Kerala Pranamam

കൊവിഡ്: വിദ്യാര്‍ഥികള്‍ക്കുള്ള വാക്സിന്‍ വിതരണം ഊര്‍ജിതമാക്കും; 75.4 ശതമാനം പൂര്‍ത്തിയായി

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ 15നും 17നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കുള്ള വാക്സിനേഷന്‍ ത്വരിതപ്പെടുത്താന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം നിര്‍ദേശം നല്‍കി. നിലവില്‍ ജില്ലയില്‍ ഈ വിഭാഗത്തില്‍ 97722 വിദ്യാര്‍ഥികളാണുള്ളത്. ഇവരില്‍ 73702 പേര്‍ ഇതിനകം വാക്സിനെടുത്തു-75.4 ശതമാനം. വിദ്യാര്‍ഥികളുടെ വാക്സിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം 24 മണിക്കൂറുമായി വര്‍ധിപ്പിക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി.
ജില്ലയില്‍ 18.5 ആണ് ഇപ്പോഴത്തെ ശരാശരി ടിപിആര്‍. മൂന്ന് ദിവസത്തെ ശരാശരി ടിപിആര്‍ നിരക്കാണ് പരിഗണിക്കുന്നത്. നിലവില്‍ ജില്ലയില്‍ ക്ലസ്റ്ററുകള്‍ ഇല്ല. ചികിത്സാ സംവിധാനങ്ങളും ആശുപത്രി സൗകര്യങ്ങളും തൃപ്തികരമാണെന്ന് ഡെപ്യൂട്ടി ഡിഎംഒ ഡോ. എം പ്രീത യോഗത്തില്‍ അറിയിച്ചു. ആക്ടീവ് കേസുകള്‍ പതിനായിരത്തിലെത്തുന്ന സാഹചര്യം ഉണ്ടാകുകയാണെങ്കിലേ സെക്കണ്ടറി ട്രീറ്റ്മെന്റ് സെന്ററുകള്‍ അടക്കമുള്ള അധിക സംവിധാനങ്ങള്‍ ഒരുക്കേണ്ട സാഹചര്യമുള്ളൂ എന്ന് യോഗം വിലയിരുത്തി. ഇതിനാവശ്യമായ പ്ലാന്‍ ജില്ലാ ആരോഗ്യവകുപ്പ് തയ്യാറാക്കും.സംസ്ഥാനത്ത് പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ജില്ലയില്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ കര്‍ശമാക്കും. വാര്‍ഡ്തല സമിതികള്‍ വീണ്ടും സജീവമാക്കി പ്രവര്‍ത്തനസജ്ജമാക്കും. ഇവയുടെ പ്രാഥമിക യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളോടും യോഗം ആവശ്യപ്പെട്ടു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ സൗകര്യങ്ങളെക്കുറിച്ചുള്ള വിശദാംശം തയ്യാറാക്കും. ഇതിനായി സ്വകാര്യആശുപത്രികളുടെ യോഗം വിളിച്ച് ആവശ്യമായ നിര്‍ദേശം നല്‍കും.