ചെന്നൈ: ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്. ഉച്ചയ്ക്ക് രണ്ടിനാണ് കളി തുടങ്ങുക. നവംബര്‍ 19ന് വിശ്വവിജയികളുടെ കിരീടം ഉയര്‍ത്താമെന്ന പ്രതീക്ഷകളുടെ ഭാരവുമായാണ് രോഹിത് ശര്‍മ്മയും സംഘവും ചെപ്പോക്കിലെ കളിത്തട്ടിലേക്കിറങ്ങുന്നത്. ആദ്യപോരില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ആറാംകിരീടം ലക്ഷ്യമിടുന്ന ഓസ്‌ട്രേലിയ. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ കളിക്കുന്നതിന്റെ ആത്മ വിശ്വാസത്തിനൊപ്പം ഐസിസി ഏകദിന റാങ്കിംഗിലെ ഒന്നാം റാങ്കിന്റെ തിളക്കവുമുണ്ട് ഇന്ത്യക്ക്. ഇന്നത്തെ മത്സരത്തില്‍ ഗില്ലിന്റെ അഭാവം തിരിച്ചടിയായേക്കും. ഗില്‍ കളിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഒരുപക്ഷേ ഗില്‍ പുറത്തായാല്‍ ഇഷാന്‍ കിഷന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്‌തേക്കും. ഇന്ത്യയുടെ നാലാം നമ്ബര്‍ തലവേദനയായി തുടരുകയാണ്. ശ്രേയസ് അയ്യരും സൂര്യകുമാര്‍ യാദവുമാണ് നാലാം നമ്ബറില്‍ ഇന്ത്യയുടെ ഓപ്ഷനുകള്‍. ബൗളിംഗില്‍ മൂന്ന് സ്പിന്നര്‍മാര്‍ക്ക് അവസരം നല്‍കിയേക്കും. എങ്കില്‍ മുഹമ്മദ് ഷമിക്ക് ആദ്യ മത്സരത്തില്‍ പുറത്ത് ഇരിക്കേണ്ടി വരും. ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ പരിക്ക് മാറി എത്തിയ ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയ. മാര്‍ക്കസ് സ്റ്റോയിനിസിന്റെ പരിക്ക് മാത്രമാണ് ആശങ്ക.ചെന്നൈയിലെ ചെപ്പോക്കില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ മൂന്ന് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇതില്‍ ടീം ഇന്ത്യ ഒരു മത്സരവും ഓസ്‌ട്രേലിയ രണ്ട് മത്സരങ്ങളും ജയിച്ചു. ചെപ്പോക്കില്‍ ഇരുവരും തമ്മില്‍ ഒരു ഏകദിന മത്സരം മാത്രമാണ് നടന്നിട്ടുള്ളത്. 1987 ലോകകപ്പില്‍ കളിച്ച ഈ മത്സരത്തില്‍ ഓസ്ട്രേലിയ ഒരു റണ്ണിന് വിജയിച്ചു. ഏകദിനത്തില്‍ ഇരു ടീമുകളും 149 തവണ മുഖാമുഖം വന്നിട്ടുണ്ട്. ഇതില്‍ 56 മത്സരങ്ങളില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ ഓസ്‌ട്രേലിയ 83 മത്സരങ്ങള്‍ ജയിച്ചു. 10 മത്സരങ്ങളില്‍ ഫലമുണ്ടായില്ല. ഇന്ത്യയില്‍ 70 തവണയാണ് ഇരു ടീമുകളും മുഖാമുഖം വന്നത്. 32 ല്‍ ഇന്ത്യയും 33 മത്സരങ്ങളില്‍ ഓസ്ട്രേലിയയും വിജയിച്ചു. 2019 ലോകകപ്പിന് ശേഷം ഇന്ത്യയും ഓസ്ട്രേലിയയും ഏകദിനത്തില്‍ 12 തവണ മുഖാമുഖം വന്നിട്ടുണ്ട്. ഇരുവരും ആറ് മത്സരങ്ങള്‍ വീതം വിജയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ടി20 റാങ്കിംഗില്‍ സൂര്യകുമാറിനെ പിന്തള്ളി ട്രാവിസ് ഹെഡ്

ഐസിസി ടി20 റാങ്കിംഗില്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിനെ പിന്തള്ളി ഓസ്ട്രേലിയയുടെ ഓപ്പണിംഗ്…