തിരുവനന്തപുരം: സ്വകാര്യ സര്‍വ്വകലാശാല ബില്‍ നിയമസഭ പാസാക്കി. ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. ചില വ്യവസ്ഥകള്‍ക്കെതിരെ പ്രതിപക്ഷത്തിന് എതിര്‍പ്പുണ്ടായിരുന്നെങ്കിലും ബില്ലിനെ എതിര്‍ത്തില്ല. കെകെ രമ എംഎല്‍എ മാത്രമാണ് ബില്‍ പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
സ്വകാര്യ സര്‍വകലാശാലകളെ കെട്ടഴിച്ചുവിടുകയില്ലെന്നും കൃത്യമായ നിയന്ത്രണം സര്‍വകലാശാലകള്‍ക്ക് മുകളില്‍ ഉണ്ടാകുമെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി. സംവരണം അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കൃത്യമായ ഇടപ്പെടലുണ്ടാകും. അനുമതി പിന്‍വലിക്കാനുള്ള അധികാരവും സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
സ്വകാര്യ സര്‍വകലാശാലാ ബില്ലില്‍ നിയമസഭയില്‍ ചൂടേറിയ ചര്‍ച്ചയായിരുന്നു നടന്നത്. സ്വകാര്യ സര്‍വകലാശാലകള്‍ ഒന്നിലേറെ കാംപസുകളോടെ തുടങ്ങാമെന്ന വ്യവസ്ഥ സര്‍ക്കാര്‍ ഒഴിവാക്കിയത് പ്രതിപക്ഷത്തിന് നേട്ടമായി. ഒരേസമയം, ഒന്നിലേറെ കാംപസുകളോടെ സര്‍വകലാശാല ആരംഭിക്കാന്‍ പാടില്ലെന്നാണ് യുജിസി വ്യവസ്ഥ. അഞ്ചുവര്‍ഷത്തിനുശേഷം ഓഫ് കാംപസോ ഓഫ്ഷോര്‍ കാംപസോ തുടങ്ങാം. പ്രതിപക്ഷം ഉന്നയിച്ച ചട്ടലംഘനം ബോധ്യപ്പെട്ടതോടെ, ഔദ്യോഗികഭേദഗതിയിലൂടെ സര്‍ക്കാര്‍ പിഴവ് തിരുത്തുകയായിരുന്നു.