അഹമ്മദബാദ്: ഇന്ത്യന്‍ ക്രിക്കറ്റിന് കനത്ത ആഘാതം ഏല്‍പ്പിച്ച ലോകകപ്പ് ഫൈനലിലെ രണ്ട് തോല്‍വികള്‍.രണ്ടിലും ഒരേ എതിരാളികള്‍, ഓസ്ട്രേലിയ. 2003ലെയും 2023ലെയും ലോകകപ്പുകളിലെ കിരീടനഷ്ടത്തിലും ഇന്ത്യക്ക് അഭിമാനകരമായ നേട്ടം സമ്മാനിച്ച ഒട്ടേറെ മൂഹര്‍ത്തങ്ങള്‍ക്കും സമാനതകളുണ്ട്. ഇരു ലോകകപ്പുകളിലും റണ്‍വേട്ടയില്‍ മുന്നിലെത്തി പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് ആയി മാറിയത് ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായിരുന്നു. ഒന്നാമത്തേതില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണെങ്കില്‍ രണ്ടാമത്തെതില്‍ സച്ചിന്റെ പിന്‍ഗാമിയായ വിരാട് കോലി.സച്ചിന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടുനയിക്കുന്നത് ആരായിരിക്കുമെന്നതിനുള്ള ചോദ്യത്തിന് മറുപടിയായിരുന്നു നമുക്ക് വിരാട് കോലി. രണ്ടു പതിറ്റാണ്ടിലേറെ കാലം ഇന്ത്യന്‍ ക്രിക്കറ്റിനെ ചുമലിലേറ്റിയ സച്ചിന് ശേഷം കോലി ആ ഭാരം സ്വന്തം ചുമലിലേറ്റുന്ന കാഴ്ചയ്ക്കാണ് പിന്നീട് ക്രിക്കറ്റ് ലോകം സാക്ഷിയായത്. അണ്ടര്‍19 ടീമിലെ ക്ഷുഭിത യൗവനത്തില്‍ നിന്ന് ഇന്നത്തെ കോലിയിലേക്കുള്ള യാത്ര ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയുടേത് കൂടിയായിരുന്നു.റണ്‍വരള്‍ച്ചയുടെ നാളുകള്‍ താണ്ടി പഴയ ഫോമിലേക്ക് തിരിച്ചെത്തിയ കോലിയായിരുന്നു ലോകകപ്പില്‍ ഇന്ത്യയുടെ മിന്നും താരം. 11 കളികളില്‍ നിന്ന് മൂന്ന് സെഞ്ചുറികളുടെയും ആറ് അര്‍ധ സെഞ്ചുറികളുടെയും അകമ്ബടിയോടെ 765 റണ്‍സെടുത്ത കോലി ഒടുവില്‍ ടൂര്‍ണമെന്റിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലൊരുക്കിയ പോഡിയത്തില്‍ ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നിയില്‍ നിന്ന് ആ പുരസ്‌കാരം സ്വീകരിക്കുമ്‌ബോള്‍ പക്ഷേ, കോലിയുടെ മുഖത്തുണ്ടായിരുന്നത് നിരാശ മാത്രമായിരുന്നു. മൂന്ന് സെഞ്ചുറികളും (അതിലൊന്ന് സെമിയില്‍ ന്യൂസീലന്‍ഡിനെതിരായ നിര്‍ണായക മത്സരത്തില്‍) ആറ് അര്‍ധ സെഞ്ചുറികളുമടക്കം റണ്‍വേട്ടക്കാരനായ കോലി, സച്ചിനെ മറികടന്ന് ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡുമിട്ടു. ലോകകപ്പുകളുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ടൂര്‍ണമെന്റില്‍ 700 റണ്‍സും 750 റണ്‍സും പിന്നിടുന്ന ആദ്യ താരം കൂടിയാണ് കോലി.കോലി പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരം വാങ്ങി നിരാശയോടെ നടക്കുമ്‌ബോള്‍ മനസിലേക്കെത്തിയത് 20 വര്‍ഷം മുമ്ബുള്ള ഒരു സമാന കാഴ്ചയായിരുന്നു. 2003-ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ്. അന്ന് ഇന്ത്യന്‍ പ്രതീക്ഷകള്‍ ചുമലിലേറ്റിയ സച്ചിന്‍ തെണ്ടുല്‍ക്കറായിരുന്നു ടൂര്‍ണമെന്റിന്റെ താരം. അന്ന് 11 കളികളില്‍ നിന്ന് 61.18 ശരാശരിയില്‍ ഒരു സെഞ്ചുറിയുടെയും ആറ് അര്‍ധ സെഞ്ചുറികളുടെയും അകമ്ബടിയോടെ 673 റണ്‍സായിരുന്നു സച്ചിന്‍ അടിച്ചുകൂട്ടിയത്.പക്ഷേ കഴിഞ്ഞ ദിവസം കോലിയെ പോലെ നിരാശ നിഴലിച്ച മുഖവുമായി മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വീകരിക്കാനായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്ററുടെ വിധിയും. അന്ന് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരേ 359 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്തപ്പോള്‍ തന്നെ ഓസീസ് വിജയിച്ചിരുന്നു. ഏകദിനത്തില്‍, പ്രത്യേകിച്ചും ലോകകപ്പിന്റെ ഫൈനലില്‍ ചേസ് ചെയ്തു ജയിക്കാന്‍ അപ്രാപ്യമായ സ്‌കോര്‍ തന്നെയായിരുന്നു അത്. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ഗ്ലെന്‍ മഗ്രാത്ത് ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന സച്ചിനെ മടക്കുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ പൂര്‍ണമായും ഓസീസിന് അനുകൂലമായി.കഴിഞ്ഞ ദിവസം ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ഇന്ത്യയുടെ ഇന്നിങ്‌സ് മുന്നോട്ടുനയിച്ചതും കോലിയായിരുന്നു. എന്നാല്‍ അര്‍ധ സെഞ്ചുറിക്ക് പിന്നാലെ നിര്‍ണായക സമയത്ത് ദൗര്‍ഭാഗ്യകരമായി കോലി പുറത്തായത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്. ഒടുവില്‍ തങ്ങളുടെ എട്ടാം ലോകകപ്പ് ഫൈനലിനിറങ്ങിയ ഓസീസ് സംഘം ആറാം കിരീടവുമായി ഇന്ത്യയില്‍ നിന്ന് മടങ്ങി.എങ്കിലും ഇന്ത്യയ്‌ക്കൊപ്പം 2011-ലെ ലോകകപ്പ് കിരീടം സ്വന്തമാക്കാനുള്ള ഭാഗ്യം കോലിക്കുണ്ടായി. അന്ന് വെറും 22 വയസ് മാത്രം പ്രായമുണ്ടായിരുന്ന താരം വാംഖഡെയില്‍ ലങ്കയെ കീഴടക്കി ഇന്ത്യ കിരീടം നേടിയതിനു പിന്നാലെ സച്ചിനെ തോളിലേറ്റി വാംഖഡെ സ്റ്റേഡിയം വലംവെച്ചവരില്‍ മുന്‍നിരയിലുമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒന്നാം സ്ഥാനത്ത് തിരിക്കെയെത്താന്‍ കണ്ണൂര്‍ വാരിയേഴ്സ്

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ മൂന്നാം മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്സ് എഫ്സി ഫോഴ്സ കൊച…