Home Breaking News സ്ത്രീ അവളുടെ ആയുധത്തിന്റെ മൂർച്ച കൂട്ടാൻ നഗ്നതയുടെ വസ്ത്രം തുന്നേണ്ടിയിരിക്കുന്നു…

സ്ത്രീ അവളുടെ ആയുധത്തിന്റെ മൂർച്ച കൂട്ടാൻ നഗ്നതയുടെ വസ്ത്രം തുന്നേണ്ടിയിരിക്കുന്നു…

3
0

ബോഡി പെയ്ന്റിംഗ് അശ്ലീലമോ? സദാചാരവാദികൾ അറിയുക, കാണുന്നവന്റെ കണ്ണിലാണ് അശ്ലീലം…. സ്‌പെഷ്യൽ സ്റ്റോറി…

തന്റെ നഗ്‌നശരീരത്തിൽ സ്വന്തം കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസ്സെടുത്തിരിക്കുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വിവാദമായതിന് പിന്നാലെയാണ് ഐടി ആക്ട് പ്രകാരം കേസെടുത്തത്.
സ്ത്രീശരീരത്തെക്കുറിച്ചുള്ള കപട സദാചാര ബോധത്തിനും ലൈംഗികത സംബന്ധിച്ചുള്ള മിഥ്യാധാരണകൾക്കുമെതിരെ എന്ന മുഖവുരയോടെയാണ് രഹന ഫാത്തിമ യൂട്യൂബ് ചാനലിലൂടെ ഈ വീഡിയോ പുറത്തുവിട്ടത്. ‘ബോഡി ആർട്‌സ് ആൻഡ് പൊളിറ്റിക്‌സ്’ എന്ന തലക്കെട്ടാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്നത്.
കടുത്ത ലൈംഗിക നിരാശ അനുഭവിക്കുന്ന സമൂഹത്തിൽ കേവലം വസ്ത്രങ്ങൾക്കുള്ളിൽ സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുകയും വേണം. അത് വീട്ടിൽ നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയൂ- രഹന പറയുന്നു.
ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ് നിലവിൽ. ആധുനിക കാലഘട്ടത്തിൽ ഡിജിറ്റൽ മിഴിവേകുന്ന സ്ത്രീ നഗ്നചിത്രങ്ങൾ കാഴ്ചക്കാരന് നൽകുന്നത് അമിതപ്രതീക്ഷയുടെ വിസ്ഫോടനങ്ങൾ മാത്രമാണ്. പോൺ മാഗസിനുകളും സൈറ്റുകളും സ്ത്രീശരീരത്തെകുറിച്ചും സ്ത്രീയുടെ ലൈംഗികതയെകുറിച്ചും കളവു പറഞ്ഞു പഠിപ്പിക്കുമ്പോൾ നമ്മുടെ മക്കൾ ആദ്യം കാണുന്ന നഗ്നതയും ആദ്യമായി കണ്ടറിയുന്ന ലൈംഗികതയും ഇതേ കളവുതന്നെയാകും. യഥാർഥത്തിൽ സാധ്യമാകാത്തവിധം എല്ലാം തികഞ്ഞ വെണ്ണക്കല്ലിൽ കൊത്തിയ പോലെയുള്ള സ്ത്രീ ശരീരങ്ങളാകും അവരുടെ മനസിലും പ്രതീക്ഷകളിലും. തൂങ്ങിയ മുലകളും ഇറങ്ങിയ വയറും തടിച്ച തുടകളുമൊന്നും ഭാവിയിൽ അവരുടെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തിയെന്നുവരില്ല.
അമിത പ്രതീക്ഷകളോടെ തന്നെ സമീപിക്കുന്ന പുരുഷനെ ഒരു സ്ത്രീക്ക് എത്രത്തോളം ഉൾകൊള്ളുവാൻ കഴിയും? നാളെ അവരുടെ പങ്കാളികൾ ശരീരം കൂടുതൽ വടിവൊത്തതും സെക്സിയും ആകാത്തതിൽ വിഷമിക്കുമ്പോൾ വേണ്ട അതിങ്ങനെതന്നെയിരുന്നാൽ മതി, ഈ സാധാരണതയാണ് അതിന്റെ സൗന്ദര്യം എന്ന് പറയാൻ കഴിയണമെങ്കിൽ അവർ യഥാർഥ സ്ത്രീശരീരങ്ങൾ കണ്ടുതന്നെ വളരേണ്ടിയിരിക്കുന്നു. അവർ ചെറുപ്പമായിരിക്കുമ്പോൾ തന്നെ ഈ വിത്തുകൾ പാകേണ്ടതുണ്ട്.
സ്വന്തം അമ്മയുടെ നഗ്നതയും ശരീരവും കണ്ടുവളർന്ന ഒരു കുട്ടിക്കും സ്ത്രീശരീരത്തെ അപമാനിക്കാനാവില്ല. അതുകൊണ്ടുതന്നെ സ്ത്രീ ശരീരത്തെക്കുറിച്ചും ലൈംഗികതയെകുറിച്ചുമുള്ള തെറ്റായ ബോധത്തിനെതിരെയുള്ള വാക്സിനുകൾ വീടുകളിൽ നിന്നുതന്നെയാണ് എടുത്തു തുടങ്ങേണ്ടത്.
നിലവിലെ കുടുംബ സാഹചര്യങ്ങൾക്കുള്ളിൽ ലൈംഗികതയുമായോ നഗ്നതയുമായോ ബന്ധപ്പെട്ട തുറന്നുപറച്ചിലിനുള്ള ഇടം ലഭിക്കുന്നില്ല. വിദ്യാലയങ്ങളിൽ ചെന്നാലോ ആണെന്നും പെണ്ണെന്നും തരംതിരിച്ച് തൊട്ടുകൂടായ്മയുടെ വേലികെട്ടുകൾ തീർക്കുന്നു. അവിടെ നിന്നു തന്നെയാണ് സ്ത്രീശരീരത്തോടുള്ള ഭയവും തുടങ്ങുന്നത്.
നേർവഴിക്ക് പ്രണയവും ലൈംഗികതയും അനുഭവിക്കാനുള്ള സാഹചര്യങ്ങൾ ഇല്ലാതാവുമ്പോഴാണ് അത് ക്രിമിനൽ സ്വഭാവം കൈകൊള്ളുന്നതും സാമൂഹിക വിപത്തായി മാറുന്നതും. നഗ്നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനുള്ള ഉത്തരം സ്ത്രീയുടെ നഗ്നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്. മൂടിപ്പുതച്ചു നടത്തിയിട്ടും ഓരോനിമിഷവും സ്ത്രീശരീരങ്ങൾ ആക്രമണങ്ങൾക്ക് ഇരയാക്കപ്പെടുകയാണ്.
പിഞ്ചു കുഞ്ഞുങ്ങളും വൃദ്ധകളും മുതൽ മൃഗങ്ങൾ വരെ ഇത്തരം അതിക്രമങ്ങൾക്ക് ഇരയാക്കപ്പെടുമ്പോൾ സ്ത്രീശരീരം തന്നെയാണ് അതിനെ പ്രതിരോധിക്കനുള്ള ആയുധം. സെക്ഷ്വലി ഫ്രസ്ട്രേറ്റഡ് ആയ സമൂഹത്തിൽ കേവലം തുണിയുടെ വസ്ത്രങ്ങൾക്കുള്ളിൽ സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുകയും വേണം. സ്ത്രീ അവളുടെ ആയുധത്തിന്റെ മൂർച്ച കൂട്ടാൻ നഗ്നതയുടെ വസ്ത്രം തുന്നേണ്ടിയിരിക്കുന്നു. രഹന പറയുന്നു.
പുരുഷശരീരത്തെ അപേക്ഷിച്ച് സ്ത്രീശരീരവും അവളുടെ നഗ്നതയും കേവലം 55 കിലോ മാംസം നിറച്ച ലൈംഗികത മാത്രമാകുന്നത് ഈ സമൂഹം നൽകുന്ന തെറ്റായ ലൈംഗിക വിദ്യാഭ്യാസത്തിൽ നിന്നാണ്. ലെഗ്ഗിൻസ് ഇട്ട കാലുകൾ കാണുമ്പോൾ ഉദ്ധാരണം സംഭവിക്കുകയും അതേസമയം, നെഞ്ചിലെ രോമവും കാട്ടി അർദ്ധനഗ്നനായി കാലുകളും കാണിച്ച് മുണ്ടുകുത്തിയുടുത്ത് നിൽക്കുന്ന പുരുഷനെ കാണുമ്പോൾ ഇറക്ഷൻ തോന്നാത്ത രീതിയിൽ സ്ത്രീശരീരത്തെ വ്യത്യസ്ഥമായി സമീപിക്കുവാൻ പ്രേരിപ്പിക്കുന്നത് നിലവിൽ സമൂഹത്തിൽ നല്കപ്പെടുന്ന തെറ്റായ ലൈംഗിക ബോധമാണ്. കാണുന്നവന്റെ കണ്ണിലാണു സൗന്ദര്യം എന്നതുപോലെതന്നെ കാണുന്നവന്റെ കണ്ണിൽ തന്നെയാണ് അശ്ലീലവും. ഒരു മനശാസ്ത്രജന്റെ അടുക്കൽ പോയാലും, രഹ്നഫാത്തിമയുടെ ഈ വാദം തന്നെയാണ് അംഗീകരിക്കപ്പെടുക. അതല്ലാതെ കപട സദാചാരവാദികളുടെ ഉറഞ്ഞുതുളളലുകളല്ല…

 

 

LEAVE A REPLY

Please enter your comment!
Please enter your name here