ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കിട്ടിയേക്കും. വിമാനത്താവളങ്ങളുടെ നടത്തിപ്പ് കൈമാറുന്നതിന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ സാമ്പത്തിക ലേലത്തില്‍ മുന്നില്‍ അദാനി ഗ്രൂപ്പ്. തിരുവനന്തപുരം അടക്കം അഞ്ച് വിമാനത്താവളങ്ങളുടെ ലേലമാണ് ഇന്ന് പരിഗണിച്ചാണത്. അഞ്ചിടത്തും അദാനി ഗ്രൂപ്പ് മുന്നിലെത്തി. സംസ്ഥാന സര്‍ക്കാറിന് കീഴിലെ കെഎസ്‌ഐഡിസിക്ക് തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ.
വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയില്‍ സ്വകാര്യ മേഖലയെ കൂടി പങ്കാളിയാക്കുന്ന കേന്ദ്രനയത്തിന്റെ ഭാഗമായാണ് ലേലം നടന്നത്. ലേലത്തില്‍ സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. റൈറ്റ് ഓഫ് റഫ്യൂസല്‍ എന്ന നിലക്ക് കേന്ദ്രം നല്‍കിയ ആനുകൂല്യവും ഗുണം ചെയ്യില്ല. തിരുവനന്തപുരത്ത് രണ്ടാമത് എത്തിയ കെഎസ്‌ഐഡിസിയെക്കാള്‍ വന്‍ തുകയാണ് ഒന്നാമതുള്ള അദാനി നിര്‍ദ്ദേശിച്ചതെന്നാണ് വിവരം. പത്ത് ശതമാനം മാത്രമാണ് കൂടുതലെങ്കില്‍ രണ്ടാമതുള്ള കെഎസ്‌ഐഡിസിക്ക് കരാര്‍ കിട്ടുന്ന രീതിയിലായിരുന്നു കേന്ദ്ര ഇളവ്. ഡല്‍ഹി, ഹൈദരാബാദ് വിമാനത്താവളങ്ങളുടെ നടത്തിപ്പുകാരായ ജി.എം.ആര്‍ മൂന്നാമതാണ്.
തിരുവനന്തപുരത്ത് മാത്രമല്ല മംഗലാപുരം, അഹമ്മദാബാദ്, ജയ്പൂര്‍,ലക്‌നൗ, മംഗലാപുരം എന്നിവടങ്ങളിലെ ലേലത്തിലും വന്‍ തുക നിര്‍ദ്ദേശിച്ച് അദാനി ഒന്നാമതാണ്. രേഖകളുടെ പരിശോധനക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ചയായിരിക്കും. വിഴിഞ്ഞം തുറമുഖ കരാര്‍ ലഭിച്ച അദാനിക്ക് വിമാനത്താവളത്തിന്റെ ചുമതല കൂടി കിട്ടുന്നത് ചരക്ക് നീക്കങ്ങള്‍ക്കടക്കം വലിയ നേട്ടമാകും.
ആര്‍ക്ക് നടത്തിപ്പ് കിട്ടിയാലും ശക്തമായ എതിര്‍പ്പ് നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് നേരത്തെ മുഖ്യമന്ത്രി നല്‍കിയിരുന്നു. എല്‍ഡിഎഫ് ശക്തമായ സമരത്തിലാണ്. എന്നാല്‍ സര്‍ക്കാര്‍ നിയമനടപടിക്ക് പോകാതിരുന്നതും തിരിച്ചടിയായി. ഗുവാഹത്തി വിമാനത്താവളത്തിന്റെ ലേല നടപടികള്‍ ചില സംഘടനകള്‍ അവിടുത്ത ഹൈക്കോടതിയെ സമീപിച്ചതിനാല്‍ സ്റ്റേ ചെയ്തിരുന്നു. തിരുവനന്തുപരത്തെ സ്വകാര്യ വല്‍ക്കരണത്തിനെതിരെ രണ്ട് യാത്രക്കാര്‍ നല്‍കിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.




