Kerala Pranamam

Railway | രാമക്ഷേത്രം: അയോധ്യയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ക്ക് സന്തോഷവാര്‍ത്ത; ജനുവരി 19 മുതല്‍ റെയില്‍വേ 1000 പ്രത്യേക ട്രെയിനുകള്‍ ഓടിക്കും

ന്യൂഡെല്‍ഹി: (KVARTHA) ജനുവരി 22ന് നടക്കുന്ന രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് അയോധ്യ ഒരുങ്ങിക്കഴിഞ്ഞു. ഇതിനിടെ ഭക്തര്‍ക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരത്തിലധികം പ്രത്യേക ട്രെയിനുകള്‍ ഓടിക്കാന്‍ ഇന്ത്യന്‍ റെയില്‍വേയും തീരുമാനിച്ചിട്ടുണ്ട്.ഈ ട്രെയിനുകളുടെ സര്‍വീസ് ജനുവരി 19 മുതല്‍ ആരംഭിക്കുകയും ഉദ്ഘാടനത്തിന് ശേഷം അടുത്ത 100 ദിവസത്തേക്ക് തുടരുകയും ചെയ്യും. തീര്‍ഥാടകര്‍ക്കായി ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, പൂനെ, കൊല്‍ക്കത്ത, നാഗ്പൂര്‍, ലഖ്നൗ, ജമ്മു എന്നിവയുള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ നിന്ന് അയോധ്യയിലേക്ക് പ്രത്യേക ട്രെയിനുകള്‍ ഓടുമെന്ന് ലൈവ് ഹിന്ദുസ്താന്‍ റിപ്പോര്‍ട്ട് ചെയ്തു.സ്പെഷ്യല്‍ ട്രെയിനുകള്‍ക്ക് പുറമെ റെയില്‍വേയുടെ കാറ്ററിംഗ്, ടിക്കറ്റിംഗ് വിഭാഗവും ഉദ്ഘാടനത്തിന്റെ ഈ 10-15 ദിവസങ്ങളില്‍ തീര്‍ഥാടകര്‍ക്ക് രാപ്പകല്‍ സേവനങ്ങള്‍ നല്‍കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ശേഷം ഭക്തരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി നിരവധി ഭക്ഷണശാലകള്‍ സ്ഥാപിക്കാനും അധികൃതര്‍ പദ്ധതിയിട്ടിട്ടുണ്ട്. അയോധ്യ റെയില്‍വേ സ്റ്റേഷനില്‍ 50,000 ത്തോളം ആളുകളുടെ പ്രതിദിന സഞ്ചാരം കൈകാര്യം ചെയ്യാന്‍ ഇപ്പോള്‍ കഴിയും. ജനുവരി 15-നകം ഇത് പൂര്‍ണമായും സജ്ജമാകും.ജനുവരി 22ന് ‘പ്രാണപ്രതിഷ്ഠ’ എന്ന വിഗ്രഹം പ്രതിഷ്ഠിക്കുന്ന ചടങ്ങ് നടക്കും. ശേഷം ഒരു ദിവസം കഴിഞ്ഞ് ജനുവരി 23 മുതല്‍ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറക്കും. ക്ഷേത്രവളപ്പില്‍ രാംലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളുടെ ഉത്തരവാദിത്തം രാം മന്ദിര്‍ ട്രസ്റ്റിനാണ്. ക്ഷേത്രപരിസരത്ത് പ്രവേശിക്കുന്ന ഭക്തര്‍ക്ക് 320 അടി ദൂരെ നിന്ന് രാംലല്ലയെ ദര്‍ശിക്കാന്‍ അവസരം ലഭിക്കും. ഒന്നര മുതല്‍ രണ്ടര ലക്ഷം വരെ ആളുകള്‍ ഒരു ദിവസം ശ്രീരാമനെ ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.