കൊല്ലം: കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട് ജനകീയ സമരസമിതി നടത്തുന്ന സമരം ഇന്ന് നൂറാംദിനത്തിലേക്ക്. സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് 100പേര്‍ ഉപവാസം അനുഷ്ഠിക്കുകയാണ്. തുടര്‍സമരത്തിന്റെ കാര്യത്തിലും തീരുമാനമുണ്ടാവും. സമരം സംസ്ഥാനതലത്തിലേക്ക് മാറ്റാനാണ് സമിതിയുടെ നീക്കം.
പാരിസ്ഥിതിക ദുര്‍ബല മേഖലയായ ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് 2018 നവംബര്‍ ഒന്നിനാണ് ജനകീയ സമരസമിതി പ്രക്ഷോഭം തുടങ്ങിയത്.
സര്‍ക്കാരമായി നടത്തിയ സമവായ ചര്‍ച്ചകള്‍ ഫലം കാണാതായതോടെയാണ് പ്രക്ഷോഭം ശക്തമാക്കുന്നത്. 14 ജില്ലകളില്‍ നിന്നും സമരത്തിന് പിന്തുണയുമായെത്തുന്നവര്‍ ഖനനത്തിനെതിരേ പ്രതീകാത്മകമായി ആലപ്പാടിന്റെ തീരത്ത് ഒരോപിടി മണല്‍ നിക്ഷേപിക്കും.എന്‍ഡോസള്‍ഫാന്‍ സമരത്തിന് ശേഷം സാമൂഹ്യപ്രവര്‍ത്തകയായ ദയാബായി സമരത്തിന് പിന്തുണ അറിയിച്ച് ആലപ്പാടെത്തിയിരുന്നു.
സമരത്തിന്റെ നൂറ്റിയൊന്നാം ദിനം ആലപ്പാട് പഞ്ചായത്തിലെ മുഴുവനാളുകളും ഒരുദിവസം ഉപവാസമനുഷ്ഠിക്കുമെന്ന് സമരസമിതി വ്യക്തമാക്കി. ആലപ്പാട് സമരത്തോട് മുഖംതിരിച്ചുനില്‍ക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. ആലപ്പാട് ഖനനത്തെ അനുകൂലിച്ചും സമരത്തെ തള്ളിയും വ്യവസായമന്ത്രി ഇ.പി ജയരാജന്‍ കഴിഞ്ഞ ദിവസവും രംഗത്തെത്തി. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി നല്‍കവെയാണ് ആലപ്പാട് സമരത്തില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ മൂലമാണ് സമവായശ്രമം വിജയമാകാതിരുന്നതെന്ന് ജയരാജന്‍ ആരോപിച്ചിരുന്നു.
ആലപ്പാട് പ്രദേശവാസികളെ ഉപയോഗിച്ച് ചിലര്‍ കരിമണല്‍ കടത്തുകയാണ്. ഇത് തടഞ്ഞാല്‍ സമരം തീരും. സമരം സംസ്ഥാന താല്‍പര്യത്തിനെതിരാണ്. സീ വാഷിങ് മൂലമല്ല കരഭൂമി കുറയുന്നത്. ഖനനം മൂലം മല്‍സ്യസമ്പത്ത് കുറയുന്നുവെന്ന ആരോപണം ശരിയല്ലെന്നുമാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്.







