Kerala Pranamam

ഹമാസിനെ തീവ്രവാദികളായി കാണുന്നവര്‍ ചരിത്രം മനസിലാക്കണം : എം.എ. ബേബി

കൊച്ചി: ഹമാസിനെ തീവ്രവാദികളെന്ന് വിളിക്കുന്നവര്‍ ചരിത്രം മനസ്സിലാക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.
ബേബി. ഫലസ്തീന്റെ വിമോചനത്തിനുള്ള പോരാട്ടത്തിന്റെ മുന്‍നിരയിലുള്ള സംഘടനയാണത്. ഫലസ്തീന്റെ വിമോചന സമരം അടിച്ചമര്‍ച്ചത്തിയ ചരിത്രമാണ് ഇസ്രായേലിന്റേത്.
ഓസ്ലോ ഉടമ്ബടി ഒപ്പിട്ട ഇസ്രായേല്‍ പ്രധാനമന്ത്രിയെ കൊലപ്പെടുത്തിയത് സയണിസ്റ്റ് തീവ്രവാദികളാണ്. ഹമാസിന്റേത് തീവ്രവാദമെന്ന് പറഞ്ഞ് ബഹളം വെക്കുന്നവര്‍ ഈ തീവ്രവാദം കാണാതെ പോകരുത്. ഇസ്രായേലിന്റെ ഭീകരാക്രമണത്തിന് ഇരകളാകുന്ന ഫലസ്തീനോടുള്ള ഐക്യദാര്‍ഢ്യം സ്വന്തം മനസ്സാക്ഷിയോടുള്ള ഐക്യദാര്‍ഢ്യമാണെന്നും ബേബി പറഞ്ഞു. സി.പി.എം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഫലതീന്‍ ഐക്യദാര്‍ഡ്യറാലിയോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഹമാസിന്റെ നിലപാടുകളില്‍ യോജിക്കാന്‍ കഴിയാത്ത മേഖലകളുണ്ട്. എന്നാല്‍, സ്വന്തം ജനതയുടെ പിന്തുണയോടെ പിറന്ന നാടിനുവേണ്ടി അവര്‍ നടത്തുന്ന പോരാട്ടം കണക്കിലെടുക്കുമ്‌ബോള്‍ അത്തരം എല്ലാ കാര്യങ്ങളും നോക്കാനാവില്ല.മരിച്ചുവീണവരുടെ കണ്ണീരും അസ്ഥികളും മാത്രമുള്ള സ്ഥലമാക്കി ഗസ്സയെ മാറ്റാനാണ് നെതന്യാഹുവും കൂട്ടരും ശ്രമിക്കുന്നത്. ഇസ്ലാം എന്ന് കേട്ടാല്‍ പേടിക്കേണ്ടതാണെന്ന പ്രതീതി നിര്‍മാണം ചിലര്‍ സംഘടിതമായി നടത്തിവരുന്നു. സാമ്രാജ്യത്വ ശക്തികളാണ് ഇവിടെ കളിക്കുന്നത്. ഇസ്രായേലിനെ പിന്തുണക്കുന്ന നരേന്ദ്ര മോദിയും അദ്ദേഹത്തെ പിന്തുണക്കുന്ന മാധ്യമങ്ങളും ആത്മപരിശോധന നടത്തണം. ഫലസ്തീന്‍ പ്രശ്‌നം ഇസ്ലാം വിശ്വാസികളുടെ പ്രശ്‌നമായി വെട്ടിച്ചുരുക്കുന്നത് അബദ്ധമാണെന്നും ബേബി പറഞ്ഞു.സി.പി.എം ജില്ല സെക്രട്ടറി സി.എന്‍. മോഹനന്‍ അധ്യക്ഷത വഹിച്ചു. പ്രഫ. എം.കെ. സാനു, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്, എസ്. ശര്‍മ, സി.എം. ദിനേശ് മണി, കെ. ചന്ദ്രന്‍ പിള്ള, കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ തുടങ്ങിയവരും സംസാരിച്ചു.