Home National മണൽ മാഫിയയ്ക്കെതിരായി വാർത്ത നൽകിയ മാധ്യമപ്രവർത്തകനെ ട്രക്ക് കയറ്റി കൊന്നു

മണൽ മാഫിയയ്ക്കെതിരായി വാർത്ത നൽകിയ മാധ്യമപ്രവർത്തകനെ ട്രക്ക് കയറ്റി കൊന്നു

2
0

ഭോപ്പാൽ∙ മണൽ മാഫിയയ്ക്കെതിരായി ഒളിക്യാമറ റിപ്പോർട്ടുകളിലൂടെ ശ്രദ്ധേയനായ മാധ്യമപ്രവർത്തകനെ ട്രക്ക് കയറ്റി കൊന്നു. മധ്യപ്രദേശിലെ ചമ്പൽ മേഖലയിലാണു സംഭവം. ഭിണ്ഡ് നഗരത്തിലെ പ്രാദേശിക മണൽ മാഫിയയും പൊലീസും തമ്മിലുള്ള ഒത്തുകളി ഒളിക്യാമറ ഓപ്പറേഷനുകളിലൂടെ പുറത്തുകൊണ്ടുവന്ന സന്ദീപ് ശർമയാണു (35) കൊല്ലപ്പെട്ടത്. സന്ദീപിനെ ട്രക്കിടിച്ചു വീഴ്ത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സന്ദീപിനെ ഇടിച്ചശേഷം ട്രക്കുമായി ഡ്രൈവർ കടന്നുകളഞ്ഞു. സന്ദീപ് തൽക്ഷണം മരിച്ചു.

മണൽ മാഫിയയ്ക്കെതിരെ വാർത്ത കൊടുത്തതിന്റെ പേരിൽ സന്ദീപ് ശർമയുടെ ജീവനു ഭീഷണിയുണ്ടായിരുന്നതായി പറയുന്നു. തുടർന്ന്, ജീവനു ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം പൊലീസിനു കത്തും നൽകിയിരുന്നു. സന്ദീപിനെ കുറെനേരം ട്രക്ക് പിന്തുടരുന്നതും ഇടിച്ചിടുന്നതും തുടർന്നു ദേഹത്തുകൂടി വാഹനം കയറിപ്പോകുന്നതും സമീപത്തെ സിസിടിവി ക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങളിൽ കാണാം.

സംഭവം വിവാദമായതോടെ കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാൻ രംഗത്തെത്തി. മാധ്യമപ്രവർത്തകരുടെ സുരക്ഷയ്ക്കാണു സർക്കാർ പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഉന്നതതല അന്വേഷണത്തിലൂടെ കുറ്റക്കാരെ കണ്ടെത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.

സന്ദീപ് ശർമയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിനും മധ്യപ്രദേശ് സർക്കാർ രൂപം നൽകി. ഒരു പ്രമുഖ ദേശീയ വാർത്താ ചാനലിൽ ജോലി ചെയ്തിരുന്ന സന്ദീപ് ശർമ, ഏതാനും മാസങ്ങൾക്കു മുൻപാണു മണൽ മാഫിയയും പൊലീസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്തുകൊണ്ടുവന്നത്

LEAVE A REPLY

Please enter your comment!
Please enter your name here