ഇത്രവേഗം യാത്ര പറയേണ്ടി വരുമെന്ന് സുകുമാരനും ചിന്തിച്ചിരിക്കില്ല. പൊടുന്നനെ കയറിവന്ന മരണം… ജീവിതത്തിലേക്ക് തിരിച്ചുവരാൻ സുകുമാരൻ വല്ലാതെ ആഗ്രഹിച്ചിരുന്നിരിക്കണം. സുകുമാരന്റെ അവസാനമണിക്കൂറുകളെക്കുറിച്ച് ഓർമ്മിക്കുകയാണ്, നിർമ്മാതാവും മുതിർന്ന പ്രൊഡക്ഷൻ കൺഡ്രോളറുമായ ഷിബു ജി. സുശീലൻ.പൃഥ്വിരാജ് നായകനായ ‘സെവൻത് ഡേ’ നിർമ്മിച്ചത് ഇദ്ദേഹമാണ്.
‘ മുന്നാറിൽ നിന്ന് നാട്ടിലേക്ക് പോകുംവഴിയാണ് സുകുമാരന് ശാരീരകാസ്വാസ്ഥ്യം ഉണ്ടാകുന്നത്. രാത്രി ഒരു മണിയോടെ എറണാകുളം ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആ രാത്രി മുതൽ ഡോക്ടർ മണി സാറും, നേഴ്‌സ് മേരിച്ചേച്ചിയും സുകുമാരൻ ചേട്ടന്റെ കാര്യങ്ങൾ നോക്കാൻ കൂടെ തന്നെ ഉണ്ടായിരുന്നു.
പിറ്റേന്ന് രാവിലെ വേറെ കുഴപ്പം ഒന്നും ഇല്ലാത്തതിനാൽ ഉച്ചകഴിഞ്ഞു നാട്ടിൽ പോകാൻ തയ്യാറാവുകയും അതിൽ സന്തോഷിച്ചു ചേട്ടൻ ഡോക്ടർ നേഴ്‌സ്മാർക്കൊക്കെ മധുരം നൽകുകയും ചെയ്തിരുന്നു.
അത്രയും നേരം കൂടെ ഉണ്ടായിരുന്ന നടൻ ജനാർദ്ദനൻ ചേട്ടൻ ഒന്ന് വീട്ടിലേക്ക് പോയി വരാമെന്നു പറഞ്ഞു ഇറങ്ങി. ആ സമയത്ത് ഞാനും ഡയറക്ടർ പോൾസൺ, റൈറ്റർ ആന്റണി കണ്ടംപറമ്പിൽ എന്നിവർ ആശുപത്രിക്ക് അടുത്തുള്ള സിനിമക്കാരുടെ താവളം ആയ കടവന്ത്ര ഓർക്കിഡ് ഹോട്ടലിൽ ആയിരുന്നു.
പെട്ടെന്ന് ആന്റണി ചേട്ടന്റെ ആന്റി (നേഴ്‌സ് മേരി )ഹോസ്പിറ്റലിൽ നിന്ന് ഹോട്ടലിലേക്കു വിളിച്ചു.
സുകുമാരൻ ചേട്ടന്റെ ആരോഗ്യനില പ്രശ്‌നമായി എന്ന് പറഞ്ഞു.
ഉടനെ ഞാനും ആന്റണി ചേട്ടനും, പോൾസൺ ചേട്ടനും ഓടി ഹോസ്പിറ്റലിൽ എത്തുകയും ചെയ്തു. ഞങ്ങൾ ചെന്ന് കുറച്ചു സമയം കഴിഞ്ഞപ്പോഴേയ്ക്കും അത് സംഭവിച്ചു. ഉടനെ പുറത്ത് ഇറങ്ങി മല്ലിക ചേച്ചിയുടെ അമേരിക്കയിൽ ഉള്ള സഹോദരൻ ഉൾപ്പെടെ പലരെയും മരണവിവരം അറിയിച്ചു.
എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് സിനിമ ലോകം ഒഴുകി എത്തി. അവിടെ നിന്ന് മൃദദേഹം നാട്ടിലേക്കു കൊണ്ട് പോയി.
എന്റെ ജീവിതത്തിൽ സുകുമാരൻ ചേട്ടൻ ചില നിമിത്തങ്ങളിൽ കൂടി കടന്ന് പോയിരുന്നു.
ഞാൻ വാമനപുരം മുളവന ഹൈസ്‌കൂളിൽ പഠിക്കുന്ന സമയത്ത് സ്‌കൂളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയതിന് സമ്മാനം നൽകാൻ വന്നത് സുകുമാരൻ ചേട്ടൻ ആയിരുന്നു.
അപ്പോഴാണ് ഞാൻ ആദ്യമായി ഒരു സിനിമ നടനെ കാണുന്നത്.
വർഷങ്ങൾ ക്ക് ശേഷം ഞാൻ സിനിമയിൽ വർക്ക് ചെയ്യാൻ വന്നെങ്കിലും ചേട്ടനോടൊപ്പം വർക്ക് ചെയ്തിരുന്നില്ല. പലപ്പോഴും കണ്ടിരുന്നു പല സെറ്റുകളിലും. പിന്നെ ഡയറക്ടർ ബൈജു കൊട്ടാരക്കരക്കൊപ്പവും.
ഞാൻ ആദ്യംകണ്ട സിനിമാനടനും എന്റെ ജീവിതത്തിലെ ആദ്യസമ്മാനം തന്ന വ്യക്തിയും മരിച്ചപ്പോൾ കൂടെ അവിടെ ഉണ്ടായിരുന്നു എന്നത് ഒരു നിമിത്തം പോലെ തോന്നി.
ഇക്കാര്യങ്ങൾ ഈ അടുത്തകാലത്ത് തൃശൂർ പൂരത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ വെച്ച് മല്ലിക ചേച്ചിയോട് സംസാരിക്കുകയുണ്ടായി.
ആ കൈകൾക്ക് വലിയ രാശി ഉണ്ടെന്ന് എനിക്ക് പിന്നെ മനസിലാക്കാൻ സാധിച്ചു എന്നതാണ് സത്യം.
ഞാൻ സിനിമയിൽ വരുകയും കാലങ്ങൾക്ക് ശേഷം ഒരു സിനിമ നിർമ്മിക്കാൻ വേണ്ടി ഇറങ്ങിയപ്പോൾ ചെന്നു നിന്നതും നായകൻ പൃഥ്വിരാജ് സുകുമാരനിൽ ആയിരുന്നു.
അങ്ങനെ സെവൻത്ത് ഡേ എന്ന സിനിമ യാഥാർഥ്യമായി.
സുകുമാരൻ ചേട്ടൻ തന്ന ആദ്യസമ്മാനത്തിന്റെ രാശി. രാഷട്രപതിയിൽ നിന്ന് ദേശീയഅവാർഡ് വരെ വാങ്ങാൻ എനിക്ക് യോഗം ഉണ്ടായി.
.സുകുമാരൻ ചേട്ടന്റെ ഓർമ്മദിവസത്തിൽ ഞാൻ ഓർമ്മപ്പൂക്കൾ അർപ്പിക്കുന്നു.’
അച്ഛനെ എന്നെന്നും മിസ് ചെയ്യുമെന്ന് പൃഥ്വിയും ഇന്ദ്രനും
ഈ ഓർമദിനത്തിൽ അച്ഛനെ ഓർക്കുകയാണ് മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും. അച്ഛനെ എന്നെന്നും മിസ് ചെയ്യുമെന്നാണ് സുകുമാരന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ഇരുവരും കുറിച്ചിരിക്കുന്നത്.
സുപ്രിയയും പൂർണിമയും സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ പങ്കുവച്ചിട്ടുണ്ട്. മുകളിലിരുന്ന് തങ്ങളെ വീക്ഷിക്കുന്നതിന് നന്ദികുറിച്ചിരിക്കുകയാണ് പൂർണിമ. പൃഥ്വിയിലുള്ള അച്ഛന്റെ സാമ്യമാണ് സുപ്രിയയുടെ പോസ്റ്റിന്റെ ഉള്ളടക്കം.
അച്ഛാ, കൂടെ ജീവിക്കുന്ന മനുഷ്യനിൽ ഞാനെപ്പോഴും നിങ്ങളുടെ ഒരംശം കാണുന്നുണ്ട്. അവർ എന്നോട് പറയാറുണ്ട്, അദ്ദേഹത്തെ കാണാൻ അച്ഛനെ പോലെയാണ്, സ്വഭാവം അച്ഛന്റേതാണ്. അച്ഛന്റെ ‘പ്രസിദ്ധമായ’ ദേഷ്യം പോലും അതുപോലെ കിട്ടിയിട്ടുണ്ട് എന്ന്. ആ സമാനതകളെല്ലാം അല്ലിക്കും എനിക്കും നേരിൽ കണ്ടറിയാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ എന്തുമാത്രം ആഗ്രഹിക്കുന്നുണ്ടെന്നോ…






