റുമായിരുന്നു. 2021ല്‍ ഐ.സി.സി പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരില്‍ എട്ട് വര്‍ഷത്തേക്ക് സ്ട്രീക്കിനെ ക്രിക്കറ്റില്‍നിന്ന് വിലക്കി.സിംബാബ്വെ മെറ്റാബെലെ ലാന്‍ഡിലെ വസതിയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഭാര്യ നദിന്‍ സ്ട്രീക്കാണ് മരണവിവരം സ്ഥിരീകരിച്ചത്. അര്‍ബുദ രോഗ ബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു സ്ട്രീക്ക്.കഴിഞ്ഞ മേയില്‍ സിംബാബ് വേ താരം സീന്‍ വില്യംസാണ് രോഗാവസ്ഥയുടെ ഗൗരവം പുറംലോകത്തെ അറിയിച്ചത്. കുറേനാള്‍ ദക്ഷിണാഫ്രിക്കയിലായിരുന്നു ചികിത്സ. ഏതാനും ദിവസം മുന്‍പ് ഹീത്ത് സ്ട്രീക്ക് മരിച്ചതായി അഭ്യൂഹങ്ങള്‍ വന്നിരുന്നെങ്കിലും അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ നിഷേധിച്ചിരുന്നു. സ്ട്രീക്ക് വിടവാങ്ങിയെന്ന് സഹതാരമായിരുന്ന ഹെന്റി ഒലോങ്ക ട്വീറ്റ് ചെയ്തു. പിന്നീട് സ്ട്രീക്കുമായി ചാറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ടടക്കം പുറത്തുവിട്ട് ഒലോങ്ക തന്നെ ഇത് തിരുത്തുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…