അടിമാലി: നേര്യമംഗലം വനമേഖലയില്‍ മുളകള്‍ കൂട്ടമായി പൂത്തുതുടങ്ങി. അപൂര്‍വമായ പൂക്കാലത്തിനാണ് നഗരംപാറ, വാളറ വനഭാഗങ്ങള്‍ സാക്ഷിയാകുന്നത്. ഗ്രിഗേറിയസ് ഫ്‌ളവറിംഗ് എന്നറിയപ്പെടുന്ന മുളയുടെ ആയുസില്‍ സംഭവിക്കുന്ന കൂട്ടമായുള്ള പൂക്കലാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളതെന്ന് നഗരംപാറ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജിജി സന്തോഷ് പറഞ്ഞു. 60 മുതല്‍ 130 വര്‍ഷത്തിനിടയില്‍ സംഭവിക്കുന്ന അപൂര്‍വ പ്രതിഭാസമാണ് മുളയുടെ പൂക്കാലം. അന്ത്യത്തില്‍ പുഷ്പിച്ച് ആയിരക്കണക്കിന് അരിമണികള്‍ അന്നമായും വിത്തായും നല്‍കിയാണ് ഭൂമിയില്‍നിന്ന് മുളങ്കാടുകള്‍ വിടചൊല്ലുന്നത്. മുളകള്‍ പൂത്താല്‍ പിന്നെ മുളന്തണ്ട് ഉണങ്ങിനശിക്കും. മുളയരി മുളച്ച് വീണ്ടും മുളങ്കാടുകള്‍ ഉണ്ടാകണമെങ്കില്‍ എട്ടുമുതല്‍ പത്തുവരെ വര്‍ഷമെടുക്കും. എന്നാല്‍, മുളയരി ധാരാളമായി ഉണ്ടാകുന്നതോടെ വനത്തില്‍ എലികളും കീടങ്ങളും പെരുകുകയും പക്ഷികള്‍ കൂട്ടമായെത്തി ഇവ ഭക്ഷിക്കുകയും ചെയ്യും. ഇതെല്ലാം അതിജീവിച്ചുണ്ടാകുന്ന മുളങ്കാടുകളെ കാട്ടാന അടക്കം വന്യമൃഗങ്ങള്‍ നശിപ്പിക്കാനും സാധ്യതയുണ്ട്.പുല്ല് വംശത്തിലെ ഏറ്റവും വലിയ ചെടിയായ മുള ബാംബുസ വള്‍ഗാരിസ് എന്ന ശാസ്ത്രനാമത്തിലാണ് അറിയപ്പെടുന്നത്. ഗ്രാമിനെ (പോയേസ) സസ്യ കുടുംബത്തില്‍ ഉള്‍പ്പെടുന്ന മുള പൂക്കുന്നതോടുകൂടി ഉണങ്ങി നശിക്കും. ഇതോടെ ഈ മേഖലയില്‍ മുളകളുടെ ലഭ്യതയും കുറയും. സസ്യഭുക്കുകളായ വന്യമൃഗങ്ങളുടെ ഭക്ഷ്യലഭ്യതയും കുറയും. കാട്ടുതീക്കും ഇത് കാരണമാണ്. മുളയരി പോഷകസമൃദ്ധമായ ഒരു വനവിഭവമാണെന്നു മാത്രമല്ല നെല്ലരികൊണ്ടുള്ള എല്ലാ പലഹാരങ്ങളും ഇതുകൊണ്ടും ഉണ്ടാക്കാം. മുളയരി കിലോക്ക് 400 രൂപ മുതല്‍ 600 രൂപവരെ വിലയുണ്ട്. മുളയരി പായസം സുപരിചിതമായ ഒരു വിഭവമാണ്. 1905ലെ ബംഗാള്‍ ക്ഷാമകാലത്ത് ആദിവാസികളില്‍ നിന്നാണ് നാട്ടുകാര്‍ മുളയരിയുടെ ഉപയോഗം മനസിലാക്കിയതെന്നാണ് ചരിത്രം. ഇവിടങ്ങളില്‍ മുളകള്‍ വീണ്ടും പുനര്‍ജനിക്കും എന്ന പ്രതീക്ഷയിലാണ് വനംവകുപ്പധികൃതര്‍.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…