തിരുവനന്തപുരം: ശാസ്ത്രവും മിത്തും സംബന്ധിച്ച് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ നടത്തിയ പ്രസ്താവന വര്‍ഗീയവത്കരിക്കാനുള്ള ശ്രമം സമുദായത്തിന്റെ പേരിലായാലും രാഷ്ട്രീയത്തിന്റെ പേരിലായാലും നടത്തുന്നത് ശരിയല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മിത്ത് മിത്തായും ചരിത്രം ചരിത്രമായും ശാസ്ത്രം ശാസ്ത്രമായും കാണുന്നതാണ് ശരിയായ കാഴ്ചപ്പാടെന്നും എം.വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഗണപതി മിത്ത് ആണെന്ന നിലപാടാണോ സിപിഎമ്മുള്ളത് എന്ന ചോദ്യത്തോട് ‘ഗണപതി മിത്ത് അല്ലാതെ പിന്നെ ശാസ്ത്രമാണോ’ എന്നും എംവി ഗോവിന്ദന്‍ പ്രതികരിച്ചു. മിത്തിനെ മിത്തായി തന്നെ കാണണം. പരശുരാമന്‍ മഴു എറിഞ്ഞ് ഉണ്ടാക്കിയതാണ് കേരളം എന്നത് മിത്താണോ അതോ ശാസ്ത്രമാണോ എന്നും എംവി ഗോവിന്ദന്‍ ചോദിച്ചു. അതേസമയം, വിശ്വാസികളുടെ എല്ലാ വിശ്വാസവും മിത്ത് ആണെന്ന നിലപാട് സിപിഎമ്മിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.വിശ്വാസികളുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന ഒരുനിലപാടും സിപിഎം സ്വീകരിക്കില്ല. ഇക്കാര്യത്തില്‍ സിപിഎം യാതൊരു പ്രകോപനവും ഉണ്ടാക്കുന്നില്ല. വിശ്വാസികള്‍ക്ക് പ്രകോപനത്തിന്റെ കാര്യമില്ല. അവര്‍ ശരിയായ രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തോളുമെന്നും വിശ്വാസികള്‍ ഏറ്റവും കൂടുതലുള്ളത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലാണെന്നും ഗോവിന്ദന്‍ പറഞ്ഞു.വിശ്വാസികള്‍ വിശ്വാസപ്രമാണം അടിസ്ഥാനപ്പെടുത്തി കാണുന്നതെല്ലാം അവര്‍ കൃത്യമായി അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ അതിനോട് വ്യത്യസ്ത നിലപാടുള്ള ആളുകള്‍ ലോകത്തുണ്ട്. അവര്‍ അവരുടെയതായ നിലപാടുകളും അവതരിപ്പിക്കുന്നു. എന്നാല്‍, അങ്ങനെ അവതരിപ്പിക്കാനേ അവകാശമില്ല എന്ന് പറയുന്നതാണ് ജനാധിപത്യപരമല്ലാത്ത നിലപാടെന്നും അദ്ദേഹം പറഞ്ഞു.എന്‍എസ്എസിന്റെ നാമജപ ഘോഷയാത്രയ്ക്ക് ബദലായി ഒന്നും ചെയ്യാന്‍ സിപിഎം ഉദ്ദേശിക്കുന്നില്ലെന്നും ഇതുസംബന്ധിച്ച വിവാദത്തില്‍ ആരുമായും ആശയവിനിമയം നടത്താന്‍ തയ്യാറാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…