കോഴികോട്: ബേപ്പൂരിന്റെ ഉരുപ്പെരുമയ്ക്ക് മാറ്റേകി ഒരു ഉരുകൂടി അറേബ്യയിലേക്ക് യാത്രയായി. ചാലിയം പട്ടര്‍മാട് തുരുത്തില്‍ പണി കഴിച്ച വലിയ ആഡംബര ഉരുവാണ് വെള്ളിയാഴ്ച നാലോടെ ബേപ്പൂര്‍ തുറമുഖത്തു നിന്നും ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലേക്ക് പുറപ്പെട്ടത്. കാലാവസ്ഥ അനുകൂലമായാല്‍ പത്തു ദിവസങ്ങള്‍ക്കകം ഈ ഭീമന്‍ ജലയാനം ദോഹ തുറമുഖത്ത് നങ്കൂരമിടും. തൂത്തുക്കുടി സ്വദേശി വി സ്റ്റാലിന്‍ പാണിപിച്ചൈ തിണ്ടലും (ക്യാപ്റ്റന്‍) മുടിയപ്പന്‍ ആന്റോ, സക്കറിയാസ് പോള്‍ , സ്റ്റാനിസ് റീബട്ട്, ജൂഡ്‌സ് സ്റ്റാന്‍ലി, മുടിയപ്പന്‍ അലങ്കാരം, ആന്റണി സാമി ബെനഡിറ്റ്, സ്റ്റാലിന്‍ ഇന്‍ഫന്റ് സജി എന്നിവര്‍ ക്രൂ അംഗങ്ങളുമായ ടീം ആണ് ഉരു ഖത്തറിലെത്തിക്കുന്നത്. ഉരു നിര്‍മാണ രംഗത്ത് നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പ്രശസ്തരായഹാജി പി ഐ അഹമ്മദ് കോയ കമ്പനി നിര്‍മിച്ച ‘സാം ബോക്ക് ‘ മാതൃകയിലുള്ള ഉരുവിന് 130 അടി നീളവും 27 അടി വീതിയും 12 അടി ഉയരവുമുണ്ട്. മൂന്നു വര്‍ഷം മുമ്പ് നിര്‍മാണമാരംഭിച്ച് കോവിഡ് പ്രതിസന്ധിയില്‍ പണി മുടങ്ങിയെങ്കിലും ഒന്നര വര്‍ഷത്തിനകം ഉരു നീറ്റിലിറക്കാനായി. ബേപ്പൂര്‍ വടക്കേപ്പാട് സുരേന്ദ്രന്‍ മോതിരിയുടെ നേതൃത്വത്തിലുള്ള തച്ചന്മാരുടെ പ്രത്യേക സംഘമാണ് നിര്‍മാണ ചുമതല വഹിച്ചത്.ബേപ്പൂര്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ കെ അശ്വിനി പ്രതാപ് , ക്യാപ്റ്റന് രേഖകള്‍ കൈമാറി യാത്രയയച്ചു. നിര്‍മാണ കമ്പനിയുടെ മുഖ്യ നടത്തിപ്പുകാരനായ പി ഒ ഹാഷിം, സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ ( ഇന്‍ ചാര്‍ജ് ) പി കെ ജിഷ, കസ്റ്റംസ് സൂപ്രണ്ട് പ്രകാശ്, പോര്‍ട്ട് വാര്‍ഫ് സൂപ്പര്‍വൈസര്‍ പി സൂസന്‍, എമിഗ്രേഷന്‍ വിഭാഗം എസിഐഒ പി കെ സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യാത്രയയപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…