12നും 14നും ഇടയില്‍ പ്രായമുള്ളവരുടെ വാക്സിനേഷന്‍ ഇന്ന് മുതല്‍, 60 കഴിഞ്ഞ എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ്; സുസജ്ജമായി കേരളവും

ന്യൂഡല്‍ഹി: പന്ത്രണ്ടിനും പതിനാല് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിനേഷനും അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്ക് കരുതല്‍ ഡോസ് വിതരണവും രാജ്യത്ത് ഇന്ന് തുടങ്ങും. 2010 മാര്‍ച്ച് 15ന് മുമ്പ് ജനിച്ചവര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്‌സിനേഷന്‍ നല്‍കുക. ഈ വിഭാഗത്തിലുള്ളവര്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കോവിന്‍ ആപ്പില്‍ സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കിയോ കുടുംബാംഗങ്ങളുടെ അക്കൗണ്ട് വഴിയോ വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്യാം. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടത്തിയും രജിസ്‌ട്രേഷന്‍ നടത്താം. ബയോളജിക്കല്‍ ഇ കമ്പനി പുറത്തിറക്കുന്ന കോര്‍ബേവാക്സ് മാത്രമാണ് കുട്ടികളില്‍ കുത്തിവെക്കുക. വാക്‌സിന്‍ തല്‍ക്കാലം സര്‍ക്കാര്‍ കുത്തിവയ്പു കേന്ദ്രങ്ങളില്‍ മാത്രമേ ലഭ്യമാകൂ എന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 28 ദിവസത്തെ ഇടവേളയിലെ രണ്ട് ഡോസ് വാക്‌സിന്‍ കുത്തിവയ്പ് സൗജന്യമായിരിക്കും. രാവിലെ 9 മുതല്‍ റജിസ്‌ട്രേഷന്‍ ആരംഭിക്കും. ജനുവരി മൂന്നിനാണ് രാജ്യത്ത് പതിനഞ്ച് വയസ്സിന് മുകളിലുള്ളവരില്‍ വാക്‌സിനേഷന്‍ തുടങ്ങിയത്. ഈ വിഭാഗത്തിലെ അര്‍ഹരായ മുഴുവന്‍ പേരും ആദ്യ ഡോസ് സ്വീകരിച്ചു. പകുതി പേര്‍ വാക്‌സീനേഷന്‍ പൂര്‍ത്തിയാക്കി. ഇതോടെയാണ് 12 വയസിന് മുകളിലുള്ളവര്‍ക്കും വാക്‌സീന്‍ നല്‍കാന്‍ തീരുമാനിച്ചത്. കരുതല്‍ എന്ന നിലയിലാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ഇതുവരെ മറ്റ് അസുഖങ്ങള്‍ ഉള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രമാണ് കരുതല്‍ ഡോസ് നല്‍കിയിരുന്നത്. ഇത് മാറ്റി അറുപത് വയസ്സിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും വാക്‌സീന്‍ നല്‍കാനാണ് തീരുമാനം. സുസജ്ജമായി കേരളം സംസ്ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന്‍ ഇന്ന് മുതല്‍ പൈലറ്റടിസ്ഥാനത്തില്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. ജില്ലകളില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും വാക്സിനേഷന്‍ നടത്തുക. ഈ കേന്ദ്രങ്ങളുടെ സ്ഥലവും സമയവും ജില്ലാതലത്തില്‍ അറിയിക്കുന്നതാണ്. കുട്ടികളുടെ വാക്സിനേഷന്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പ് വിശദമായ മാര്‍ഗരേഖ പുറത്തിറക്കുന്നതാണെന്നും മന്ത്രി അറിയിച്ചു. വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് വാക്സിനേഷന്‍ എല്ലാവരിലും എത്തിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. ഇപ്പോള്‍ പരീക്ഷാ കാലമാണ്. അത് കഴിഞ്ഞുള്ള വെക്കേഷന്‍ സമയത്ത് വാക്സിനേഷന്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കും. ചെറിയ കുട്ടികളായതിനാല്‍ രക്ഷിതാക്കളുടെ ആശങ്ക മനസിലാക്കി കൃത്യമായ ആസൂത്രണം നടത്തിയായിരിക്കും വാക്സിനേഷന്‍ നടത്തുക. വാക്സിന്‍ മാറാതിരിക്കാന്‍ പ്രത്യേക ക്രമീകരണം വാക്സിനേഷന് പ്രത്യേക ശ്രദ്ധയും കരുതലും വേണമെന്ന് നിര്‍ദേശം നല്‍കി. നിലവില്‍ മുതിര്‍ന്നവരുടെ വാക്സിനേഷന്‍ കേന്ദ്രത്തിന്റെ ബോര്‍ഡ് നീലയും 15 മുതല്‍ 17 വയസുവരെയുള്ളവരുടെ വാക്സിനേഷന്‍ കേന്ദ്രത്തിന്റെ ബോര്‍ഡ് പിങ്കുമാണ്. മുതിര്‍ന്നവര്‍ക്ക് കോവിഷീല്‍ഡും, കോവാക്സിനും 15 മുതല്‍ 17 വയസുവരെയുള്ളവര്‍ക്ക് കോവാക്സിനുമാണ് നല്‍കുന്നത്. 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് പുതിയ കോര്‍ബേവാക്സാണ് നല്‍കുന്നത്. അതിനാല്‍ വാക്സിനുകള്‍ മാറാതിരിക്കാന്‍ മറ്റൊരു നിറം നല്‍കി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുന്നതാണ്. 2010ല്‍ ജനിച്ച എല്ലാവര്‍ക്കും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെങ്കിലും വാക്സിന്‍ എടുക്കുന്ന ദിവസം 12 വയസ് പൂര്‍ത്തിയാല്‍ മാത്രമേ വാക്സിന്‍ നല്‍കുകയുള്ളൂ. 2010 മാര്‍ച്ച് 16ന് മുമ്ബ് ജനിച്ച കുട്ടികള്‍ക്ക് വാക്സിനെടുക്കാന്‍ സാധിക്കും. അതുപോലെ അവരുടെ ജനനത്തീയതി വരുന്ന മുറയ്ക്ക് ബാക്കിയുള്ളവര്‍ക്കും വാക്സിനെടുക്കാന്‍ സാധിക്കും. അതിനാല്‍ എല്ലാവരും അക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Slots con compra de bonus: riesgo y control

Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…