ആലുവ: ആലുവ തുരുത്തുമ്മൽ ശ്രീ വീരഭദ്രകാളി മഹാദേവ ക്ഷേത്രത്തിലെ അവിട്ട ദർശന മഹോത്സവം 15മുതൽ 19 വരെ. 19ന് ഉച്ചയ്ക്ക് 12നാണ് ആയിരക്കണക്കിന് ഭക്തർ പങ്കെടുക്കുന്ന ചരിത്ര പ്രസിദ്ധമായ അവിട്ട ദർശനം. തുടർന്ന് അവിട്ട സദ്യയും നടക്കും.
ക്ഷേത്രം തന്ത്രി വേഴപ്പറമ്പ് ദാമോദരൻ നമ്പൂതിരി, മേൽശാന്തി ചിറ്റാറ്റുപുറം നാരായണൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. അവിട്ട ദർശനത്തോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായിട്ടുള്ളത്. ഭക്തർക്ക് വെയിൽ ഏൽക്കാതെ ക്യു നിൽക്കുന്നതിനായി ക്ഷേത്ര വളപ്പിൽ പന്തൽ തയ്യാറാക്കിയിട്ടുണ്ട്. ഇതിന് പുറമെ ക്ഷേത്രത്തിന് മുൻ വശം റോഡിൽ 800 മീറ്റർ നീളത്തിലും പന്തലുണ്ട്. 19ന് ആലുവ കെ.എസ്.ആർ.ടി.സി സ്റ്റാന്റിൽ നിന്നും ക്ഷേത്രത്തിലേക്ക് ദേശം, പുറയാർ വഴി സ്പെഷ്യൽ സർവീസുകളുണ്ടാകും. തുരുത്ത് എസ്.എൻ കവലയിൽ നിന്നും തോട്ടുമുഖം മഹിളാലയം കവലയിൽ നിന്നും ക്ഷേത്രത്തിലേക്ക് സൗജന്യ വാഹന സൗകര്യവുമുണ്ട്. പൊലീസ്, ഫയർഫോഴ്സ്, ആംബുലൻസ്, ആരോഗ്യം തുടങ്ങിയവയുടെ സേവനവും ഉണ്ടാകും. സൗജന്യ സംഭാരം, ചുക്കുവെള്ളം എന്നിവയും ലഭിക്കും. വാഹന പാർക്കിംഗിനും പ്രത്യേക സൗകര്യമുണ്ട്. അവിട്ട ദർശനത്തിന് ശേഷം ജാതിഭേദമന്യേ ആയിരങ്ങൾ പങ്കെടുക്കുന്ന താംബൂല സഹിത അവിട്ട സദ്യ നടക്കും.
അവിട്ട ദർശന മഹോൽസവത്തിന് തുടക്കം കുറിച്ച് ഞായറിച്ച വൈകിട്ട്
വിളംബര ശോഭയാത്ര നടക്കും. വൈകിട്ട് അഞ്ചിന് തോട്ടുമുഖം മഹിളാലയം കവലയിൽ നിന്നാരംഭിക്കും. അവിട്ടദർശന മഹോത്സവ കമ്മിറ്റി ചെയർമാൻ കെ.വി. പ്രദീപ് കുമാറും ക്ഷേത്രകമ്മിറ്റി രക്ഷാധികാരി പറയത്ത് മോഹൻദാസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. താളമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് ശോഭയാത്ര നടക്കുന്നത്.
- ഉത്സവത്തിന്റെ ഭാഗമായി തിങ്കൾ /രാത്രി ഏഴിന് നൃത്തകലാസന്ധ്യ, 8.30ന് ഗ്രാമോത്സവം, 16ന് രാത്രി 8.30ന് മാനസജപലഹരി, 17ന് രാത്രി 8.30ന് ബാലെ, 18ന് രാവിലെ ഒൻപത് മണിക്ക് ഇരുപത്തഞ്ച് കലശം, 19ന് രാവിലെ പത്തിന് ഭജനമാല, 12 മണിക്ക് അവിട്ടദർശനം, അവിട്ടസദ്യ, രാത്രി 7.30ന് കഥാപ്രസംഗം, രാത്രി 9ന് തായമ്പക, 11.30ന് താലപ്പൊലി, വെടിക്കെട്ട്, മുടിയേറ്റ് എന്നിവ നടക്കും. ജനൽ കൺവീനർ എം.ബി. സുദർശനകുമാർ, ഭാരവാഹികളായ ഒ.ബി. സുദർശനകുമാർ, രൂപേഷ് പൊയ്യാട്ട, സജീഷ് ആയില്യം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.










