Home Breaking News ബിജെപി ഫുള്‍ കോണ്‍ഫിഡന്‍സില്‍; മോദി 3.0 ആഘോഷമാക്കും

ബിജെപി ഫുള്‍ കോണ്‍ഫിഡന്‍സില്‍; മോദി 3.0 ആഘോഷമാക്കും

6
0

ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പുറത്തുവരുന്നതിന് മുമ്പ് തന്നെ അടുത്ത സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനായുള്ള ഒരുക്കങ്ങള്‍ രാഷ്ട്രപതി ഭവനില്‍ ആരംഭിച്ചു. ചൊവ്വാഴ്ച വോട്ടെണ്ണലിന് മുന്നോടിയായി, രാഷ്ട്രപതി ഭവനില്‍ പ്രധാനമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിനായി എത്തുന്ന വേദി അലങ്കരിക്കുന്നതിന് ആവശ്യമായ സസ്യങ്ങളും പൂക്കളും വിതരണം ചെയ്യുന്നതിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. 21.97 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ടെന്‍ഡര്‍ തിങ്കളാഴ്ച തുറക്കും. കരാര്‍ പൂര്‍ത്തിയാക്കാന്‍ കരാറുകാരന് അഞ്ച് ദിവസത്തെ സമയമുണ്ട്.
സത്യപ്രതിജ്ഞച്ചടങ്ങിനുള്ള ഒരുക്കങ്ങള്‍ കഴിഞ്ഞ ആഴ്ച മുതല്‍ ആരംഭിച്ചെന്നാണ് രാഷ്ട്രപതി ഭവനിലുള്ള ഉദ്യോഗസ്ഥര്‍ പറയുന്നത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് ചടങ്ങിന്റെ മേല്‍നോട്ടം വഹിക്കുന്നത്. അതിനിടെ, രാജ്യത്തുടനീളമുള്ള പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന എംപിമാരുടെ യാത്ര, വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ ട്രാന്‍സിറ്റ് പോയിന്റുകളിലെ വരവ്, താമസ സൗകര്യം എന്നിവ സുഗമമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ലോക്‌സഭാ സെക്രട്ടേറിയറ്റ് നടത്തുന്നുണ്ട്.അടുത്ത സര്‍ക്കാര്‍ അധികാരത്തിലേറുന്ന ചടങ്ങ് ആഘോഷമാക്കാന്‍ തന്നെയാണ് ബിജെപിയുടെ തീരുമാനം. ഔദ്യോഗിക സത്യപ്രതിജ്ഞ നടക്കുന്ന അതേ ദിവസം തന്നെ ഭാരത് മണ്ഡപത്തിലോ കര്‍ത്തവ്യ പാതയിലോ ബിജെപിയുടെ രാഷ്ട്രീയ പരിപാടി നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മൂന്നാം വിജയം ചരിത്ര സംഭവമാക്കി മാറ്റാനാണ് ബിജെപി പദ്ധതിയിട്ടിരിക്കുന്നത്. ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറയുന്നതനുസരിച്ച്, സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷമുള്ള ആഘോഷ/സാംസ്‌കാരിക പരിപാടികള്‍ എന്താണെന്ന് ഇതുവരെ അന്തിമമാക്കിയിട്ടില്ല. സത്യപ്രതിജ്ഞ ചടങ്ങ് ജൂണ്‍ 9 ന് നടക്കുമെന്നാണ് വിവരം.അതേസമയം, രാജ്യത്ത് മൂന്നാമതും മോദി തരംഗമെന്ന് വ്യക്തമായ സൂചനകള്‍ നല്‍കിക്കൊണ്ടാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നും എന്നാല്‍, സീറ്റുകള്‍ തൂത്തുവാരുന്നത് യുഡിഎഫ് ആയിരിക്കുമെന്നും പ്രവചനമുണ്ട്. നാനൂറിലേറെ സീറ്റുകള്‍ ലക്ഷ്യംവച്ച ബിജെപി മുന്നൂറ്റി അന്‍പതിലേറെ സീറ്റുകള്‍ നേടി തുടര്‍ച്ചയായ മൂന്നാം വട്ടവും അധികാരത്തിലെത്തുമെന്നാണ് മിക്ക സര്‍വേ ഫലങ്ങളിലും പറയുന്നത്.അതേസമയം കോണ്‍ഗ്രസിന് 2019ല്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ കിട്ടുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നു. പശ്ചിമ ബംഗാളില്‍ സിപിഎം കോണ്‍ഗ്രസ് സഖ്യത്തിന് ഒരു സീറ്റുപോലും കിട്ടില്ല. തൃണമൂലിനെ പിന്നിലാക്കി ബിജെപിയായിരിക്കും അവിടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന് മൂന്നു സര്‍വെകളില്‍ പറയുന്നു. കര്‍ണാടക, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഡല്‍ഹി, മദ്ധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളാകും എന്‍ഡിഎ വിജയത്തിന്റെ അടിത്തറ. യുപിയും എന്‍ഡിഎയ്ക്ക് അനുകൂലമാണ്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആംആദ്മി പാര്‍ട്ടി സഖ്യത്തെ മറികടന്ന് ബിജെപി ഏഴു സീറ്റും നിലനിറുത്തുമെന്നും പ്രവചനമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here