മേപ്പാടി : ‘എല്ലാ ദിവസവും ജനകീയ ഹോട്ടലില്‍ നിന്നാണ് ഭക്ഷണം കഴിക്കുന്നത്. 20 രൂപയ്ക്ക് ഇത്രയും നല്ല ഭക്ഷണം വേറെ എവിടെ കിട്ടാനാണ് ‘. മേപ്പാടിയില്‍ ഡിടിപി വര്‍ക്ക് ചെയ്യുന്ന അജീഷിന്റെ ഈ വാക്കുകള്‍ തന്നെയാണ് മേപ്പാടി ജനകീയ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നവരുടെ എല്ലാവരുടെയും അഭിപ്രായം. മേപ്പാടിയിലെ ജനകീയ ഹോട്ടല്‍ ജനകീയമായത് 20 രൂപയ്ക്ക് ഭക്ഷണം നല്‍കുന്നതുകൊണ്ട് മാത്രമല്ല , രുചിയുള്ള ഭക്ഷണം കഴിച്ചതിന്റെ സംതൃപ്തിയും സന്തോഷവും കൊണ്ടാണ്. മേപ്പാടിയിലെത്തിയാല്‍ കുറഞ്ഞ ചെലവില്‍ നല്ല ഊണും കഴിച്ച് വയറും മനസ്സും നിറഞ്ഞ് ഹോട്ടലില്‍നിന്ന് പുറത്തിറങ്ങാം.
സാമ്പാര്‍, മീന്‍കറി, ഉപ്പേരി അല്ലെങ്കില്‍ കൂട്ടുകറി, അച്ചാര്‍ എന്നിവയാണ് ചോറിന് കൂടെ ലഭിക്കുക. ഊണിന് പുറമേ തേങ്ങാച്ചോറും ചിക്കന്‍, ബീഫ് ബിരിയാണിയും ഹോട്ടലില്‍ ലഭ്യമാകും. ഏഴ് കുടുംബങ്ങള്‍ക്ക് കരുത്താകുന്നതും ഈ ഹോട്ടലാണ്. ദിവസവും 200 മുതല്‍ 300 വരെ ഭക്ഷണം നല്‍കുന്നുണ്ട്. 50 മുതല്‍ 70 വരെ പാഴ്‌സലായും ഭക്ഷണം നല്‍കുന്നു. ഹോട്ടല്‍ തുടങ്ങിയത് മുതല്‍ മേപ്പാടി ടൗണിലെ ഭിന്നശേഷിക്കാരനായ മധ്യവയസ്‌കനും, ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലേക്ക് വരുന്ന നിര്‍ധനരായവര്‍ക്കും സൗജന്യഭക്ഷണം നല്‍കുന്നുണ്ട്. മേപ്പാടി പോളിടെക്‌നിക് കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ആശ്വാസകരമാണ് ജനകീയ ഹോട്ടല്‍. ഉച്ചയൂണിന് പുറമേ വിദ്യാര്‍ഥികള്‍ക്ക് രാത്രിയിലും 20 രൂപക്ക് ഭക്ഷണം നല്‍കുന്നുണ്ട്.രാവിലെയും ഭക്ഷണം നല്‍കുന്നുണ്ട്. ടൗണിലെ വണ്ടിക്കാര്‍, കടകളിലെ തൊഴിലാളികള്‍ എന്നിവര്‍ക്കും വലിയ ആശ്വാസമാണ് ജനകീയ ഹോട്ടല്‍. ജില്ലയില്‍ തന്നെ ടൂറിസ്റ്റുകള്‍ കൂടുതലെത്തുന്ന മേപ്പാടിയില്‍ ഹോട്ടല്‍ അന്വേഷിച്ചു കണ്ടെത്തി ഭക്ഷണം കഴിക്കുന്നവരും ഏറെ. ഡിവൈഎഫ്‌ഐക്ക് ആവശ്യമായ പൊതിച്ചോറും നല്‍കുന്നത് ഇവിടെ നിന്നാണ്. വെള്ളിയാഴ്ചകളിലാണ് കൂടുതല്‍ തിരക്ക്. രണ്ടു വര്‍ഷം തികയാനിരിക്കുന്ന ഹോട്ടലില്‍ സ്ഥിരമായി വന്നു ഭക്ഷണം കഴിക്കുന്നവരും ഏറെ. വലിയ ഓര്‍ഡറുകളും എടുക്കുന്നുണ്ട്.”ജനങ്ങള്‍ സന്തുഷ്ടരാണ്, ഞങ്ങളും സന്തുഷ്ടരാണ്, കാശ് കുറവുള്ളതിന്റെ പേരില്‍ ആരും വിശന്നിരിക്കുന്നില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പിച്ചുപറയാനാകും”–ജനകീയ ഹോട്ടലിന്റെ നടത്തിപ്പുകാരില്‍ ഒരാളായ കനകലത പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…