കണ്ണൂര്‍: പി വി അന്‍വറിനെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. അന്‍വര്‍ മുന്നണിയില്‍ വേണ്ടെന്ന് സതീശന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ടെന്ന് കെ സുധാകരന്‍ അഭിപ്രായപ്പെട്ടു. നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ അന്‍വര്‍ നിര്‍ണായക ശക്തിയാണ്. അന്‍വറിന്റെ കയ്യിലുള്ള വോട്ട് യുഡിഎഫിന് കിട്ടിയില്ലെങ്കില്‍ അത് തിരിച്ചടിയാകുമെന്നും ഇക്കാര്യം വി ഡി സതീശനുമായി സംസാരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
വ്യക്തിപരമായ അഭിപ്രായം അന്‍വര്‍ മുന്നണിക്കകത്ത് വേണമെന്നാണെന്ന് സുധാകരന്‍ പറഞ്ഞു. ആരും അന്‍വറിനെ ക്ഷണിച്ചിട്ടില്ല. അങ്ങോട്ട് ചെന്ന് പറഞ്ഞതല്ല. അദ്ദേഹം ഇങ്ങോട്ട് വന്നതാണ്. അഭിപ്രായ ഭിന്നത പരിഹരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഷൗക്കത്തിനെതിരായ കാര്യം പത്ര സമ്മേളനത്തില്‍ പറയേണ്ടതല്ല. ചര്‍ച്ച നടത്തി തീരുമാനിക്കേണ്ടതാണെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസമില്ല. അന്‍വര്‍ മുന്നണിയില്‍ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് മാത്രം തീരുമാനമെടുക്കേണ്ടതല്ല. മുസ്ലിം ലീഗിന് അന്‍വറിനെ കൊണ്ടുവരുന്നതില്‍ താല്‍പര്യമുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. അന്‍വറിനെതിരായ നേതാക്കളുടെ വികാരം സ്വാഭാവികമാണ്. മുന്നണിയില്‍ വന്നിട്ട് എതിരഭിപ്രായം പറയാന്‍ പറ്റില്ല. അന്‍വറിന്റെ വോട്ട് കിട്ടിയില്ലെങ്കില്‍ യുഡിഎഫിന് തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാവിയില്‍ യുഡിഎഫിന് അന്‍വര്‍ ബാധ്യതയാകുമെന്ന് തോന്നുന്നില്ല. ഘടകകക്ഷി ആക്കണം എന്നാണ് അന്‍വറിന്റെ ആവശ്യം. ഇത് പ്രതിപക്ഷ നേതാവ് ഒറ്റയ്ക്ക് തീരുമാനിക്കേണ്ടതല്ല. പാര്‍ട്ടിയുടെ നേതൃത്വം മൊത്തമായി എടുക്കേണ്ടതാണ്. പ്രതിപക്ഷ നേതാവിനെതിരെ അന്‍വര്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാകും. അങ്ങനെ പറയുന്നത് ശരിയല്ലെന്ന് അന്‍വറിനെ വിളിച്ച് ആവശ്യപ്പെടുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ഷൗക്കത്തിനെ അംഗീകരിക്കാന്‍ അന്‍വര്‍ തയ്യാറാവണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *