മുംബൈ: 23 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ബോളിവുഡ് താരം അമിതാഭ് ബച്ചനെ മുംബൈയിലെ നാനാവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ജൂലൈ 11 നാണ് കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് 77 കാരനായ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് മകൻ അഭിഷേക് ബച്ചനും കോവിഡ് പോസിറ്റീവായി അതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഏറ്റവും പുതിയ പരിശോധനയോൾ കോവിഡ് നെഗറ്റീവായതിനെ തുടർന്നാണ് താരത്തെ ഡിസ്ചാർജ് ചെയ്തത്. ഇനി അദ്ദേഹം വീട്ടിൽ വിശ്രമത്തിലായിരിക്കുമെന്നും അഭിഷേക് ബച്ചൻ ട്വീറ്റ് ചെയ്തു.
അഭിഷേകിന്റെ ഭാര്യ ഐശ്വര്യാ റായിക്കും കോവിഡ് പോസിറ്റീവാകുകയും വീട്ടിൽ ഐസൊലേഷനിൽ ആകുകയും ചെയ്തിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം ഐശ്വര്യയെ ആശുപത്രിയിലേക്ക് മാറ്റി ജൂലൈ 27 ന് ഡിസ്ചാർജ് ചെയ്തു. അമിതാഭ് ബച്ചന്റെ ഭാര്യ ജയ ബച്ചന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു.
അഭിഷേക് ബച്ചൻ ഇപ്പോഴും ആശുപത്രിയിലാണ്.
അമിതാഭിനും അഭിഷേകിനും കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് മുംബൈയിലെ കുടുംബ വസതിയായ ജൽസ ബൃഹൻ മുംബൈ കോർപ്പറേഷൻ സീൽ ചെയ്തിരുന്നു. തുടർന്ന് വസതിയിലെ 30 ജീവനക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തു. പിന്നീട് ജൂലൈ 26 നാണ് വസതി വീണ്ടും തുറന്ന് കൊടുത്തത്.








