ന്യൂഡല്‍ഹി: അമേഠിയില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്കെതിരെയും കോണ്‍ഗ്രസിനെതിരെയും നടത്തിയ വിമര്‍ശനങ്ങള്‍ക്ക് രൂക്ഷ മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
അമേഠിയിലെ തോക്ക് ഫാക്ടറിക്ക് ഞാന്‍ 2010-ല്‍ തറക്കല്ലിട്ടതാണ്. വര്‍ഷങ്ങളായി അവിടെ ചെറുകിട ആയുധങ്ങള്‍ നിര്‍മിച്ച് വരികയാണ്. കഴിഞ്ഞ ദിവസം നിങ്ങള്‍ അമേഠിയില്‍ പോയി. നിങ്ങളുടെ കള്ളം പറയുന്ന ശീലം വീണ്ടും ആവര്‍ത്തിച്ചു. അക്കാര്യത്തില്‍ നിങ്ങള്‍ക്ക് ഒട്ടും ലജ്ജയില്ലെന്നും രാഹുല്‍ ട്വീറ്റിലൂടെ വ്യക്തമാക്കി.
രാഹുലിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ചായിരുന്നു അമേഠിയിലെ റാലിയില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ബി.ജെ.പി. നേതാക്കളുടെ പ്രസംഗം. വോട്ട് കിട്ടിക്കഴിഞ്ഞാല്‍ ജനത്തെ മറക്കുന്നവരാണ് ചില നേതാക്കളെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. അവര്‍ക്ക് ദരിദ്രര്‍ ദരിദ്രരായിത്തന്നെ തുടരുന്നതാണ് താത്പര്യം. എങ്കില്‍മാത്രമേ അവര്‍ക്ക് ‘ഗരീബീ ഹഠാവോ’ എന്ന് മുദ്രാവാക്യം വിളിക്കാനാകൂവെന്നും മോദി പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് രാഹുലിന്റെ ട്വീറ്റ്.
ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ കലാനിഷ്‌ക്കോവ് റൈഫിള്‍ ഫാക്ടറിയുടെ ഉദ്ഘാടനവും ഗൗരിഗഞ്ചില്‍ ഉരുക്കുനിര്‍മാണശാലയുടെ തറക്കല്ലിടലും കഴിഞ്ഞ ദിവസം മോദി നിര്‍വഹിച്ചിരുന്നു. പ്രശസ്തമായ എ.കെ-47 റൈഫിളുകളുടെ പിന്‍ഗാമിയായ എ.കെ. 203 തോക്കുകളാണ് ഈ ഫാക്ടറിയില്‍ നിര്‍മിക്കുന്നത്.
അമേഠിയുടെ വികസനത്തിന് സ്മൃതി ഇറാനിയുടെ ശ്രമങ്ങള്‍ വളരെയധികം സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും അവര്‍ ഈ മണ്ഡലത്തിനുവേണ്ടി കഠിനാധ്വാനം നടത്തിവരികയാണെന്നും മോദി പറഞ്ഞിരുന്നു. ഇത്തവണയും സമൃതിയെ അമേഠിയില്‍ മത്സരിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം.
റഷ്യ- ഇന്ത്യ സംയുക്ത സംരംഭമായി എകെ -203 റൈഫിളുകളുടെ നിര്‍മാണ യൂണിറ്റിനാണ് മോദി കല്ലിട്ടത്. നിര്‍ദിഷ്ട ഫാക്ടറിയില്‍ നിന്നുള്ള തോക്കുകള്‍ ‘മെയ്ഡ് ഇന്‍ അമേത്തി’ എന്നറിയപ്പെടുമെന്നു മോദി പറഞ്ഞിരുന്നു. ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷനെതിരെ പ്രധാനമന്ത്രി വിമര്‍ശവും ഉന്നയിച്ചിരുന്നു. 2007ല്‍ രാഹുല്‍ ഗാന്ധി ഈ ഫാക്ടറിക്ക് തറക്കല്ലിട്ടു. 2010 ല്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം തുടങ്ങുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, എന്ത് ആയുധം നിര്‍മിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്നും മോദി വിമര്‍ശിച്ചിരുന്നു.







