
ദില്ലി: പാകിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതി തടഞ്ഞ് ഇന്ത്യ. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തില്‍ രാജ്യത്തിന്റെ സുരക്ഷയെ കൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പാകിസ്ഥാനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതും, പാകിസ്ഥാന്‍ വഴി ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും ഇന്ത്യ വഴി പാക് ഉല്‍പന്നങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടു പോകുന്നതും നിരോധിച്ചിട്ടുണ്ട്.
പുല്‍വാമ ആക്രമണത്തിന് ശേഷം പാകിസ്ഥാനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 200 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയ ഇന്ത്യ, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശത്രുരാജ്യത്തിന് കനത്ത പ്രഹരം നല്‍കിയിരുന്നു. പ്രധാനമായും പഴം, സിമന്റ്, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, ധാതുക്കള്‍ എന്നിവയാണ് പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നത്. 2024 ഏപ്രിലിനും 2025 ജനുവരിക്കും ഇടയില്‍ ഇന്ത്യയിലേക്ക് പാകിസ്ഥാനില്‍ നിന്ന് 4.2 ലക്ഷം ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് ഇറക്കുമതി ചെയ്തത്. ഇതേ കാലയളവില്‍ മുന്‍പ് 28.6 ലക്ഷം ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നു.
അതിനിടെ പാകിസ്ഥാന്‍ നേതൃത്വം ഇന്ത്യയ്‌ക്കെതിരെ ഭീഷണി മുഴക്കുന്നത് തുടരുകയാണ്. സിന്ധു നദീജലം തടഞ്ഞാല്‍ യുദ്ധമായി കണക്കാക്കുമെന്ന് പ്രതിരോധമന്ത്രി ക്വാജ ആസിഫ് ഇന്നും വ്യക്തമാക്കി. എന്നാല്‍ കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ച് ഇന്ത്യ തിരിച്ചടിക്കുകയാണ്. ഇന്ത്യ ആക്രമിക്കുമോ ഭീതിയിലുമാണ് പാകിസ്ഥാന്‍. പാക് കരസേന മേധാവി ആസിം മുനീര്‍ പാക് അധീന കശ്മീരിലെത്തി സൈനികരെ കണ്ടു. ആറു ദിവസത്തിനു ശേഷമാണ് മുനീറിന്റെ ഒരു ചിത്രം പുറത്തു വന്നത്. അതിര്‍ത്തിയിലെ മദ്രസകള്‍ പാകിസ്ഥാന്‍ അടച്ചു. മദ്രസകള്‍ എന്ന പേരില്‍ ചില ഭീകര പരിശീലന കേന്ദ്രങ്ങളും നടക്കുന്നതായുള്ള സൂചന ഇന്ത്യയ്ക്കുണ്ടായിരുന്നു.
പാകിസ്ഥാന് വന്‍ തിരിച്ചടി, എട്ടിന്റെ പണിയുമായി വിമാനക്കമ്പനികള്‍, നഷ്ടം കോടികള്‍
വീണ്ടും പാകിസ്ഥാന് പണി കൊടുത്ത് ഇന്ത്യ; സുപ്രധാന തീരുമാനം; വ്യോമ മേഖല അടച്ചു; പാക് വിമാനങ്ങള്‍ക്ക് പ്രവേശനമില്ല
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കടക്കം യുദ്ധമുണ്ടായാല്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗങ്ങളെക്കുറിച്ച് പാകിസ്ഥാന്‍ സേന പരിശീലനം നല്‍കി. ഗ്രാമവാസികള്‍ക്കായി ബങ്കറുകള്‍ തയ്യാറാക്കിയതിന്റെ ദൃശ്യങ്ങളും വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു. പാകിസ്ഥാനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്താന്‍ ഇന്ത്യ ശ്രമം തുടരുകയാണ്. ഭീകരവാദത്തിന് പണം നല്‍കുന്നതിന്റെ തെളിവുകള്‍ വന്ന സാഹചര്യത്തില്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്, എഫ്എടിഎഫ് നേരത്തെ പാകിസ്ഥാനെ മുന്നറിയിപ്പിനുള്ള ഗ്രേ പട്ടികയില്‍ പെടുത്തിയിരുന്നു. ചൈന ഇടപെട്ട് പിന്നീട് പാകിസ്ഥാനെ ഇതില്‍ നിന്ന് ഒഴിവാക്കി. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെടാനാണ് ഇന്ത്യയുടെ തീരുമാനം. യുദ്ധസാധ്യത ആശങ്ക ഉയര്‍ത്തുന്നതാണെന്നും ചര്‍ച്ചയിലൂടെ ഇരു രാജ്യങ്ങളുടെ പ്രശ്‌നം പരിഹരിക്കണമെന്നും ഇതിനിടെ യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു.








