ന്യൂഡല്‍ഹി: മണിപ്പുര്‍ വിഷയത്തില്‍ മോദിസര്‍ക്കാരിനെതിരേ ചോദ്യങ്ങളുന്നയിച്ച് പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം.അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായതാണെന്നും മണിപ്പുരിന്റെ നീതിക്ക് വേണ്ടിയാണ് പ്രമേയമെന്നും ഗൗരവ് ഗൊഗോയ് പറഞ്ഞു. സംഘര്‍ഷാവസ്ഥ തുടരുന്ന മണിപ്പുരിന് നീതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പ്രധാനമന്ത്രി മൗനം വെടിയുന്നതിനായി ഞങ്ങള്‍ക്ക് അവിശ്വാസ പ്രമേയം കൊണ്ടുവരേണ്ടി വന്നു. മൂന്ന് ചോദ്യങ്ങളാണ് ഉന്നയിക്കാനുള്ളത്: എന്തുകൊണ്ടാണ് അദ്ദേഹം മണിപ്പുര്‍ സന്ദര്‍ശിക്കാത്ത്. സംഘര്‍ഷം തുടരുന്ന സംസ്ഥാനത്തെക്കുറിച്ച് സംസാരിക്കാന്‍ എന്തുകൊണ്ട് 80 ദിവസമെടുത്തു. സംസാരിച്ചതാകട്ടെ വെറും 30 സെക്കന്‍ഡും. എന്തുകൊണ്ടാണ് മണിപ്പുര്‍ മുഖ്യമന്ത്രിയെ ഇതുവരെ പുറത്താക്കാത്തത്, ഗൗരവ് ഗൊഗോയ് ചോദിച്ചു.തന്റെ ഇരട്ട എഞ്ചിന്‍ സര്‍ക്കാരും മണിപ്പുരിലെ തന്റെ സര്‍ക്കാരും പരാജയപ്പെട്ടുവെന്ന് പ്രധാനമന്ത്രിക്ക് അംഗീകരിക്കേണ്ടിവരുമെന്ന് ഗൊഗോയ് പറഞ്ഞു. തുടര്‍ന്നാണ് സംസ്ഥാനത്ത് 150 പേര്‍ മരിച്ചതും 5000-ത്തോളം വീടുകള്‍ കത്തി നശിച്ചതും. ആറായിരത്തോളം ജനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. സമാധാനാന്തരീക്ഷം സൃഷ്ടിക്കേണ്ട സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കുന്ന നടപടികളാണ് സ്വീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.മണിപ്പുര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് ജൂലായ് 20-ന് പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ പ്രതിപക്ഷം പ്രക്ഷോഭത്തിലാണ്. ഇതിനേത്തുടര്‍ന്നാണ് സര്‍ക്കാരിനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരാനും പ്രധാനമന്ത്രിയേക്കൊണ്ട് മറുപടി പറയിപ്പിക്കാനുമുള്ള പ്രതിപക്ഷത്തിന്റെ നീക്കമുണ്ടായത്. നരേന്ദ്ര മോദി സര്‍ക്കാര്‍ നേരിടുന്ന രണ്ടാമത്തെ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കാണ് പാര്‍ലമെന്റില്‍ ഇന്ന് തുടക്കം കുറിച്ചത്. 2018-ലായിരുന്നു ആദ്യത്തേത്. 2018-ല്‍ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടി കൊണ്ടുവന്ന അവിശ്വാസ പ്രമേയം 126-നെതിരെ 325 വോട്ടുകള്‍ക്ക് മോദി സര്‍ക്കാര്‍ പരാജയപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…