Home Breaking News കുഞ്ഞിവാവയെ കാണിക്കാൻ ആതിര കാത്തിരിക്കുന്നു, പക്ഷേ, നിഥിൻ വരുന്നത് മരണത്തിന്റെ ചിറകിൽ

കുഞ്ഞിവാവയെ കാണിക്കാൻ ആതിര കാത്തിരിക്കുന്നു, പക്ഷേ, നിഥിൻ വരുന്നത് മരണത്തിന്റെ ചിറകിൽ

3
0

കോഴിക്കോട്: കുഞ്ഞിവാവയെ കാണാൻ പ്രിയതമൻ ഷാർജയിൽ നിന്ന് എത്രയും വേഗം പറന്നെത്തുമെന്ന പ്രതീക്ഷയിൽ ലേബർ റൂമിൽ പാതി മയക്കത്തിൽ കിടക്കുകയാണ് ആതിരയിപ്പോഴും… ജീവന്റെ ജീവനായ നിഥിന്റെ അപ്രതീക്ഷിതവിയോഗം അവളറിഞ്ഞിട്ടില്ല. നിഥിന്റെ മൃതദേഹം ഷാർജയിൽനിന്ന് പേരാമ്പ്ര മുയിപ്പോത്തെ വീട്ടിലേക്ക് ഇന്ന് കൊണ്ടുവരും. കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതിനാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക്് താമസം വരില്ലെന്നാണ് ദുബായിലെ സാമൂഹ്യപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
മൃതദേഹം നാട്ടിലെത്തുമ്പോൾ നിഥിന്റെ വിയോഗം എങ്ങനെ ആതിരയെ അറിയിക്കുമെന്നറിയാതെ വിങ്ങുകയാണ് ഒരു നാടൊന്നാകെ. പ്രിയതമന്റെ വേർപാടറിയാതെ തിങ്കളാഴ്ചയാണ് ആതിര പെൺകുഞ്ഞിന് ജന്മം നൽകിയത് .
വിദേശത്ത് കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കാൻ സുപ്രീംകോടതയിൽ നിയമപോരാട്ടം നടത്തിയത് ഗർഭിണിയായ ആതിരയും ഭർത്താവ് നിഥിൻ ചന്ദ്രനുമായിരുന്നു. ദുബായിൽനിന്ന് ആതിരയോടൊപ്പം നാട്ടിലെത്താൻ നിഥിനും ടിക്കറ്റ് ലഭിച്ചിതായിരുന്നു. പക്ഷെ നിഥിന്റെ നല്ല മനസ് തന്നേക്കാൾ ആത്യാവശ്യമായി നാട്ടിലെത്തേണ്ട ഒരാൾക്കായി ആ ടിക്കറ്റ് നൽകി. പ്രസവ സമയത്ത് നാട്ടിലെത്താമെന്നായിരുന്നു നിഥിൻ ആതിരക്ക് നൽകിയ വാക്ക്.
എന്നാൽ കഴിഞ്ഞ ദിവസം ഉറങ്ങിയ നിഥിൻ പിന്നെ ഉണർന്നിട്ടില്ല. ഇതൊന്നും ആതിരയെ അറിയിച്ചിട്ടില്ല. പ്രസവത്തിനു മുൻപുള്ള പരിശോധനയെന്ന പേരിൽ ബന്ധുക്കൾ ആതിരയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ ആണ് ആതിര പെൺകുഞ്ഞിന് ജന്മം നൽകിയത്. ആദ്യകുഞ്ഞിന്റെ പിറവി ജന്മനാട്ടിലാവണമെന്ന ആഗ്രഹത്തിലായിരുന്നു നിഥിൻ ആതിരയെ നാട്ടിലേക്ക് അയച്ചത്.
ഭർത്താവിന്റെ കൂടെ ഷാർജയിലായിരുന്ന ആതിര കഴിഞ്ഞ മാസമാണു നാട്ടിലെത്തിയത്. ലോക്ഡൗണിൽ വിദേശത്തു കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ച് യാത്രാനുമതി നേടുകയായിരുന്നു. ആദ്യവിമാനത്തിൽ തന്നെ ആതിരയ്ക്ക് ഇടം കിട്ടുകയും ചെയ്തു. ഭാര്യയ്‌ക്കൊപ്പം വരാമായിരുന്നുവെങ്കിലും, അത്യാവശ്യമായി നാട്ടിലെത്തേണ്ട മറ്റൊരാളുടെ അവസരം നഷ്ടപ്പെടുത്തേണ്ടെന്നു കരുതി നിഥിൻ വന്നില്ല. ഇൻകാസിന്റെ സജീവ പ്രവർത്തകനായി നിഥിൻ അവിടെ തന്നെ നിലകൊള്ളാൻ തീരുമാനിക്കുകയായിരുന്നു.
ഇൻകാസ് യൂത്ത് വിങിനു വേണ്ടി ഷാഫി പറമ്പിൽ എംഎൽഎ യാണ് ആതിരയ്ക്ക് ടിക്കറ്റ് നൽകിയത്. ഇതിനു പകരമായി ടിക്കറ്റെടുക്കാൻ ബുദ്ധിമുട്ടിയ രണ്ടു പ്രവാസികളെ ആതിരയും നിഥിനും കൂടി ടിക്കറ്റിന്റെ പണം നൽകി സഹായിച്ചിരുന്നു.
ആതിരയുടെ പ്രസവത്തോടടുപ്പിച്ച് നാട്ടിലേക്കുള്ള വരാനുള്ള ഒരുക്കത്തിലായിരുന്നു നിഥിൻ. 2017 സെപ്റ്റംബറിലായിരുന്നു ഇവരുടെ വിവാഹം. യുഎഇയിൽ സാമൂഹികസേവന രംഗത്തു സജീവമായിരുന്ന നിഥിൻ, ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ സജീവപ്രവർത്തകനായിരുന്നു.
ആതിരയും നിഥിനും എൻജിനിയർമാരാണ്. മൂന്നുവർഷം മുമ്പായിരുന്നു വിവാഹം. എട്ടുമാസം മുമ്പാണ് നാട്ടിൽനിന്നു പോയത്. റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ മുയിപ്പോത്ത് പടിഞ്ഞാറക്കര കുനിയിൽ രാമചന്ദ്രന്റെയും ലതയുടെയും മകനാണ് നിഥിൻ. ആരതി ഏകസഹോദരിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here