Kerala Pranamam

സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രാലയം ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കിയിട്ടില്ല, നേമം കോച്ചിംഗ് ടെര്‍മിനല്‍ മരവിപ്പിച്ചു; പ്രതികരിച്ച് റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രാലയം ആവശ്യപ്പെട്ട വിവരങ്ങള്‍ കെ റെയില്‍ കോര്‍പ്പറേഷന്‍ നല്‍കിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.സില്‍വര്‍ ലൈനിന്റെ ഡി പി ആര്‍ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. എളമരം കരീം എംപിയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ പ്രതികരണം.അതേസമയം, നേമം കോച്ചിംഗ് ടെര്‍മിനല്‍ മരവിപ്പിച്ചിരിക്കുകയാണെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു. പദ്ധതി താത്ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണെന്നും തിരുവനന്തപുരത്ത് ടെര്‍മിനല്‍ വേണോ എന്ന് ദക്ഷിണ റെയില്‍വേ വിശദമായ പഠനം നടത്തുകയാണെന്നും മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു.ദക്ഷിണ റെയില്‍വേയുടെ പഠന റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും വിഷയത്തില്‍ തുടര്‍ നടപടി സ്വീകരിക്കുക. കേന്ദ്ര റെയില്‍വേ മന്ത്രിയുമായി നേരത്തെ കേരളത്തിലെ ബി ജെ പി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പദ്ധതി പൂര്‍ത്തിയാക്കുമെന്ന് മന്ത്രിയില്‍ നിന്ന് ഉറപ്പു കിട്ടിയതായി നേതാക്കള്‍ അറിയിച്ചിരുന്നു.