Kerala Pranamam

യു.എസ് പ്രസിഡന്റ് ജോ ബൈഡനെതിരെ വധഭീഷണി: പ്രതിയെ വെടിവച്ച് കൊന്നു
വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള ക്രിമിനല്‍ കേസിലെ പ്രോസിക്യൂട്ടര്‍ എന്നിവര്‍ക്കെതിരെ വധഭീഷണി നടത്തിയ ആളെ വെടിവച്ച് കൊന്നു.
എഫ്.ബി.ഐ റെയ്ഡിനിടെയാണ് ക്രെയ്ഗ് റോബര്‍ട്‌സണ്‍ എന്നയാള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. പ്രാദേശിക സമയം ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഇന്നലെ യൂട്ട പ്രദേശം ബൈഡന്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് മുന്നോടിയായി സോള്‍ട്ട് ലേക്ക് സിറ്റിയ്ക്ക് സമീപമുള്ള ക്രെയ്ഗിന്റെ വീട്ടിലേക്ക് എഫ്.ബി.ഐ ഉദ്യോഗസ്ഥര്‍ അറസ്റ്റ് വാറണ്ടുമായി എത്തിയപ്പോഴായിരുന്നു സംഭവം.അറസ്റ്റിനിടെ ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ തോക്ക് ചൂണ്ടി. കൂടുതല്‍ വിവരങ്ങള്‍ എഫ്.ബി.ഐ പുറത്തുവിട്ടിട്ടില്ല. വധഭീഷണിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പരാതി രജിസ്റ്റര്‍ ചെയ്തിരുന്നു. തോക്കുകളുടെ ചിത്രവും ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. പോണ്‍ താരം സ്റ്റോമി ഡാനിയല്‍സിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പണം നല്‍കിയെന്ന കേസില്‍ ട്രംപിനെതിരെ നിയമനടപടികളുമായി മുന്നോട്ടു

 

പോകുന്ന ഉദ്യോഗസ്ഥനെതിരെ മാര്‍ച്ചില്‍ ഇയാള്‍ ട്രൂത്ത് സോഷ്യലിലൂടെ ഭീഷണി മുഴക്കിയിരുന്നു. ട്രംപ് ആരംഭിച്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ട്രൂത്ത് സോഷ്യല്‍. അന്ന് മുതല്‍ ഇയാള്‍ എഫ്.ബി.ഐയുടെ നിരീക്ഷണത്തിലായിരുന്നു.