Kerala Pranamam

സൗരോര്‍ജ തൂക്കുവേലി നിര്‍മാണപ്രവൃത്തി തുടങ്ങി

ചന്ദനക്കാംപാറ: കാട്ടാന ശല്യത്തിനെതിരേ കേരളത്തില്‍ ആദ്യമായി ഒരു ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സൗരോര്‍ജ തൂക്കുവേലി (ഹാംഗിംഗ് സോളാര്‍ ഫെന്‍സിംഗ്) നിര്‍മാണത്തിനുള്ള പ്രാരംഭഘട്ട പ്രവൃത്തികള്‍ക്ക് തുടക്കമായി. പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ കര്‍ണാടക വനാതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ കാട്ടാനകള്‍ കൂട്ടമായെത്തി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് തടയാന്‍ ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളുടെയും കൂടി സാമ്പത്തിക സഹായത്തോടെ രൂപംനല്‍കിയ പദ്ധതിയാണിത്. നാട്ടുകാരുടെ നേതൃത്വത്തില്‍ 25 കേന്ദ്രങ്ങളില്‍ വിവിധ ഗ്രൂപ്പുകളായി 700 ഓളം പേര്‍ പങ്കെടുത്ത് ശാന്തിനഗറിലെ ആനപ്പാറ മുതല്‍ വഞ്ചിയം വരെ കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന 16 കിലോമീറ്റര്‍ ദൂരത്തെ കാട് തെളിക്കല്‍ പ്രവൃത്തിയാണ് പൂര്‍ത്തിയാക്കിയത്. അതത് പ്രദേശത്തെ നാട്ടുകാരുടെ നേതൃത്വത്തില്‍ 20 മുതല്‍ 30 പേരുള്ള ഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രവൃത്തി നടത്തിയത്. ഒരാഴ്ച മുമ്പ് തന്നെ ഓരോ ഗ്രൂപ്പും കാട് തെളിക്കേണ്ട ദൂരം അളന്നു തിട്ടപ്പെടുത്തി റിബണ്‍ കെട്ടി മാര്‍ക്ക് ചെയ്തിരുന്നു. ഇതുപ്രകാരമാണ് കാട് തെളിച്ചത്. 55 ലക്ഷം രൂപ ചെലവിലാണ് തൂക്കുവേലി നിര്‍മിക്കുന്നത്. ജില്ലാ പഞ്ചായത്തും പയ്യാവൂര്‍ പഞ്ചായത്തും 25 ലക്ഷം രൂപ വീതവും ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് അഞ്ചു ലക്ഷം രൂപയുമാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഒരുങ്ങുന്ന സംസ്ഥാനത്തെ ആദ്യത്തെ തൂക്കുവേലിയാണിത്. മാര്‍ച്ച് 31 ന് മുമ്പ് തൂക്കുവേലിയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് അധികൃതരുടെ ശ്രമം. 15 അടി ഉയരമുള്ള ഇരുമ്പ് പൈപ്പുകള്‍ ഉപയോഗിച്ച് 10 മീറ്റര്‍ ഇടവിട്ട് സ്ഥാപിക്കുന്ന തൂണുകളില്‍ രണ്ട് ലൈനുകളിലായി വൈദ്യുതി പ്രവഹിക്കുന്ന കമ്പികള്‍ നിശ്ചിത അകലത്തില്‍ താഴേക്ക് തൂക്കിയിട്ടാണ് തൂക്കുവേലികള്‍ ഒരുക്കുന്നത്. അയല്‍സംസ്ഥാനങ്ങളില്‍ സ്വകാര്യ സംരംഭങ്ങളിലടക്കം ഇത്തരത്തില്‍ നിര്‍മിച്ചിട്ടുള്ള തൂക്കുവേലികള്‍ കാട്ടാനകളെ പ്രതിരോധിക്കുന്നതില്‍ വിജയം കണ്ടതാണ് പയ്യാവൂരിലും വേലി നിര്‍മിക്കാന്‍ പ്രചോദനമായത്. സൗരോര്‍ജവേലി നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗശല്യം പൂര്‍ണമായും തടയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.പദ്ധതിയുടെ ആദ്യഘട്ടമായി മൂന്നു മീറ്റര്‍ വീതിയില്‍ കാട് വെട്ടിത്തെളിക്കുന്ന പ്രവൃത്തി കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യര്‍ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍, ജനകീയ കമ്മിറ്റി രക്ഷാധികാരി ഫാ.ജോസഫ് ചാത്തനാട്ട്, കണ്‍വീനര്‍ ടി.എം.ജോഷി, വാര്‍ഡ് മെംബര്‍ ഷീന ജോണി എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്തിന്റെ അതിര്‍ത്തി വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന ശാന്തിനഗര്‍, കാഞ്ഞിരക്കൊല്ലി, പാടാംകവല, ചന്ദനക്കാംപാറ, ആടാംപാറ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് രൂപം നല്‍കിയ ജനകീയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ ഒത്തുചേര്‍ന്നാണ് കാട് തെളിക്കല്‍ പണി നടത്തിയത്. ശാന്തിനഗറില്‍ ഫാ.തോമസ് തയ്യില്‍ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെംബര്‍ ജില്‍സണ്‍ കണികത്തോട്ടം, ഫാ.മാത്യു ചാക്യാരകത്ത് എന്നിവര്‍ നേതൃത്വം നല്‍കി. കാഞ്ഞിരക്കൊല്ലി, മതിലേരിത്തട്ട് പ്രദേശങ്ങളില്‍ നടന്ന കാട് തെളിക്കലിന് ഫാ.അലക്‌സ് നിരപ്പേല്‍, ടി.കെ.രാജേന്ദ്രന്‍, സജന ഞവരക്കാട്ട് എന്നിവരും ആടാംപാറ ഭാഗത്ത് നടത്തിയ പ്രവൃത്തിക്ക് ഫാ.ജോസഫ് ചാത്തനാട്ട്, ഷീന ജോണി, ടി.എം.ജോഷി എന്നിവരും നേതൃത്വം നല്‍കി.