What does the future look like for CPM in Kerala?

പത്തനംതിട്ട: ജില്ലാ സമ്മേളനം കഴിഞ്ഞതോടെ സിപിഎമ്മില്‍ വിവാദവും അലയടിച്ചുയരുന്നു.ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിന്റെ തട്ടകമായ അടൂരില്‍ തന്നെ ജില്ലാ സമ്മേളനം നടത്താന്‍ പദ്ധതിയിട്ടത് എതിര്‍പ്പും വിമര്‍ശനങ്ങളും ഉയരുന്നത് തടയുന്നതിന് വേണ്ടിയായിരുന്നു. കഴിഞ്ഞ രണ്ടു തവണ ജില്ലാ സെക്രട്ടറിയായിരുന്ന ഉദയഭാനു തന്റെ സ്വന്തം ഗ്രൂപ്പുകാര്‍ക്ക് ആശ്രിത വത്സലന്‍ ആവുകയായിരുന്നു. അടൂര്‍ ഏരിയാ സെക്രട്ടറി മനോജ്, തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാന്‍സിസ് വി ആന്റണി എന്നിവരടക്കം തനിക്ക് പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി എന്തു വിട്ടു വീഴ്ചയ്ക്കും തയാറായ ഉദയഭാനു ഇവര്‍ക്ക് എതിരായി ഉയര്‍ന്ന സ്വരങ്ങള്‍ അടിച്ചമര്‍ത്താന്‍ തുനിഞ്ഞിറങ്ങി.ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തില്‍ ആരോപണമുന്നയിച്ചവര്‍ക്ക് ഉദയഭാനു മറുപടി നല്‍കിയത് പേരെടുത്ത് പറഞ്ഞ് താക്കീതിന്റെ സ്വരത്തിലായിരുന്നു. തന്റെ അപ്രമാദിത്വവും തന്റെ കൂടെ നില്‍ക്കുന്നവരുടെ സുരക്ഷയും ഉറപ്പു വരുത്താന്‍ ജില്ലാ സെക്രട്ടറി പരമാവധി ശ്രമിച്ചു. സംസ്ഥാന കമ്മറ്റിയംഗം ആര്‍. ഉണ്ണികൃഷ്ണപിള്ള, ജില്ലാ സെക്രട്ടറിയേറ്റംഗം ആര്‍. സനല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള എതിര്‍ ലോബിക്കെതിരേ ശക്തമായ താക്കീത് തന്നെയാണ് ഉദയഭാനു പക്ഷം നല്‍കിയത്. കോടിയേരി കൂടി ഇവര്‍ക്കൊപ്പം നിന്നതോടെ എതിര്‍പ്പുമായി വന്നവരുടെ ശബ്ദം പുറത്തേക്ക് വന്നില്ല. അടിച്ചമര്‍ത്തി വച്ചിരുന്ന എതിര്‍പ്പുകള്‍ മുഴുവന്‍ ജില്ലാ സമ്മേളനം കഴിഞ്ഞതോടെ പുറത്തേക്ക് വന്നിരിക്കുകയാണ്.അടൂര്‍ വോളിബോള്‍ മോഡല്‍ പിരിവ് തുടരുന്നു സിപിഎം അടൂര്‍ ഏരിയാ കമ്മറ്റി നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കമ്മറ്റി സംഘടിപ്പിച്ച വോളിബോള്‍ ടൂര്‍ണമെന്റ് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. വ്യാജരേഖ ചമച്ച് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ ഡിവൈഎഫ്ഐ നേതാവ് ജയസൂര്യ പ്രകാശ് മുഖ്യനടത്തിപ്പുകാരിയായിട്ടാണ് വോളിബോള്‍ ടൂര്‍ണമെന്റ് അരങ്ങേറിയത്. ടൂര്‍ണമെന്റ് കഴിഞ്ഞിട്ടും ഇതിന്റെ പേരില്‍ വലിയ പിരിവ് അടൂരില്‍ സിപിഎമ്മിന്റെ ചില നേതാക്കള്‍ നടത്തി.ഇങ്ങനെ കിട്ടിയ പണം അവര്‍ പോക്കറ്റിലാക്കിയെന്നും ആരോപണം ഉയര്‍ന്നു. ഇതേ രീതിയില്‍ ഇപ്പോള്‍ ജില്ലാ സമ്മേളന ശേഷവും പിരിവ് നടക്കുന്നുവെന്നതാണ് പാര്‍ട്ടിക്കുള്ളില്‍ വിവാദമായിരിക്കുന്ന വിഷയം. അടൂര്‍ ഏരിയാ കമ്മറ്റി നാലു ലക്ഷം, കൊടുമണ്‍ ഏരിയാ കമ്മറ്റി രണ്ടു ലക്ഷം, പന്തളം ഒന്നര ലക്ഷം എന്നിങ്ങനെ സമ്മേളനത്തിനായി പിരിച്ചിരുന്നു. ഇതിന് പുറമേയാണ് ഇപ്പോഴും ഈ ഏരിയാ കമ്മറ്റികള്‍ക്ക് കീഴില്‍ പിരിവ് നടക്കുന്നതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യപ്പെടുന്നുമുണ്ട്.കോണ്‍ഗ്രസ് മോഡല്‍ ബന്ധു നിയമനം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിലും കോണ്‍ഗ്രസ് മോഡല്‍ ബന്ധു നിയമനം സിപിഎം ജില്ലാ സെക്രട്ടറിയേറ്റിലുമുണ്ടായി. പ്രായപരിധി തടസമായതിനാല്‍ പ്രഫ. ടികെജി നായര്‍ക്ക് ജില്ലാ സെക്രട്ടറിയേറ്റില്‍ സ്ഥാനം നഷ്ടമായിരുന്നു. പകരം ആ ആ സ്ഥാനത്തേക്ക് വന്നത് റാന്നിയില്‍ നിന്നുള്ള പിആര്‍ പ്രസാദ് ആണ്. ഇതാദ്യമായി സെക്രട്ടറിയേറ്റില്‍ വനിതാ പ്രാതിനിധ്യം വന്നപ്പോള്‍ അതിലേക്ക് ടികെജിയുടെ ഭാര്യ നിര്‍മലാ ദേവി എത്തി.പ്രക്കാനം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ് നിര്‍മലാ ദേവി. കേരളാ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനം വഹിക്കുന്നതിനാല്‍ രാഷ്ട്രീയ പദവിയില്‍ നിന്ന് നിര്‍മല മാറി നില്‍ക്കേണ്ടതാണ്. എന്നാല്‍, ടികെജി മാറിയ ഒഴിവിലേക്ക് ഇവരെ കൊണ്ടു വരികയാണ് ചെയ്തത്. സിപിഎമ്മിന്റെ രക്തസാക്ഷിയായ വള്ളിയാനി അനിരുദ്ധന്റെ ഭാര്യ കോമളം അനിരുദ്ധനാകും ജില്ലാ സെക്രട്ടറിയേറ്റ് അംഗമാവുക എന്ന് എല്ലാവരും കരുതിയിരുന്നത്.പക്ഷേ, ഇവിടെ യോഗ്യതയുണ്ടായിട്ടും കോമളം വെട്ടിനിരത്തപ്പെട്ടു. പത്തനംതിട്ട സഹകരണ ആശുപത്രി ചെയര്‍മാന്‍ കൂടിയായ ടികെജി നായര്‍ക്കെതിരേ നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുകയാണ്. ആശുപത്രിയുടെ പ്രാരംഭ പ്രവര്‍ത്തനം, സ്ഥലം വാങ്ങിയത്, മണ്ണിട്ടു നികത്തിയത് എന്നിങ്ങനെ നിരവധി ആരോപണങ്ങള്‍ക്ക് ടികെജി മറുപടി പറയേണ്ടതായുണ്ട്. സെക്രട്ടറിയേറ്റില്‍ പിന്‍സീറ്റ് ഡ്രൈവിങ് നടത്തുന്നതിന് വേണ്ടിയാണ് ടികെജി ഭാര്യയെ കൊണ്ടു വന്നത് എന്നാണ് ആരോപണം.ജില്ലാ സെക്രട്ടറിയേറ്റോ? എന്‍എസ്എസ് കരയോഗമോ? കഴിഞ്ഞ തവണ ജില്ലാ സമ്മേളനം സമാപിച്ചപ്പോള്‍ ജില്ലാ സെക്രട്ടറിയേറ്റിലെത്തിയവരുടെ പേര് കണ്ട് ഒരു സിപിഎം നേതാവ് ഫേസ്ബുക്കില്‍ ചോദിച്ചതാണ്-ഇതെന്താ എന്‍എസ്എസ് കരയോഗമോ? ഇക്കുറിയും ഇതേ ചോദ്യം ഉയരുകയാണ്. 10 അംഗ ജില്ലാ സെക്രട്ടറിയേറ്റില്‍ ഏഴു പേര്‍ എന്‍എസ്എസ് സമുദായാംഗങ്ങളാണ്. രണ്ടു പേര്‍ ഈഴവര്‍. ക്രിസ്ത്യന്‍ പ്രാതിനിധ്യമായി രാജു ഏബ്രഹാം മാത്രമുണ്ട്.ന്യുനപക്ഷ-ദളിത് പ്രേമം പ്രസംഗിക്കുന്ന പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയേറ്റില്‍ ഒരു ദളിതനോ മുസ്ലീമിനോ ഇടം ലഭിച്ചിട്ടില്ല എന്നതും ചൂണ്ടിക്കാണിക്കപ്പെട്ടുന്നു. മല്ലപ്പള്ളിയില്‍ നിന്നുള്ള സിഎന്‍ കുഞ്ഞമ്ബായി, മുന്‍ എംഎല്‍എ പികെ കുമാരന്‍ എന്നിവര്‍ ദീര്‍ഘകാലം പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായിരുന്നു. ഇവര്‍ക്ക് ശേഷം ഒരു ദളിത് പ്രാതിനിധ്യം ഇതുവരെ ജില്ലാ സെക്രട്ടറിയേറ്റില്‍ ഉണ്ടായിട്ടില്ല. പാര്‍ട്ടിക്ക് വേണ്ടി കൊടിപിടിക്കാനും രക്തസാക്ഷിത്വം വരിക്കാനും നടക്കുന്ന ദളിത് സമുദായത്തെ വെട്ടിനിരത്തി സവര്‍ണ മേല്‍ക്കോയ്മ കൊണ്ടു വന്നതില്‍ അണികളില്‍ പ്രതിഷേധമുണ്ട്.വീണാ ജോര്‍ജിനെതിരേ വീണ്‍വാക്ക് പറയരുത് ലോക്കല്‍-ഏരിയാ സമ്മേളനങ്ങളില്‍ ഏറ്റവുമധികം വിമര്‍ശനം നേരിടേണ്ടി വന്നത് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് ആയിരുന്നു. പത്തനംതിട്ട, കോന്നി, തുടങ്ങി ജില്ലാ ആസ്ഥാനത്തോട് ചേര്‍ന്നുള്ള ഏരിയാ കമ്മറ്റികളിലും ലോക്കല്‍ കമ്മറ്റികളിലും മന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെതിരേ അതത് സമ്മേളനങ്ങളില്‍ തന്നെ ജില്ലാ സെക്രട്ടറി താക്കീത് നല്‍കിയിരുന്നുവെങ്കിലും വിമര്‍ശനം തുടര്‍ന്നു.മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ത്തി നല്‍കുന്നവര്‍ക്ക് എതിരേ രൂക്ഷ വിമര്‍ശനമാണ് ജില്ലാ സെക്രട്ടറി ഉയര്‍ത്തിയത്. വീണയെ സംരക്ഷിച്ചു കൊണ്ടായിരുന്നു ഉദയഭാനുവിന്റെ മറുപടികള്‍. ജില്ലാ സമ്മേളന വേദിയില്‍ വീണാ ജോര്‍ജ് വിമര്‍ശിക്കപ്പെടുമെന്ന കാര്യം തീര്‍ച്ചയായിരുന്നു. തനിക്കെതിരേ വരുന്ന വിമര്‍ശനങ്ങളിലും മാധ്യമ വാര്‍ത്തകളിലും എപ്പോഴും അസഹിഷ്ണുത പുലര്‍ത്തുന്ന വീണ മുഖ്യമന്ത്രിയോട് അടക്കം പരാതി ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജില്ലാ സെക്രട്ടറിക്ക് കര്‍ശനമായ താക്കീതും നല്‍കി.വീണയ്‌ക്കെതിരേ പരസ്യ വിമര്‍ശനം ഉന്നയിക്കുന്നവര്‍ പാര്‍ട്ടിക്ക് വെളിയില്‍ പോകേണ്ടി വരുമെന്ന സൂചനയും വന്നു. ഇതോടെ പത്തനംതിട്ട ലോബി പത്തിമടക്കി. വീണയ്‌ക്കെതിരേ എന്തു പരാതിയുണ്ടെങ്കിലും ജില്ലാ കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യാനായിരുന്നു നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായിട്ടു കൂടിയാണ് ജില്ലാ കമ്മറ്റിയിലേക്ക് വീണയെയും ഉള്‍പ്പെടുത്തിയത് എന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…